തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ പതിമൂന്ന് പേർ മരിച്ചു.അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം 15-20 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളു എന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നി രക്ഷാ സേനയും ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. 150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതിൽ 90 പേർ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നത് എന്നുമാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.സ്ഫോടന വാർത്ത അങ്ങേയറ്റം ദാരുണവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
June 30, 2025 8:23 PM IST