2023 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ (Republic Day celebrations 2023) മുഖ്യ അതിഥിയായി കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത് ഈജിപ്റ്റിന്റെ പ്രസിഡന്റായ അബ്ദുല്‍ ഫത്താ അല്‍ സിസിയെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ക്ഷണം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും അടുത്ത് തന്നെ അബ്ദുള്‍ ഫത്താ അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊവിഡ് 19 രാജ്യത്ത് പിടിമുറുക്കിയ ശേഷം നടന്ന കഴിഞ്ഞ രണ്ട് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കും മുഖ്യതിഥിയെ ക്ഷണിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈജിപ്റ്റുമായി പ്രാചീന കാലം മുതലേ ഊഷ്മളമായ ബന്ധം ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായിരുന്നു ഈജിപ്റ്റ്. അതുകൊണ്ട് കൂടിയാണ് സിസിയ്ക്കുള്ള ക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്.
2021-22 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 7.26 ബില്യണ്‍, അഥവാ 75 ശതമാനം വര്‍ദ്ധനവ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഉണ്ടായെന്ന് ഈജിപ്റ്റിലെ ഇന്ത്യന്‍ എംബസി രേഖപ്പെടുത്തി.
ധാരാളം ഇന്ത്യന്‍ വംശജരും ഈജിപ്റ്റില്‍ ഇപ്പോള്‍ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. ഏകദേശം 3200 ഓളം ഇന്ത്യാക്കാരാണ് ഈജിപ്റ്റിലുള്ളത്. കെയ്റോ, അലക്സാണ്ട്രിയ, പോര്‍ട്ട് സെയ്ദ്, ഇസ്ലാമിയ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ വംശജര്‍ ധാരാളം ഉള്ളത്.
ഇതെല്ലാം ഈജിപ്റ്റ് എന്ന രാജ്യത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍ ഇതല്ല ഇന്ന് പറയാന്‍ പോകുന്നത്. അവിടുത്തെ പ്രസിഡന്റും 2023 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയുമായ അബ്ദുള്‍ ഫത്താ അല്സിസിയെക്കുറിച്ചാണ്.
ആരാണ് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി? എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് അദ്ദേഹത്തെപ്പറ്റി അറിയാം? നമുക്ക് നോക്കാം.
ജീവിതവും മിലിട്ടറി സേവനവും
ബിബിസി റിപ്പോര്‍ട്ട് പ്രകാരം അല്‍ സിസി ജനിച്ചത് 1954ല്‍ കെയ്റോയിലാണ്. 1977ല്‍ ഈജിപ്ഷ്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സൈനികസേവനത്തിന്റെ ഭാഗമായി നിരവധി ഉന്നത പദവികളിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. സൗദി അറേബ്യയിലെ മിലിട്ടറി അറ്റാച്ച്, ചീഫ് ഓഫ് സ്റ്റാഫ്, ഈജിപ്തിലെ നോര്‍ത്തേണ്‍ മിലിട്ടറി സോണിന്റെ കമാന്‍ഡര്‍, ഹൊസ്നി മുബാറക്കിന്റെ മിലിട്ടറി ഇന്റലിജന്‍സ് മേധാവി എന്നീ പദവികള്‍ അല്‍ സിസി വഹിച്ചിരുന്നു.
കെയ്റോയിലെ കുട്ടിക്കാലം മുതല്‍ അദ്ദേഹം എപ്പോഴും നിശബ്ദനായി കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിച്ചത്. അതുതന്നെ ഹോസ്നി മുബാറിക്കിനോടൊപ്പം മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായി പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം ആ സ്വഭാവം പിന്തുടര്ന്നു. എപ്പോഴും ഒരു ലോ പ്രൊഫൈല്‍ കാത്തുസൂക്ഷിക്കാന്‍ അല്‍ സിസി ശ്രദ്ധിച്ചു.
കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് കളിയ്ക്കാനും മറ്റും പോകാത്ത ഒരു പ്രകൃതമായിരുന്നു അല്‍ സിസിയുടേത്. അദ്ദേഹത്തിന്റെ ശ്രദ്ധ പൂര്‍ണ്ണമായും പഠനത്തിലായിരുന്നു. സ്കൂള്‍ വിട്ട് വന്നാല്‍ ഉടന്‍ പിതാവിന്റെ കടയില്‍ സഹായത്തിനായി അദ്ദേഹം എത്തിയിരുന്നുവെന്ന് അല്‍ സിസി അറിയുന്നവര്‍ പറയുന്നു.
രാഷ്ട്രീയ അധികാരത്തിലേക്ക് ഉയരുന്നു
ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് പൊതുരംഗത്തേക്കുള്ള അല്‍ സിസിയുടെ ആദ്യ ചുവടുവെപ്പ് 2011ലാണ്. ഹോസ്നി മുബാറക് അധികാരത്തില്‍ നിന്ന് പടിയിറങ്ങിയ ശേഷം സൈന്യത്തിന്റെ സുപ്രീം കൗണ്‍സിലില്‍ അദ്ദേഹം അംഗമായത് 2011ലാണ്. മുന്‍ ജനറല്‍ കൂടിയായ ഇദ്ദേഹം ഈജിപ്റ്റിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മോര്‍സിയെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ മോര്‍സി 2012ല്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ അധികനാള്‍ മോര്സിയ്ക്ക് അധികാരത്തില്‍ തുടരാനായില്ല. 2013ല്‍ അദ്ദേഹത്തെ താഴെയിറക്കിയത് അന്നത്തെ ഈജിപ്റ്റ് സൈന്യത്തിന്റെ തലവനായി അധികാരത്തിലെത്തിയ അബ്ദുള്‍ ഫത്താ അല്‍ സിസിയായിരുന്നു. സ്റ്റേറ്റ് ടെലിവിഷനിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തുവെന്നും മോര്‍സിയെ തങ്ങളുടെ കസ്റ്റഡിയിലാക്കിയെന്നും സിസി പറഞ്ഞു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 97 ശതമാനം വോട്ട് നേടി അല്‍സിസി അധികാരത്തിലെത്തുകയായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര ഭരണമായിരിക്കും താന്‍ കാഴ്ചവെയ്ക്കുകയെന്നാണ് അദ്ദേഹം സത്യപ്രതിജ്ഞാ വേളയില്‍ പറഞ്ഞത്. എന്നാല്‍ പാശ്ചാത്യ സഖ്യ കക്ഷികള്‍ വിയോജിപ്പുകള്‍ അടിച്ചമര്ത്തപ്പെടുമെന്നതില് ആശങ്കകുലരായി തന്നെ നിലയുറപ്പിച്ചു. അവരുടെ ധാരണകള്‍ ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു.
വിവാദങ്ങള്‍
ഈജിപ്റ്റിന്റെ സമ്പൂര്‍ണ്ണ അധികാരിയായി അല്‍ സിസി അധികാരത്തിലെത്തിയ ശേഷം മുസ്ലിം ബ്രദര്‍ഹുഡ് സേനയില്‍ നിന്നുമുള്ള അടിച്ചമര്‍ത്തലിന് രാജ്യം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 86 വര്‍ഷത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ മറക്കാനാകാത്ത സംഭവമായിരുന്നു ഇത്. നൂറുകണക്കിന് ആളുകള്‍ തെരുവുകളില്‍ പ്രതിഷേധത്തിനിടെ മരിച്ചുവീണു. ആയിരക്കണക്കിന് പേര് ജയിലിലായി. 2013 ഓഗസ്റ്റ് 14-ന് കെയ്റോയിലെ റബാ അല്‍ അദവിയയിലും അല്‍ നഹ്ദ സ്ക്വയറിലും 800-ലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. ഇതിന് കാരണമായി പറയുന്നത് പ്രതിഷേധക്കാര്‍ ഉള്ള സ്ക്വയര്‍ വളഞ്ഞ സുരക്ഷാ ഭടന്മാര് സ്ഥലം ഒഴിഞ്ഞ് നല്കാന് അവിടെക്കൂടിയവരോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും സ്ക്വയറിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന എല്ലാ പ്രവേശന കവാടവും, പുറത്തേക്കുള്ള വഴികളും അടച്ച് വെടിവെപ്പ് നടത്തി. ഇതാണ് മരണസംഖ്യ ഇത്രയധികം ഉയരാന്‍ കാരണം.
ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 817ലധികം പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഈ സംഖ്യ 1000 വരെയാകാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ആധുനിക ഈജിപ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലയായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ധാരാളം മതേതര പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടു. മുര്‍സിയുടെ പതനത്തെ പിന്തുണച്ച ഇവര്‍ എന്നാല്‍ പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്ന പുതിയ സര്‍ക്കാരിന്റെ നിയമപരിഷ്കാരത്തെ പിന്തുണിച്ചിരുന്നില്ല.
Also read: മംഗളൂരു സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സിലിനെതിരെ പ്രത്യേക അന്വേഷണം
രാജ്നാഥ് സിംഗിന്റെയും ജയ്ശങ്കറിന്റെയും ഈജിപ്റ്റ് സന്ദര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബ്ദുള്‍ ഫത്താ അല്‍ സിസിയും തമ്മില്‍ നല്ലൊരു സൗഹൃദബന്ധമുണ്ടെന്നായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിദേശ കാര്യ മന്ത്രിയായ എസ് ജയ്ശങ്കര് പറഞ്ഞത്.
കുറച്ചുകാലമായി അദ്ദേഹം ഈജിപ്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. കോവിഡ് സാഹചര്യം കാരണം യാത്ര മുടങ്ങുകയായിരുന്നു. പക്ഷെ ഈജിപ്റ്റ് സന്ദര്‍ശനം എന്നത് എപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുള്ള കാര്യമാണ്,’ ജയ്ശങ്കര് പറഞ്ഞു.
ഏറ്റവും ഒടുവിലായി ഈജിപ്റ്റ് സന്ദര്‍ശിച്ചത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ആയിരുന്നു. 2009ല്‍ ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം കെയ്റോയില്‍ എത്തിയത്.
ഇക്കഴിഞ്ഞ ദിവസം അല്‍ സിസിയുമായി വിദേശകാര്യ മന്ത്രി ജയ്ശങ്കര് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഊട്ടിയുറപ്പിക്കാനും വികസിപ്പിക്കാനുമുള്ള പദ്ധതികളെപ്പറ്റി അല്‍ സിസി വാചാലനായി എന്നും ജയ്ശങ്കര് പറഞ്ഞു. ഈജിപ്റ്റ് വിദേശകാര്യ മന്ത്രി ഷൗക്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘സ്വതന്ത്ര ചിന്താഗതിയുള്ള രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും ഈജിപ്തും ആഗോള തലത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. സമാധാനത്തിലൂടെയുള്ള പുരോഗതി, വികസനം എന്നിവയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
ജി20 കൂട്ടായ്മയുടെ അധ്യക്ഷ പദവിയിലേക്ക് ഈജിപ്റ്റ് എത്തുന്നതിനെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും കാലാവസ്ഥ ഉച്ചകോടിയായ കോപ് 27 ഈജിപ്റ്റില്‍ നടത്തിയതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈജിപ്റ്റിന്റെ വിദേശകാര്യമന്ത്രി ഷൗക്രിയുമായി ജയ്ശങ്കര് കൂടിക്കാഴ്ച നടത്തുകയും, ഉക്രെയ്ന് സംഘര്‍ഷം, ഇന്തോ-പസഫിക് എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ബലപ്പെടുത്തുന്നതിനെപ്പറ്റിയും കൂടുതല്‍ പ്രതിരോധശേഷിയുള്ള ആഗോള സമ്പദ്വ്യവസ്ഥ എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യുകയും ചെയ്തു.
ആഗോളതലത്തില്‍ വിവിധ വേദികളിലെ ഈജിപ്റ്റിന്റെ സാന്നിദ്ധ്യത്തെ ജയ്ശങ്കര് പ്രശംസിച്ചു. ജി.20, ഷാങ്ഹായി കോപ്പറേഷന്, ബ്രിക്സ് സമ്മേളനം എന്നിവയില്‍ സജീവ സാന്നിദ്ധ്യമായി ഈജിപ്റ്റ് മാറുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ സിസിയുമായി ഉഭയകക്ഷി ബന്ധത്തിലടിസ്ഥാപ്പെടുത്തിയുള്ള സൈനിക സഹകരണത്തെപ്പറ്റി ചര്‍ച്ച ചെയ്തതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. കൂടാതെ തീവ്രവാദത്തെ ചെറുക്കുന്നതിന് ഇരുരാജ്യങ്ങും നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും പരസ്പരം കൈമാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉഭയകക്ഷി- പ്രതിരോധ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും ഈജിപ്തും ഒപ്പുവെക്കുകയും സംയുക്ത അഭ്യാസങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമവായത്തിലെത്തുകയും ചെയ്തതായി രാജ്നാഥ് സിംഗ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.