• HOME
  • »
  • NEWS
  • »
  • india
  • »
  • 15 ഏക്കറിൽ 'പൂക്കളുടെ പറുദീസ'; മു​ഗൾ ​ഗാർഡൻ ഇനി മുതൽ 'അമൃത് ഉദ്യാൻ'

15 ഏക്കറിൽ 'പൂക്കളുടെ പറുദീസ'; മു​ഗൾ ​ഗാർഡൻ ഇനി മുതൽ 'അമൃത് ഉദ്യാൻ'

അനേക വർഷത്തെ ചരിത്രമുള്ള ഒരു കലാനിര്‍മ്മിതി കൂടിയാണ് ഇപ്പോഴത്തെ അമൃത് ഉദ്യാന്‍

  • Share this:

    ന്യൂഡല്‍ഹി: 15 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. അനേക വർഷത്തെ ചരിത്രമുള്ള ഒരു കലാനിര്‍മ്മിതി കൂടിയാണ് ഇപ്പോഴത്തെ അമൃത് ഉദ്യാന്‍. വിനോദസഞ്ചാരികളുടെ പറുദീസയായ മുഗള്‍ ഗാര്‍ഡനെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളാണ് താഴെ

    മുഗള്‍ ഗാര്‍ഡന്റെ ഉത്ഭവം

    ഭരിച്ച എല്ലായിടത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മുഗള്‍ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍. അവരുടെ കാലത്ത് നിര്‍മ്മിച്ച പൂന്തോട്ടങ്ങള്‍ എല്ലാക്കാലത്തും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. മധ്യകാലത്തെ ഇസ്ലാമിക രീതികള്‍ അനുസരിച്ചാണ് അവർ ഇത്തരം പൂന്തോട്ടങ്ങൾ നിർമിച്ചത്. ഭരണാധികാരികള്‍ക്ക് വിശ്രമിക്കാനും മറ്റുമായിരുന്നു ഇവ ഒരുക്കിയത്. പറുദീസയുടെ പ്രതീകമാണ് പൂന്തോട്ടങ്ങള്‍ എന്നാണ് മുഗള്‍ ഭരണാധികാരികള്‍ വിശ്വസിച്ചിരുന്നത്. ചാര്‍ബാഗ് കോണ്‍സെപ്റ്റിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

    Also Read- ‘വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തിനുശേഷം വാഗ്ദാനം പാലിക്കാത്തതിന് ബലാത്സംഗക്കുറ്റം ചുമത്താനാകില്ല’: സുപ്രീം കോടതി

    രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍

    1920കളിലാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കപ്പെട്ടത്. 1911ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്, ഡല്‍ഹിയില്‍ ഒരു വലിയ ദര്‍ബാര്‍ സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതും ഈ സമ്മേളനത്തില്‍ വെച്ചായിരുന്നു.

    ഹെര്‍ബര്‍ട്ട് ബേക്കറും ല്യൂട്ടന്‍സും ചേര്‍ന്ന് ഡല്‍ഹി നഗരത്തിന് പുതിയൊരു ഛായ തന്നെ തീര്‍ത്തു. വൈസ്രോയിയ്ക്കായി ഒരു വലിയ ഭവനവും തീര്‍ത്തു. ന്യൂഡല്‍ഹി എന്ന പേര് ഔദ്യോഗികമായി നിലവില്‍ വന്നത് 1926ലായിരുന്നു.

    1917കളിലാണ് എഡ്‌വിന്‍ ല്യുട്ടന്‍സ് വൈസ്രോയിയുടെ ഭവനത്തിലെ പൂന്തോട്ടങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചത്. 1928-29 കാലത്താണ് ഇവിടെ ചെടികള്‍ നട്ടുപിടിപ്പിച്ചത്. വില്യം മസ്‌തോ എന്ന ഹോര്‍ട്ടി കള്‍ച്ചര്‍ ഡയറക്ടറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.

    മുഗള്‍ ഗാര്‍ഡന്റെ സ്റ്റൈല്‍

    മുഗള്‍ ശൈലിയും ഇംഗ്ലീഷ് ശൈലിയും ചേര്‍ന്ന രീതിയാണ് മുഗള്‍ ഗാര്‍ഡനു വേണ്ടി ഡിസൈന്‍ ചെയ്തതെന്ന് എഡ്വിന്‍ ല്യൂട്ടന്‍സ് ഒരിക്കല്‍ പറഞ്ഞിരുന്നു. മുഗള്‍ കാലത്തെ കനാല്‍, ടെറസുകള്‍ എന്നിവയും അവയോടൊപ്പം ഇംഗ്ലീഷ് രീതിയായ പുല്‍ത്തകിടികള്‍, പൂമെത്തകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരുന്നു.

    അന്നത്തെ വൈസ്രോയിയായിരുന്ന ഹാര്‍ഡിഞ്ചിന്റെ പത്‌നി ലേഡി ഹാര്‍ഡിഞ്ചും ഈ പൂന്തോട്ടത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. വില്ലീസ് സ്റ്റുവേര്‍ഡ്ഡ് എഴുതിയ ഗാര്‍ഡന്‍സ് ഓഫ് മുഗള്‍സ് എന്ന പുസ്തകം ലേഡി ഹാര്‍ഡിഞ്ചിനെ ഏറെ സ്വാധീനിച്ചിരുന്നു. കൂടാതെ ലാഹോറിലേയും ശ്രീനഗറിലേയും മുഗള്‍ കാലത്ത് നിര്‍മ്മിച്ച പൂന്തോട്ടങ്ങളും അവരെ ആകര്‍ഷിച്ചു. ഈ രീതിയിലായിരിക്കണം ഡല്‍ഹിയിലും പൂന്തോട്ടം നിര്‍മ്മിക്കേണ്ടത് എന്നവര്‍ പറയുകയും ചെയ്തു.

    Also Read- ‘ഹിന്ദി രാഷ്ട്രവാദികള്‍ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേര് പഠിക്കൂ’; സർക്കാർ വെബ്സൈറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി ശശി തരൂർ

    മുഗള്‍ ഗാര്‍ഡന്റെ പ്രധാന സവിശേഷതകള്‍

    റോസാപ്പൂക്കളും ടുലിപ്, ഏഷ്യാറ്റിക് ലില്ലി, ഡാഫോഡില്‍സ്, ഹൈസിന്ത് എന്നിവയുടെ 150ല്‍ പരം ഇനങ്ങളും മുഗള്‍ ഗാര്‍ഡനില്‍ ഉണ്ട്. ശൈത്യകാലത്ത് മാത്രം പൂവിടുന്നവയും ഇവിടെയുണ്ട്. ഋതുക്കള്‍ക്ക് അനുസരിച്ച് പൂവിടുന്ന 70 ഇനം ചെടികളാണ് ഇവിടെയുള്ളത്. റോസാപ്പൂക്കളുടെ വ്യത്യസ്ത ഇനങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത. ഡൂബ് ഗ്രാസ് ആണ് പുല്‍ത്തകിടികളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്.

    മുഗള്‍ ഗാര്‍ഡനില്‍ ഏകദേശം 50 ഇനത്തില്‍ പെട്ട മരങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. നിലവില്‍ 300ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
    Also Read- രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡന്‍റെ പേര് മാറ്റി; ഇനി ‘അമൃത് ഉദ്യാൻ’

    റോസാപ്പൂക്കളുടെ പറുദീസ

    മുഗള്‍ ഗാര്‍ഡനിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് അവിടുത്തെ റോസാപ്പൂക്കള്‍. 159 ഇനത്തില്‍പ്പെട്ട റോസാപ്പൂക്കള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇവ പൂവിടുന്നത്. അഡോറ, മൃണാളിനി, താജ് മഹല്‍, ഈഫല്‍ ടവര്‍, മോഡേണ്‍ ആര്‍ട്ട്, ബ്ലാക്ക് ലേഡി, പാരഡൈസ്, ബ്ലു മൂണ്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന റോസ് ഇനങ്ങള്‍.

    ദേശീയ- അന്തര്‍ദേശീയ തലത്തിലെ പ്രശസ്തരുടെ പേരുകളുള്ള റോസാ ഇനങ്ങളും മുഗല്‍ ഗാര്‍ഡനിലുണ്ട്. മദര്‍ തെരേസ, രാജാ റാം മോഹന്‍ റോയ്, എബ്രഹാം ലിങ്കണ്‍, ജവഹര്‍ലാല്‍ നെഹ്‌റു, എലിസബത്ത് രാജ്ഞി എന്നിവരുടെ പേരുകളുള്ള റോസാപ്പൂക്കളും ഇവിടെയുണ്ട്.

    പൂക്കളുടെ പറുദീസ

    മുഗള്‍ ഗാര്‍ഡന്‍ യഥാര്‍ത്ഥത്തില്‍ ഒരു പറുദീസ തന്നെയാണെന്ന് എഡ്വിന്‍ ല്യൂട്ടെന്‍സിന്റെ പത്‌നി പറഞ്ഞിരുന്നു. ക്രിസ്റ്റഫര്‍ ഹ്യൂസെയുടെ ദി ലൈഫ് ഓഫ് സര്‍ എഡ്വിന്‍ ല്യൂട്ടെന്‍സ് എന്ന പുസ്തകത്തിലാണ് അവര്‍ ഈ രീതിയില്‍ പറഞ്ഞത്. വാക്കുകള്‍ക്ക് അതീതമായ സൗന്ദര്യമാണ് ആ പൂന്തോട്ടത്തില്‍ നിറയുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

    അമൃത് ഉദ്യാന്‍

    ഇക്കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭവന് മുന്നിലുള്ള പൂന്തോട്ടത്തിന്റെ പേര് അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുമാണ് പുതിയ പേര് പ്രഖ്യാപിച്ചത്. രണ്ട് മാസത്തേക്കാണ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെയാണ് പൊതുജനങ്ങള്‍ക്ക് അമൃത് ഉദ്യാനത്തിലേക്ക് പ്രവേശിക്കാനാകുക. തിങ്കളാഴ്ചകളില്‍ പ്രവേശനം ഇല്ല. മാര്‍ച്ച് എട്ടിന് ഹോളി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ അന്നും പ്രവേശനമുണ്ടായിരിക്കില്ല.

    Published by:Naseeba TC
    First published: