കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റായ mygov.in-ല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പേരുകള്‍ തെറ്റായി എഴുതിയത് ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ എംപി. mygov.in വെബ്‌സൈറ്റിൽ പ്രവർത്തിക്കുന്ന ഹിന്ദി രാഷ്ട്രവാദികള്‍ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാന്‍ വെബ്സൈറ്റിൽ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ കേരളത്തിന്റെ പേര് Kerela എന്നും തമിഴ്നാടിന്റെ Tamil Naidu എന്നും ആയിരുന്നു എഴുതിയിരുന്നത്.
All of us Dakshin Bharatvasis would be grateful if the Hindi Rashtravadis running https://t.co/SAky4wxXOb could kindly take the trouble to learn the names of our states. Please!? pic.twitter.com/hsLlyhivKC
— Shashi Tharoor (@ShashiTharoor) January 29, 2023
പിന്നാലെ തരൂരിന്റെ ട്വീറ്റിനു മറുപടിയുമായി mygov.in രംഗത്തെത്തി. ടൈപ്പിങ്ങിൽ വന്ന പിഴവാണതെന്നും തെറ്റ് തിരുത്തിയിട്ടുണ്ടെന്നും വെബ്സൈറ്റ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. അസം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള വർണാഭമായ ടാബ്‌ലോകൾ ജനുവരി 26 ന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയും വ്യക്തമാക്കുന്ന 23 ടാബ്ലോകളാണ് ഉണ്ടായിരുന്നത്. ഇന്ന് നടന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചത്.
Also read-ഗാന്ധിസ്മരണയിൽ രാജ്യം; 75–ാം രക്തസാക്ഷിത്വ ദിനത്തിൽ പ്രണാമം അർപ്പിച്ച് നേതാക്കൾ
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് ശശി തരൂർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നതായും തരൂർ പറഞ്ഞു. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ നയം വ്യക്തമാക്കിയത്. എന്‍എസ്എസിന് പിന്നാലെ ഓർത്തഡോക്സ് സഭയും ശശി തരൂരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ തരൂർ കേരളത്തിൽ പ്രവർത്തിക്കണമെന്ന് ബസേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. കേരളം കേന്ദ്രീകരിച്ചുള്ള സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് തന്റെ ഭാവി പരിപാടികളെ പറ്റി ശശി തരൂർ തുറന്നു പറഞ്ഞത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് കൃത്യമായി മറുപടി നൽകുകയാണ് തരൂർ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.