ശ്രീനഗർ: കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച രാത്രിവരെ നീണ്ട ഓപ്പറേഷനിൽ പൂഞ്ചിലെ ബാലാകോട്ട് സെക്ടറിലാണ് ആയുധധാരികളായ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചത്. ശനിയാഴ്ച വൈകുന്നേരം ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ സംശയാസ്പദമായി കണ്ട രണ്ടുപേർ സൈന്യത്തിനുനേരെ വെടിയെതിർക്കാൻ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രാത്രിവരെ നീണ്ട തിരച്ചിലിനൊടുവിൽ രണ്ടുപേരെ സൈന്യം വധിക്കുകയായിരുന്നു.
“ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വൻ തിരച്ചിൽ ആരംഭിച്ചു. ഏറ്റുമുട്ടലിൽ രണ്ട് അജ്ഞാത ഭീകരർ കൊല്ലപ്പെട്ടു,” സൈനികവക്താവ് പറഞ്ഞു. പ്രദേശത്ത് കൂടുതൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#ബാലാക്കോട്ടിലെ അതിർത്തിയിൽ സൈനികർ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട് ഇതുവരെ രണ്ട് ഭീകരരെ കണ്ടെത്തി വധിച്ചു. പ്രദേശം സൈന്യം വളയുകയും തിരച്ചിൽ തുടരുകയും ചെയ്യുന്നു- ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തു.
രജൗരിയിലെ ധാൻഗ്രി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ആറ് പേർ അടുത്തിടെ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജമ്മു, പൂഞ്ച്-രജൗരി ജില്ലകളിലെ അതീവ ജാഗ്രതയ്‌ക്കിടയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
അതേസമയം, ധാൻഗ്രി വെടിവയ്പ്പിൽ പരിക്കേറ്റവരിൽ ഒരാൾ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. പ്രിൻസ് ശർമ്മ എന്നയാളാണ് മരിച്ചത്. മരിച്ചവരെ രജൗരി ജിഎംസിയിൽ നിന്ന് ജമ്മു ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.