ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി (CAA)യെ എതിർക്കുന്നതിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വലിയ വില കൊടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ജനങ്ങൾ മമതയെ ഒരു രാഷ്ട്രീയ അഭയാർഥിയാക്കുമെന്ന വിമർശനവും ഷാ ഉന്നയിച്ചിട്ടുണ്ട്. ബിജെപി ജനസംവാദ് റാലിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ പ്രവർത്തകരെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ബിജെപി നേതാവിന്‍റെ വിമർശനങ്ങൾ.
"ബംഗാളിലെ ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ ആനുകൂല്യങ്ങൾ എത്താൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവരോട് ചോദിക്കുകയാണ്.. ജനക്ഷേമം വിലയായി നൽകി നടത്തുന്ന ഇത്തരം രാഷ്ട്രീയത്തിന് ഒരു അതിരുണ്ട്.. കെജ്രിവാൾ ഉള്‍പ്പെടെയുള്ള നേതാക്കൾ പോലും അംഗീകരിച്ച പദ്ധതി നടപ്പാക്കാൻ മമത തയ്യാറകുന്നില്ല' ഷാ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
തൃണമൂൽ കോണ്‍ഗ്രസിനെക്കാൾ ഭേദം കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്ന് ബംഗാളിലെ ജനങ്ങൾ പറഞ്ഞു തുടങ്ങിയെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്നും ബിജെപി നേതാവ് പറഞ്ഞു.പശ്ചിമബംഗാളിൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയ ഷാ, തന്‍റെ പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളും, അഴിമതിയും, പ്രീണന രാഷ്ട്രീയവും തൊഴിലില്ലായ്മയുമെല്ലാം ഇല്ലായ്മ ചെയ്യുമെന്ന വാഗ്ദാനവും നൽകി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.