• HOME
  • »
  • NEWS
  • »
  • india
  • »
  • 'നന്ദിനി'യുടെ കേരളത്തിലെ സുഗമമായ പ്രവേശനത്തിന് ഇടപെടുമോ?; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് തേജസ്വി സൂര്യ

'നന്ദിനി'യുടെ കേരളത്തിലെ സുഗമമായ പ്രവേശനത്തിന് ഇടപെടുമോ?; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് തേജസ്വി സൂര്യ

കഴിഞ്ഞ ദിവസം കോലാറില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ രാഹുല്‍, നന്ദിനി ഐസ്‌ക്രീം കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു

  • Share this:

    ബെംഗളൂരു: ഗുജറാത്തിലെ അമുല്‍ ബ്രാന്‍ഡിന്റെ കര്‍ണാടകയിലേക്കുള്ള കടന്നുവരവിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ നന്ദിനി ബ്രാന്‍ഡിനെ പിന്തുണച്ചെത്തിയ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ. നന്ദിനി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ രാഹുല്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട തേജസ്വി, ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് മറ്റൊരു ഗിമ്മിക്ക് മാത്രമാണെന്ന് കരുതേണ്ടിവരുമെന്നും ട്വീറ്റ് ചെയ്തു.

    കഴിഞ്ഞ ദിവസം കോലാറില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ രാഹുല്‍, നന്ദിനി ഐസ്‌ക്രീം കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. എ‌ഐ‌സിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി നന്ദിനി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലെത്തിയത്. ഇവിടെനിന്ന് ഇവര്‍ നന്ദിനി ഐസ്‌ക്രീം വാങ്ങി കഴിച്ചിരുന്നു. ഇതിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് രാഹുല്‍ നന്ദിനിയെ പിന്തുണച്ച് രംഗത്തെത്തിയത്. കര്‍ണാടകയുടെ അഭിമാനം, നന്ദിനിയാണ് മികച്ചതെന്ന്‌ അദ്ദേഹം ട്വീറ്റ് ചെയ്തു.

    ഇതിന് മറുപടിയുമായാണ് തേജസ്വി സൂര്യ രംഗത്തെത്തിയത്. നന്ദിനി മികച്ചതാണെന്ന് രാഹുല്‍ഗാന്ധി കരുതുന്നതില്‍ സന്തോഷമുണ്ട്. നന്ദിനി മികച്ചതാണെന്നതില്‍ യാതൊരു സംശയവുമില്ല. കേരളത്തില്‍ നന്ദിനി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ രാഹുല്‍ഗാന്ധി ഇടപെടണമെന്ന് ഞാന്‍ അഭ്യർത്ഥിക്കുകയാണ്. ഇല്ലെങ്കില്‍ ഇതും മറ്റൊരു ഗിമ്മിക്കാണ്. കേരളത്തില്‍ നന്ദിനിയുടെ സുഗമമായ പ്രവേശനത്തിനായി രാഹുല്‍ പരസ്യപ്രഖ്യാപനം നടത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും തേജസ്വി ട്വീറ്റ് ചെയ്തു.

    ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ അമുല്‍ ബ്രാന്‍ഡ് കര്‍ണാടകയില്‍ വില്‍പ്പനയാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദമാണ് കര്‍ണാടകയിലുണ്ടായത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നായിരുന്നു പ്രധാനവിമര്‍ശനം.

    Also Read- കേരളത്തില്‍ ഔട്ട്ലെറ്റ് തുടങ്ങാന്‍ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ

    ഇതിനിടെ നന്ദിനിയുടെ വിൽപനശാലകൾ കേരളത്തിൽ തുറക്കാനുള്ള നീക്കത്തിനെതിരെ മിൽമ രംഗത്തുവന്നിരുന്നു. നീക്കവുമായി മുന്നോട്ടുപോയാൽ കർണാടകയിൽ നിന്ന് പാൽ വാങ്ങുന്നതടക്കം നിർത്തിവെക്കുമെന്നും മിൽമ ഭീഷണി മുഴക്കിയിട്ടുണ്ട്.

    Published by:Rajesh V
    First published: