ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ മേഖലയിൽ പുതിയ ഗവേഷണങ്ങളും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജീൻ തെറാപ്പി (Gene Therapy) മുതൽ പ്രിസിഷൻ മെഡിസിൻ (Precision Medicine) വരെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളും ബന്ധപ്പെട്ട മറ്റു വകുപ്പുകളിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിച്ച ശേഷമാകും പദ്ധതി നടപ്പിലാക്കുക. പുതിയ നയങ്ങൾ ഫാർമസ്യൂട്ടിക്കൽ മേഖലയിലും മെഡിക്കൽ മേഖലയിലെയും ഗവേഷണങ്ങളെ പിന്തുണയ്‌ക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളും സ്ഥാപിക്കും.
”മരുന്ന് വികസിപ്പിക്കൽ, വിതരണ സംവിധാനങ്ങൾ കണ്ടെത്തൽ, കൃത്യമായ മരുന്ന് രൂപകൽപന, പുതിയ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കൽ, ജീൻ തെറാപ്പി എന്നിവയിലാകും പുതിയ നയം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക”, ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മരുന്നു ഗവേഷണ രംഗത്തും വികസന രംഗത്തും ചൈനയും അമേരിക്കയും ചെലവാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണ് ഇന്ത്യ ചെലവാക്കുന്നത്. വലിയ നിക്ഷേപം ആവശ്യമുള്ള ഈ രംഗത്തെ കൂടുതൽ പണം ചെലവഴിക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.
“ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം കൂടുതൽ ശ്രദ്ധ നൽകേണ്ട ഒരു മേഖലയാണ്, ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങളും വികസനങ്ങളും നടക്കേണ്ടതുണ്ട്”, രാജ്യത്തെ മരുന്ന് നിർമ്മാതാക്കളുടെ ഗ്രൂപ്പായ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് (ഐപിഎ) സെക്രട്ടറി ജനറൽ സുദർശൻ ജെയിൻ ന്യൂസ് 18 നോട് പറഞ്ഞു. 2023 ലെ യൂണിയൻ ബജറ്റിൽ ഫാർമസ്യൂട്ടിക്കൽസിലെ മേഖലയിലെ ഗവേഷണങ്ങളെയും പുതിയ പദ്ധതികളെയും പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ ധനസഹായം നൽകുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു.
2019 സാമ്പത്തിക വർഷം ആരോഗ്യ സംരക്ഷണത്തിനായി ജിഡിപിയുടെ 1.4 ശതമാനം ആയിരുന്നു ചെലവഴിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 2.1 ശതമാനമായി ഉയർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ രംഗത്ത് ഗവേഷണം, വികസനം, സംഭരണം, വിതരണം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചതെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു.
”കോവിഡ് മഹാമാരിക്കു ശേഷം ഗവേഷണ രംഗത്ത് ഇന്ത്യ കഴിവ് തെളിയിച്ചിട്ടുണ്ട്. ലോകത്തിന്റെ ഫാർമസി എന്ന വിശേഷണവും ഇതിനകം തന്നെ നമ്മൾ നേടിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഗവേഷണത്തിന് ഉത്തേജനം നൽകുന്നതാണ് ഈ വർഷത്തെ ബജറ്റ്. പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ധീരമായ നീക്കം നടത്താൻ ഒരുങ്ങുകയാണ്”, ഓൺലൈൻ കൺസൾട്ടേഷൻ ആപ്പായ പ്രാക്ടോയുടെ (Practo) സഹസ്ഥാപകൻ സിദ്ധാർത്ഥ നിഹലാനി ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.