• HOME
 • »
 • NEWS
 • »
 • india
 • »
 • സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ചാണകത്തില്‍ നിന്ന് പെയിന്റ്; പുതിയ പദ്ധതിയുമായി ഛത്തീസ്ഗഢ്

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ചാണകത്തില്‍ നിന്ന് പെയിന്റ്; പുതിയ പദ്ധതിയുമായി ഛത്തീസ്ഗഢ്

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും വെറ്റിനറി ആശുപത്രികള്‍ക്കും പെയിന്റ് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:

  റായ്പൂര്‍: ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവയുപയോഗിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പെയിന്റ് ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

  പെയിന്റ് നിര്‍മ്മിക്കുന്നതിനായി ഗൗദാന്‍ എന്ന പേരില്‍ റായ്പൂരിലും കങ്കേറിലും നിരവധി യൂണിറ്റുകള്‍ സ്ഥാപിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ഓടെ ഈ സംരംഭം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

  ഈ പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗമുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

  കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സൂരജി ഗാവ് യോജന എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചത്. ഇതിന് കീഴിലായി ഗോദാന്‍ ന്യായ് യോജനയും ആരംഭിച്ചിരുന്നു. ഏകദേശം 8000ലധികം ഗോദാന്‍സ് യൂണിറ്റുകളാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ ആരംഭിച്ചത്. പദ്ധതികള്‍ ആരംഭിച്ച പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നും പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്നും 2 രൂപ നിരക്കില്‍ ചാണകവും ലിറ്ററിന് 4 രൂപ നിരക്കില്‍ ഗോമൂത്രവും ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

  Also read: ആടുകളുടെ ഫാം 85ൽ നിന്ന് വളർന്നത് 25000ലേക്ക്; കർണാടകയിലെ കർഷകന് കേന്ദ്ര പുരസ്കാരം

  തുടര്‍ന്നാണ് ഈ അഭിമാന പദ്ധതിയെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയത്. ഇതിനായി ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനെ സമീപിക്കുകയും ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ചാണകത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

  അതേസമയം അടുത്തവര്‍ഷം ജനുവരി അവസാനത്തോടെ പെയിന്റ് നിര്‍മ്മിക്കുന്ന ഏകദേശം 73 യൂണിറ്റുകളെങ്കിലും സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

  നിലവിലെ ഗോദാന്‍ യൂണിറ്റുകളില്‍ നിന്ന് കഴിയുന്നത്ര പെയിന്റുകള്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഈ പെയിന്റ് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കാര്‍ബോക്‌സി മീഥൈല്‍ സെല്ലുലോസ് ആണ് ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന പെയിന്റിലെ പ്രധാന ഘടകം. 100 കിലോഗ്രാം ചാണകത്തില്‍ നിന്ന് ഏകദേശം 10 കിലോഗ്രാം കാര്‍ബോക്‌സി മീഥൈല്‍ സെല്ലുലോസ് ലഭിക്കുന്നു.

  “ആന്റിബാക്ടീരിയല്‍ , ആന്റി ഫംഗല്‍ പെയിന്റുകളാണ് ഇവ. പരിസ്ഥിതിയ്ക്ക് കോട്ടം വരുത്താത്തവയുമാണിവ. ഡിസ്റ്റംബര്‍, എമല്‍ഷന്‍ എന്നിവയായും ഇവ ഉപയോഗിക്കാം. ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന ഇവയുടെ ഈ രണ്ട് വേരിയന്റുകള്‍ക്ക് യഥാക്രമം ലിറ്ററിന് 120 രൂപയും 225 രൂപയുമാണ് വില”, ഗോദാന്‍ ന്യായ് യോജന ജോയിന്റ് ഡയറക്ടര്‍ ആര്‍ എല്‍ ഖരേ പറഞ്ഞു.

  റായ്പൂരിനടുത്തുള്ള ഹീരാപൂറിലെ ജാര്‍വായ് ഗ്രാമത്തില്‍ ഒരു പെയിന്റ് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും ഖരേ പറഞ്ഞു. 22 സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂണിറ്റ് വിജയകരമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

  സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും വെറ്റിനറി ആശുപത്രികള്‍ക്കും പെയിന്റ് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതുകൂടാതെ കങ്കേര്‍ ജില്ലയിലെ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും ഈ പെയിന്റ് ഉപയോഗിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

  കോഡ്താര ഗ്രാമത്തിലെ ട്രൈബല്‍ ഹോസ്റ്റലുകള്‍, വഡ്ഗാവിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍, ചാവ്ഡി, ഭിലായ്, ആവ്ഡി പ്രദേശങ്ങളിലെ പഞ്ചായത്ത് കെട്ടിടങ്ങള്‍ എന്നിവിങ്ങളിലെല്ലാം ഇതേ പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്.

  Published by:user_57
  First published: