മോദി സർക്കാരിന്റെ 'അമൃത് കാൽ' ബജറ്റ് നൽകുന്ന രാഷ്ട്രീയ സന്ദേശമെന്ത്? 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഭവന പദ്ധതി, കുടിവെള്ള പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങി പാവപ്പെട്ടവർക്കുള്ള പ്രധാന പദ്ധതികളുടെ വിഹിതത്തിൽ വലിയ വർദ്ധനവാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചത്
അമൻ ശർമ
ഭവന പദ്ധതി, കുടിവെള്ള പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങി പാവപ്പെട്ടവർക്കുള്ള പ്രധാന പദ്ധതികൾക്കായുള്ള വിഹിതത്തിൽ വലിയ വർദ്ധനവാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ ആദിവാസികൾക്കായി 15,000 കോടി രൂപയുടെ പുതിയ പദ്ധതി, നികുതി വ്യവസ്ഥയിൽ ഇളവുകൾ എന്നിവയൊക്കെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ 2023 ലെ ‘അമൃത് കാൽ’ ബജറ്റിന്റെ മറ്റു പ്രത്യേകതകൾ.
രാജ്യം അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഈ വർഷം ചില പ്രധാന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പിന്തുണച്ച പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള ക്ഷേമ പദ്ധതികൾക്കായാണ് മോദി സർക്കാർ ഇത്തവണത്തെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ പുതിയ നികുതി വ്യവസ്ഥയിലെ ഇളവുകൾ വരുമാനം കുറഞ്ഞവർക്കും ഇടത്തരം വരുമാനം ഉള്ളവർക്കും ആശ്വാസമാകും.
advertisement
വീട്, വെള്ളം, ആരോഗ്യം
ദരിദ്രർക്കായുള്ള പ്രധാനമന്ത്രി ആവാസ് യോജനക്കുള്ള വിഹിതത്തിലാണ് ഏറ്റവും വലിയ വർധന. 2024-ൽ ഈ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. പദ്ധതിക്കായി 79,950 കോടി രൂപ അനുവദിച്ചു. അതായത്, 2022-23 ലെ 48,000 കോടിയിൽ നിന്ന് 66 ശതമാനം വർധന. 2024-ഓടെ 2.94 കോടി ദരിദ്രർക്ക് വീട് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിൽ 2.12 കോടി വീടുകളുടെ നിർമാണം പൂർത്തിയാക്കി അർഹരായവർക്ക് കൈമാറിയിട്ടുണ്ട്.
advertisement
2023-24 സാമ്പത്തിക വർഷത്തിൽ 70,000 കോടി രൂപ ചെലവഴിക്കുന്ന ജൽ ജീവൻ മിഷനിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ 20 കോടി കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി 2024-ൽ പൂർത്തീകരിക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 60,000 കോടി രൂപയായിരുന്നു ഇതിനായുള്ള വിഹിതം. പദ്ധതിയനുസരിച്ച് ഇതുവരെ 11 കോടിയിലധികം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിയിട്ടുണ്ട്.
2019-ൽ വെറും മൂന്ന് കോടി ആയിരുന്നു പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ഈ പദ്ധതി 2024-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യും എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് എല്ലാ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
advertisement
ഏഴ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതുവരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. ഈ വർഷം മൂന്ന് സംസ്ഥാനങ്ങളിലേക്കു കൂടി പദ്ധതി എത്തിക്കാനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ മൂന്ന് വലിയ സംസ്ഥാനങ്ങളിൽ ഈ വർഷം പദ്ധതി വ്യാപിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
advertisement
ബജറ്റിൽ മൂന്നാമതായി എടുത്തു പറയേണ്ട പ്രധാന കാര്യം ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത് 6,457 കോടി രൂപ ആയിരുന്നു. ഇത്തവണ അത് 7,200 കോടി രൂപയായി ഉയർത്തി. രാജ്യത്തെ ഏകദേശം 4.5 കോടി ദരിദ്രർ ഇതുവരെ ഈ പദ്ധതി പ്രകാരം സൗജന്യ ആരോഗ്യ ഇൻഷുറൻസ് പ്രയോജനപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 4.3 കോടി ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട് ഇതിനായി ഇതുവരെ 51,000 കോടി രൂപ ചെലവാക്കി. ആരോഗ്യ പ്രശ്നങ്ങൾ ഒരു പാവപ്പെട്ട കുടുംബത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും എന്നും പാവപ്പെട്ട കുടുംബങ്ങൾക്കും വ്യക്തികൾക്കും വേണ്ടിയാണ് തങ്ങൾ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
advertisement
ഈ സാമ്പത്തിക വർഷം പിഎം കിസാൻ സമ്മാൻ നിധി പദ്ധതിക്കായി 60,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പിഎം കിസാൻ പദ്ധതിക്ക് കീഴിലുള്ള 11.4 കോടിയിലധികം കർഷകർക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
എന്നാൽ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ആക്ട് (MGNREGA) പ്രകാരമുള്ള പദ്ധതികൾക്കായി ഈ വർഷത്തെ ബജറ്റ് വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ട്. 2022-23 ൽ എംജിഎൻആർഇജി പ്രവർത്തനങ്ങൾക്കായി 84,900 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഈ വർഷത്തെ ബജറ്റിൽ അത് 60,000 കോടി രൂപയായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ തുക കേന്ദ്രം വിനിയോഗിച്ചിരുന്നു. ഇത് ബിജെപിക്കെതിരെ കോൺഗ്രസും മറ്റ് പാർട്ടികളും ആയുമാക്കാൻ സാധ്യതയുണ്ട്.
advertisement
ആദിവാസികൾക്കായുള്ള പദ്ധതി
പട്ടികജാതി (എസ്‌സി), ഗോത്രവർഗക്കാർ എന്നിവരുള്ള മണ്ഡലങ്ങളിലും ബജറ്റ് വ്യക്തമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദുർബലരായ ആദിവാസി വിഭാഗങ്ങൾക്കായി 15,000 കോടി രൂപ ചെലവിൽ PMPVTG (Prime Minister’s Particularly Vulnerable Tribal Groups) പദ്ധതിയും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പല സംസ്ഥാനങ്ങളിലും ധാരാളം ആദിവാസികളുണ്ട്. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കുള്ള വിഹിതം കഴിഞ്ഞ ബജറ്റിലെ 2,000 കോടിയിൽ നിന്ന് മൂന്നിരട്ടിയായി വർധിപ്പിച്ച് 5,943 കോടിയാക്കി. ആദിവാസി മേഖലകളിലെ കുട്ടികളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
നികുതി വ്യവസ്ഥയിലെ ഇളവുകൾ
രാജ്യത്തെ മധ്യവർഗത്തിന് ആശ്വാസമായാണ് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് 7 ലക്ഷം വരെ വരുമാനം ഉള്ളവർ നികുതി അടക്കേണ്ടതില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പഴയ നികുതി നിർണയരീതിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 3- 6 ലക്ഷം വരെ വരുമാനത്തിന് 5 % നികുതി. 6 ലക്ഷം മുതൽ 9 വരെ 10 % നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 %. 12-15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 % നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ എന്നിങ്ങനെ നികുതി നൽകിയാൽ മതിയാവും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 01, 2023 8:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മോദി സർക്കാരിന്റെ 'അമൃത് കാൽ' ബജറ്റ് നൽകുന്ന രാഷ്ട്രീയ സന്ദേശമെന്ത്? 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമോ?