കോണ്‍ഗ്രസ് അധ്യക്ഷന്റെ വ്യാജ വീഡിയോ മുതല്‍ ഗവര്‍ണര്‍ക്കെതിരെയുള്ള ലൈംഗികാരോപണം വരെ; കത്തിക്കയറി ബംഗാളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം
- Published by:meera_57
- news18-malayalam
Last Updated:
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലെ രാഷ്ട്രീയ സ്ഥിതി ദേശീയതലത്തില്‍ ചര്‍ച്ചയാവുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലെ രാഷ്ട്രീയ സ്ഥിതി ദേശീയതലത്തില്‍ ചര്‍ച്ചയാകുകയാണ്. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേതായി പുറത്തിറങ്ങിയ വ്യാജ വീഡിയോ, ഗവര്‍ണര്‍ക്കെതിരെ വന്ന ലൈംഗികാരോപണ കേസ്, ബിജെപി നേതാവിനെതിരെയുള്ള അന്വേഷണം തുടങ്ങി ബംഗാളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള വാക്‌പോര് സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഇതിനെല്ലാം പുറമേ സംസ്ഥാന പോലീസ് വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയതും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും വിദേശ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെ രാഷ്ട്രീയ എതിരാളികള്‍ തന്റെ അനന്തരവനും ടിഎംസിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണവും ചര്‍ച്ചകള്‍ക്ക് ചൂടേകി.
ഇതോടെ കേന്ദ്ര അന്വേഷണ എജന്‍സികളായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, എന്‍ഐഎ, ഇഡി, സിബിഐ തുടങ്ങിയവര്‍ സംസ്ഥാനത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. നിരവധി അഴിമതി കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്ന തിരക്കിലാണ് സിബിഐയും ഇഡിയും. സിബിഐ പിടിച്ചെടുത്ത ആയുധ ശേഖരത്തെപ്പറ്റി അന്വേഷിക്കാനാണ് എന്‍എസ്ജി സംസ്ഥാനത്തെത്തിയത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു സ്‌ഫോടനത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഐഎ സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്.
advertisement
ആരോപണങ്ങള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും നിരവധി അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാഹചര്യം അല്‍പ്പം വ്യത്യസ്തമാണ്. ഇക്കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ രാജ്ഭവനിലെ ജീവനക്കാരി ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഗവര്‍ണര്‍ തന്നോട് അപമര്യാദയായി പെരുമാറുകയും തന്റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
സൂപ്പര്‍വൈസറോടൊപ്പമാണ് ഗവര്‍ണറെ കാണാന്‍ ചെന്നത്. എന്നാല്‍ സൂപ്പര്‍വൈസറോട് പുറത്ത് നില്‍ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഈ വിഷയം മമത ബാനര്‍ജി തന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
advertisement
എന്നാല്‍ ആരോപണങ്ങളെ തള്ളി ഗവര്‍ണര്‍ രംഗത്തെത്തി. കേസില്‍ അന്വേഷണം നടത്താന്‍ ഏഴംഗ പ്രത്യേക സംഘത്തെ കൊല്‍ക്കത്ത പോലീസ് രൂപീകരിക്കുകയും ചെയ്തു. പോലീസിന് മുന്നില്‍ ഹാജരാകാന്‍ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 361 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ നോട്ടീസ് തള്ളുകയായിരുന്നു.
വ്യാജ വീഡിയോയും സ്റ്റിംഗ് ഓപ്പറേഷനും
ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോയാണ് ബംഗാളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായത്. മാറ്റം വരുത്തിയ വ്യാജ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
advertisement
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളെ ആസൂത്രിതം എന്ന് വിളിക്കുന്ന പ്രാദേശിക ബിജെപി നേതാവിന്റെ വീഡിയോയാണ് അടുത്ത ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ഇതില്‍ പഴി കേള്‍ക്കേണ്ടി വന്നത് ബിജെപി നേതാവായ സുവേന്ദു അധികാരിയാണ്. സുവേന്ദു നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വ്യാജ ആരോപണങ്ങളെ പിന്താങ്ങുകയാണെന്നും ആരോപിച്ച് തൃണമൂല്‍ നേതൃത്വം പത്രസമ്മേളനം നടത്തുകയും ചെയ്തു.
വിദേശ നിര്‍മ്മിത ആയുധങ്ങളും ഗൂഢാലോചനയും
സന്ദേശ്ഖാലിയിലെ ആക്രമണം, ഭൂമി കൈയ്യേറ്റം തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്ന സിബിഐ സംസ്ഥാനത്ത് നിന്ന് വിദേശ നിര്‍മ്മിത പിസ്റ്റളുകളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു. ഇതിനു തൊട്ടു മുമ്പാണ് അഭിഷേക് ബാനര്‍ജിയ്‌ക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്. പിന്നീട് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഭിഷേക് ബാനര്‍ജിയുടെ വീട് നിരീക്ഷണവലയത്തിലാക്കിയ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ തൃണമൂലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കുനാല്‍ ഘോഷിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയതും ചര്‍ച്ചയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 09, 2024 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോണ്‍ഗ്രസ് അധ്യക്ഷന്റെ വ്യാജ വീഡിയോ മുതല്‍ ഗവര്‍ണര്‍ക്കെതിരെയുള്ള ലൈംഗികാരോപണം വരെ; കത്തിക്കയറി ബംഗാളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം