അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്നു; തയ്യാറെടുപ്പുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച തെലങ്കാനയിലെ ഹൈദരാബാദിലെത്തി
തെരഞ്ഞെടുപ്പ് അടുക്കാറായ അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച തെലങ്കാനയിലെ ഹൈദരാബാദിലെത്തി. ഇവിടുത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയാണ് സംഘം. 40 അംഗ മിസോറം നിയമസഭയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കും. 90 അംഗങ്ങളുള്ള ഛത്തീസ്ഗഢ് നിയമസഭയുടെ കാലാവധിയാകട്ടെ ജനുവരിയിലും അവസാനിക്കും.
മധ്യപ്രദേശ് (230അംഗം), രാജസ്ഥാന്‍(200 അംഗം), തെലങ്കാന (119 അംഗം) എന്നീ സംസ്ഥാനങ്ങളും അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുമെന്നാണ് കരുതുന്നത്. ഓഗസ്റ്റില്‍ മിസോറം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സെപ്റ്റംബറില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സന്ദര്‍ശനം പൂര്‍ത്തിയായിരുന്നു. ഈയാഴചയോടെ തെലങ്കാനയിലെ സന്ദര്‍ശനവും പൂര്‍ത്തിയാകും.
അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടിംഗ് ശതമാനം മെച്ചപ്പെടുത്താനും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യമിടുന്നു. മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാർക്കും (PwDs) വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ഓപ്ഷനും നല്‍കും. കൂടുതല്‍ വോട്ടര്‍പങ്കാളിത്തം ഉറപ്പാക്കാന്‍ കൂടുതല്‍ പോളിങ് സ്റ്റേഷനുകളുടെ ചുമതലയില്‍ സ്ത്രീകളെയും യുവാക്കളെയും ഭിന്നശേഷിക്കാരെയും നിയമിക്കും.
advertisement
ഓരോ സംസ്ഥാനത്തും കുറഞ്ഞത് 50% പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടായിരിക്കും. ജനങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ cVIGIL ആപ്പ് ഉപയോഗിക്കും. കൂടാതെ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി അതിര്‍ത്തികളില്‍ കര്‍ശനമായ ജാഗ്രതയും ഉറപ്പാക്കും. പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളിലുടനീളം പ്രത്യേക പ്രചാരണ പരിപാടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ സംസ്ഥാനങ്ങളിലെയും തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
മിസോറം
8.38 ലക്ഷം വോട്ടര്‍മാരാണ് മിസോറമിലുള്ളത്. ഇതില്‍ 4.32 ലക്ഷം പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. സംസ്ഥാനത്തെ ലിംഗ അനുപാതം 1060 ആണ്. സംസ്ഥാനത്ത് ആദ്യമായി സമ്മതിദാനഅവകാശം വിനിയോഗിക്കുന്ന 40,934 പേരാണ് ഉള്ളത്. 40 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്, കുറഞ്ഞത് 95 പോളിങ് സ്റ്റേഷനുകളെങ്കിലും നിയന്ത്രിക്കുന്നത് സ്ത്രീകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും.
advertisement
അതില്‍ 40 പോളിങ് സ്‌റ്റേഷനുകളില്‍ യുവാക്കളും ആയിരിക്കും. കൂടാതെ, ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 11 സ്റ്റേഷനുകളും ഉണ്ടാകും. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 9,000-ലധികം വോട്ടര്‍മാര്‍ക്കും 3,000-ലധികം ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടില്‍വെച്ച് വോട്ടുചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്നുണ്ട്. വാഹനത്തില്‍ എത്താന്‍ കഴിയാത്ത 22 പോളിങ് സ്‌റ്റേഷനുകളും ബോട്ടില്‍ യാത്ര ചെയ്ത് എത്തേണ്ട 19 പോളിങ് സ്‌റ്റേഷനുകളുമാണ് സംസ്ഥാനത്ത് ഉള്ളത്.
ഛത്തീസ്ഗഢ്
ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള 90 അംഗ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ കാലാവധി ജനുവരി മൂന്നിന് അവസാനിക്കും. 1.97 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു പോളിങ് സ്‌റ്റേഷനില്‍ ശരാശരി 815 വോട്ടര്‍മാരാണ് ഉള്ളത്. 4853 പോളിങ് സ്‌റ്റേഷനുകള്‍ നഗരപ്രദേശത്തും ശേഷിക്കുന്നവ ഗ്രാമീണ മേഖലയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യമായി വോട്ടു ചെയ്യാന്‍ പോകുന്ന 1.47 ലക്ഷം പേരാണ് ഉള്ളത്. വീട്ടിലിരുന്ന് വോട്ടുചെയ്യുന്നിന് 1.47 ലക്ഷം ഭിന്നശേഷിക്കാര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ 2.02 ലക്ഷം വോട്ടര്‍മാര്‍ 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2948 വോട്ടര്‍മാര്‍ നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്. സംസ്ഥാനത്തെ 112 പോളിങ് സ്‌റ്റേഷനുകളിലേക്ക് വാഹനഗതാഗതം സാധ്യമല്ല. 105 ചെക്ക്പോസ്റ്റുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതില്‍ 31 എണ്ണം എക്‌സൈസ് വകുപ്പിന്റെ വകയിലും 35 എണ്ണം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുമാണ്.
മധ്യപ്രദേശ്
ശിവരാജ് സിങ് ചൌഹാന്റെ നേതൃത്വത്തിലുള്ള 230 അംഗ മധ്യപ്രദേശ് സര്‍ക്കാരിന്റെ കാലാവധി ജനുവരി ആറിന് അവസാനിക്കും. 5.52 കോടി വോട്ടര്‍മാര്‍ക്കായി 64523 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. മധ്യപ്രദേശിൽ 2.67 കോടി വനിതാ വോട്ടര്‍മാരാണുള്ളത്. കുറഞ്ഞത് 5000 പോളിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കുക വനിതകളായിരിക്കും. 4.85 ലക്ഷം ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി വീട്ടില്‍ വോട്ടു ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇവിടുത്തെ 7.12 ലക്ഷം വോട്ടര്‍മാര്‍ 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 6180 വോട്ടര്‍മാര്‍ 100 വയസ്സ് കടന്നവരുമാണ്. ഇവര്‍ക്കും വീട്ടില്‍വെച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കും. 18.86 ലക്ഷം കന്നിവോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കുറഞ്ഞത് 1150 പോളിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് യുവാക്കളായിരിക്കും.
advertisement
രാജസ്ഥാന്‍
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത് ജനുവരി 14നാണ്. ആകെയുള്ള 200 സീറ്റുകളില്‍ 141 എണ്ണം ജനറല്‍ വിഭാഗത്തിനും 25 എണ്ണം പട്ടിക വര്‍ഗ വിഭാഗത്തിനും 34 എണ്ണം പട്ടികജാതി വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. ആകെയുള്ള 5.25 കോടി വോട്ടര്‍മാരില്‍ 2.51 കോടി വോട്ടര്‍മാര്‍ സ്ത്രീകളും 604 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ ഉള്‍പ്പെടുന്നവരുമാണ്. 22 ലക്ഷം കന്നിവോട്ടര്‍മാര്‍ സംസ്ഥാനത്ത് ഇത്തവണയുണ്ട്. സംസ്ഥാനത്ത് ആകെ 51,756 പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. ശരാശരി 1002 വോട്ടര്‍മാരാണ് ഒരു പോളിങ്‌സ്‌റ്റേഷനു കീഴില്‍ വരുന്നത്.
advertisement
ആകെയുള്ള പോളിങ് സ്‌റ്റേഷനുകളില്‍ 41,341 എണ്ണം ഗ്രാമീണ മേഖലയാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ 200 പോളിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കുക ഭിന്നശേഷിക്കാരായിരിക്കും. 1600 എണ്ണം വീതം യുവാക്കളും സ്ത്രീകളും നിയന്ത്രിക്കും. 12 ലക്ഷത്തോളം വരുന്ന 80 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 18,500 വോട്ടര്‍മാര്‍ക്കും വീട്ടില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കി നല്‍കും. 5.61 ലക്ഷം ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍വെച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.
advertisement
പരമാവധി വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ്കമ്മിഷന്‍ ഏര്‍പ്പെടും. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ 74.71 വനിതാ വോട്ടര്‍മാരും 73.83 പുരുഷ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. 74.68 ശതമാനമായിരുന്നു ഇവിടുത്തെ ആകെ പോളിങ് ശതമാനം. ഇത്തവണ ആകെ പോളിങ് ശതമാനം 75-ല്‍ എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശ്രമിക്കുന്നത്.
തെലങ്കാന
നിലവില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തെലങ്കാനയിലെ തെരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവരങ്ങള്‍ വൈകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും. കഴിഞ്ഞ തവണ 2.61 കോടി വോട്ടര്‍മാര്‍ക്ക് 32,574 പോളിങ് സ്‌റ്റേഷനുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇത് ഇത്തവണ ഉയരുമെന്നാണ് കരുതുന്നത്. 2018ല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നവംബര്‍ 12-ലാണ് നടന്നത്. ഛത്തീസ്ഗഢ് ഒഴികെ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഒരൊറ്റ ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 04, 2023 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്നു; തയ്യാറെടുപ്പുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍






