മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വിദേശത്ത് ജോലി വാങ്ങിയവരിലേക്കും; 8 സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരുണ്ടെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍
മലപ്പുറത്തെ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയെക്കുറിച്ചുള്ള അന്വേഷണം സര്‍ട്ടിഫിക്കറ്റ് കൊണ്ട് വിദേശത്തടക്കം ജോലി വാങ്ങിയവരിലേക്കും.അഞ്ചു വർഷത്തിലേറെയായി ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകൾ വ്യാജസർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പലഘട്ടങ്ങളിലായി പത്തുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ പത്തുലക്ഷത്തിലേറെപ്പേര്‍ക്ക് സംഘം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതായി അന്വേഷണസംഘം സംശയിക്കുന്നു. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ആറുമാസംകൊണ്ടു കിട്ടുന്ന ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍
വിദേശ രാജ്യത്തിന്റെ നമ്പറിൽ നിന്നുണ്ടാക്കിയ വാട്ട്സ് ആപ്പ് നമ്പർ വഴി ആയിരുന്നു മാഫിയ ആശയ വിനിമയം നടത്തിയിരുന്നത്. യഥാര്‍ത്ഥ ചിത്രമോ മേല്‍വിലാസമോ ഇല്ലാതെയാണ് സംഘത്തലവൻ പ്രവര്‍ത്തിച്ചിരുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചിരുന്ന എജ്യുക്കേഷന്‍ കണ്‍സല്‍റ്റന്‍സികള്‍ വഴിയായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ആറുമാസംകൊണ്ടു ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ എന്ന പരസ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും മാഫിയ ഇരകള്‍ക്കായി വലവിരിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പ്രയോജനപ്പെടുത്തി വിവിധ മേഖലകളില്‍ തട്ടിപ്പുകള്‍ നടത്തുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
advertisement
കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയില്‍ നിന്ന് ആരൊക്കെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടെന്ന് വ്യക്തമാകുന്നതിന് കൂടുതല്‍ വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. നവംബർ 30 ന് പൊന്നാനിയിലെ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ കുടുങ്ങിയത്.
നല്ല പെടക്കണ പൊന്നാനി സർട്ടിഫിക്കറ്റ്
പൊന്നാനിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായ നരിപ്പറമ്പ് സ്വദേശി മൂച്ചിക്കല്‍ വീട്ടില്‍ ഇര്‍ഷാദിന്റെ (39) ചമ്രവട്ടം ജംഗ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതോടെയാണ് വന്‍ റാക്കറ്റിലേക്ക് പോലീസെത്തിയത്. സി വി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കേരളത്തിനു പുറത്തെ വിവിധ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും കണ്ടെടുത്തിരുന്നു. കൊറിയര്‍ വഴി വിതരണത്തിനായി എത്തിയതായിരുന്നു ഇവ. തുടര്‍ന്ന് സ്ഥാപനം നടത്തുന്ന ഇര്‍ഷാദിനെയും വിതരണത്തിനായി സഹായം ചെയ്ത തിരൂര്‍ പുറത്തൂര്‍ സ്വദേശി രാഹുലിനെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
ഇരുപതിലേറെ സര്‍വകലാശാലകളുടെ പേരിലുള്ള മാര്‍ക്ക് ലിസ്റ്റുകള്‍, കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, റെക്കമെന്റ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.
പൊന്നാനിയിൽ നിന്ന് ബംഗളൂരു വഴി ശിവകാശിയിലേക്ക്
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചു തരുന്നതെന്ന് ബോധ്യമായി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ ജസീം നാടുവിട്ട് ഒളിവില്‍ പോയി.
വിപുലമായ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്ന് ജസീമിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലും വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയാണ് ജസീം. ചോദ്യം ചെയ്യലില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന ഡാനി എന്ന സംഘത്തലവനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചു. യഥാര്‍ത്ഥ ചിത്രമോ മേല്‍വിലാസമോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഡാനി മലയാളിയാണെന്ന് വിവരം ലഭിച്ചിരുന്നു.
advertisement
കാണാമറയത്തെ ഡാനി
യഥാര്‍ത്ഥ ചിത്രമോ മേല്‍വിലാസമോ ഇല്ലാതെയാണ് സംഘത്തലവൻ പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് ശിവകാശിയിലെത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം റെയ്ഡ് ചെയ്തത്. ഒരു ലക്ഷത്തിലധികം വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടേ മുദ്രയോട് കൂടിയ സര്‍ട്ടിഫിക്കറ്റ് പേപ്പറുകളും ഹോളോഗ്രാം സീലുകളും വൈസ് ചാന്‍സിലര്‍ സീലുകളും അത്യാധുനിക രീതിയില്‍ ഉള്ള കമ്പ്യൂട്ടറുകളും പ്രിന്ററും ഇവിടെ നിന്ന് പിടിച്ചെടുത്തു.
ശിവകാശിയിൽ വെച്ചാണ് ഡാനി ധനീഷ് ആണെന്ന് മനസ്സിലായത്. 12 കൊല്ലം മുമ്പും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായിട്ടുണ്ട്. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം വിപുലമാക്കി.ഇതിനായി പൊള്ളാച്ചിയില്‍ വീട് വാടകയ്‌ക്കെടുത്തു. പ്രിന്റിങ് പ്രസ്സില്‍ ജോലിചെയ്തു പരിചയമുള്ളവരെ ശിവകാശിയില്‍നിന്നു കണ്ടെത്തി നിയമിച്ചു. സര്‍വകലാശാലയുടെ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ ആദ്യം അച്ചടിച്ചശേഷം ആവശ്യക്കാരുടെ വിവരങ്ങള്‍ പിന്നീട് അച്ചടിച്ചു ചേര്‍ക്കുന്നതാണ് രീതി.
advertisement
ഒറിജിനലിനെ തോൽപ്പിക്കുന്ന വ്യാജൻ
പൊള്ളാച്ചിയില്‍ തയ്യാറാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവിടെനിന്ന് നേരിട്ട് ഏജന്റുമാര്‍ക്ക് അയച്ചുനല്‍കിയിരുന്നില്ല. പ്രിന്റിങ് നടക്കുന്നത് പൊള്ളാച്ചിയിലാണെന്ന വിവരം ഏജന്റുമാര്‍പോലും അറിയാതിരിക്കാനായിരുന്നു അത്. പൊള്ളാച്ചിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൂറിയര്‍ വഴി അയച്ചിരുന്നത് ബെംഗളൂരുവിലേക്കാണ്. അവിടെനിന്ന് ഓരോ സ്ഥലത്തെയും ഏജന്റുമാര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് പലര്‍ക്കും വിതരണംചെയ്തിരുന്നത്. ആ സമയത്തെ പരീക്ഷാകണ്‍ട്രോളറുടെയും രജിസ്ട്രാറുടെയും വ്യാജ ഒപ്പും സീലുമാണ് സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. സര്‍വകലാശാലകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ അതേ മാതൃകയിലാണ് വ്യാജനും നിര്‍മിച്ചത്.
advertisement
സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ ലഭിക്കുന്നതിനും മറ്റും സര്‍വകലാശാലകളുമായി ബന്ധമുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി അതത് സര്‍വകലാശാലകളിലേക്ക് അയച്ചുകൊടുക്കും
800 രൂപ മുടക്കിൽ ഒരു ലക്ഷം സമ്പാദിക്കുന്ന വിദ്യ
വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പിലെ മുഖ്യപ്രതി ഐ ടി എൻജിനീയർ ആയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി നെല്ലിക്കത്തറയില്‍ ധനീഷ് ധര്‍മന്‍ (38) സമ്പാദിച്ചത് ശതകോടികളാണെന്നാണ് കണ്ടെത്തല്‍. ഡാനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ധനീഷ് സംഘത്തിൽപെട്ടവർക്ക് പോലും ഏതാണ്ട് അജ്ഞാതനായിരുന്നു.ഇയാൾ 2013 മുതല്‍ ഈ തട്ടിപ്പിനു നേതൃത്വം നല്‍കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റ് 2 ഫൈവ് സ്റ്റാർ ബാറുകളും നാട്ടിൽ അത്യാഡംബരവീടുകളും ബാറുകളും വിദേശത്ത് അപ്പാർട്ട്മെൻ്റുകളും ധനീഷ് ധര്‍മന്‍ സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
advertisement
800 രൂപയ്ക്ക് അച്ചടിച്ചിരുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് വില്‍പന നടത്തിയിരുന്നത്. ഒരാളില്‍ നിന്ന് 75,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതുമായി വിദേശത്തു നിരവധി ആളുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് ചേര്‍ന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലും കര്‍ണാടകത്തിലുമായി ഒരുമാസത്തോളം നീണ്ട അന്വേഷണത്തിലാണ് പ്രതികളെയും തൊണ്ടിവസ്തുക്കളും പിടികൂടിയത്.
ഹോളോഗ്രാം വ്യാജമായി നിര്‍മിച്ചതും പരിശോധിക്കും
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ധനീഷിനെ ഡിസംബർ 6 ന് കുന്ദമംഗലത്ത് വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത് . അതിനു മുന്നേ പ്രിന്റിംഗ് പ്രസിലുണ്ടായിരിുന്ന തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദ്ദീന്‍, അരവിന്ദ്, വെങ്കിടേഷ്, ജമാലുദ്ദീൻ, രതീഷ്, നിസാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
ബന്ധപ്പെട്ട സര്‍വകലാശാലാ അധികൃതര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്നുണ്ട്. വൈസ് ചാന്‍സലര്‍മാരുടേത് ഉള്‍പ്പെടെ വ്യാജ ഒപ്പുകള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വന്നതും തിരിച്ചറിയാനാകാത്ത വിധം സര്‍വകലാശാലകളുടെ ഹോളോഗ്രാം വ്യാജമായി നിര്‍മിച്ചതും അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമാകും.
Location :
Malappuram,Malappuram,Kerala
First Published :
December 11, 2025 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വിദേശത്ത് ജോലി വാങ്ങിയവരിലേക്കും; 8 സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരുണ്ടെന്ന് സൂചന







