രോഗിയായ മകളുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഔദ്യോഗിക വസതിയൊഴിയാൻ വൈകുന്നതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
- Published by:meera_57
- news18-malayalam
Last Updated:
ഔദ്യോഗിക വസതിയില്‍ നിന്നും മാറാത്തതിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രചൂഡ് മറുപടി നല്‍കിയിരിക്കുന്നത്
വിരമിച്ച് ഏകദേശം എട്ട് മാസം കഴിഞ്ഞിട്ടും ഔദ്യോഗിക വസതി ഒഴിയാത്തതില്‍ വിശദീകരണവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഔദ്യോഗിക വസതിയില്‍ നിന്നും അടിയന്തരമായി ഡി.വൈ. ചന്ദ്രചൂഡിനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഇത്തരത്തിൽ ഒരു കത്ത് തികച്ചും അസാധാരണമായ ഒരു നടപടിയാണ് എന്ന് വിലയിരുത്തപ്പെടുന്നു. വിരമിച്ച ശേഷം ചീഫ് ജസ്റ്റിസിനോട് ഔദ്യോഗിക വസതി തിരികെ നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുന്നത് അപൂര്‍വമായ സംഭവമാണ്. വിരമിച്ചതിനുശേഷം താമസം മാറുന്നതിനുള്ള സമയപരിധി പൊതുവേ അനുവദിക്കാറുണ്ടെങ്കിലും അടിയന്തിര ഒഴിപ്പിക്കല്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി കേന്ദ്രത്തിന് കത്ത് നല്‍കുന്നത് അപൂര്‍വമാണ്.
ഔദ്യോഗിക വസതിയില്‍ നിന്നും മാറാത്തതിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രചൂഡ് മറുപടി നല്‍കിയിരിക്കുന്നത്. ഭിന്നശേഷി രോഗാവസ്ഥയിലുള്ള തന്റെ മകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുള്ളതിനാല്‍ വീട്ടില്‍ ഒരുക്കിയ ഐസിയു പോലുള്ള സജ്ജീകരണങ്ങളുമായി പുതിയ ഒരിടത്തേക്ക് മാറുന്നതിനുള്ള താമസമാണ് വസതി ഒഴിയാൻ വൈകുന്നതെന്നും അദ്ദേഹം വിശദീകരണം നല്‍കിയതായാണ് ന്യൂസ് 18-ന് ലഭിക്കുന്ന വിവരം.
advertisement
മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തനിക്ക് ഏപ്രില്‍ വരെ സമയം നീട്ടി നല്‍കിയിരുന്നതായും അദ്ദേഹത്തോട് ജൂണ്‍ വരെ സമയം നീട്ടി നല്‍കാന്‍ വീണ്ടും ആവശ്യപ്പെട്ടിരുന്നതായും ചന്ദ്രചൂഡ് അറിയിച്ചു. ഫെബ്രുവരി മുതല്‍ മറ്റൊരു താമസസ്ഥലം കണ്ടെത്തുന്നതിനായി അലയുകയാണെന്നും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളും ഹോട്ടലുകളുമെല്ലാം നോക്കിയെങ്കിലും മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയുന്ന ഒരു വീട് കണ്ടെത്താനായില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചീഫ് ജസ്റ്റിസായതിനു ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് തനിക്ക് ഔദ്യോഗിക വസതിയിലേക്ക് മാറാൻ കഴിഞ്ഞതെന്ന് ചന്ദ്രചൂഡ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
advertisement
ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡിവൈ ചന്ദ്രചൂഡ്. 2022 നവംബര്‍ മുതല്‍ 2024 നവംബര്‍ വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. വിരമിച്ച് ഏകദേശം എട്ട് മാസം കഴിഞ്ഞിട്ടും ടൈപ്പ് VIII ബംഗ്ലാവില്‍ തന്നെയാണ് അദ്ദേഹം താമസിക്കുന്നത്. എന്നാല്‍, ചന്ദ്രചൂഡിന് ശേഷം 51-ാമത് ചീഫ് ജസ്റ്റിസായി വന്ന സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായിയും ഒദ്യോഗിക വസതിയിലേക്ക് മാറാന്‍ വിസമ്മതിച്ചു. മുമ്പ് അനുവദിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ തന്നെ താമസിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
advertisement
വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ചന്ദ്രചൂഡ് തുടരുന്ന ഔദ്യോഗിക വസതി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്രത്തിന് കത്തെഴുതിയത്. ഇടക്കാലത്ത് സ്ഥനക്കയറ്റം ലഭിച്ച ജഡ്ജിമാര്‍ ഗസ്റ്റ്ഹൗസുകളില്‍ താമസിക്കുകയും ബംഗ്ലാവ് അനുവദിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചന്ദ്രചൂഡിന് കൂടുതല്‍ കാലാവധി നീട്ടി നല്‍കാനാകില്ലെന്നും കോടതി കത്തില്‍ ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 07, 2025 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രോഗിയായ മകളുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഔദ്യോഗിക വസതിയൊഴിയാൻ വൈകുന്നതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്