ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി; വിധിയെഴുത്ത് 89 മണ്ഡലങ്ങളില്‍
- Published by:Rajesh V
- news18-malayalam
Last Updated:
തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ആദ്യഘട്ടത്തില്‍ 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് തുടക്കമായി. വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ആദ്യഘട്ടത്തില്‍ 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2.39 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 27 വർഷങ്ങളായി ബിജെപിയും കോൺഗ്രസും നേരിട്ടുള്ള മത്സരം മാത്രം നടന്ന ഗുജറാത്തിൽ ഇത്തവണ ആം ആദ്മി പാർട്ടി കൂടി മത്സരരംഗത്തുണ്ട്. 182 അംഗ നിയമസഭയിലെ ശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
89 മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയ ആദ്യഘട്ടത്തിൽ രണ്ട് സ്ഥാനാർഥികൾ മത്സര രംഗത്ത് നിന്ന് പിന്മാറി ബിജെപിയിൽ ചേർന്നതിനാൽ ആപ്പിന് 87 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) 57ഉം ഭാരതീയ ട്രൈബൽ പാർട്ടി(ബിടിപി) 14ഉം സമാജ്‍വാദി പാർട്ടി 12ഉം സിപിഎം നാലും സിപിഐ രണ്ടും സ്ഥാനാർഥികളെ നിർത്തിയ ഒന്നാം ഘട്ടത്തിൽ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും സാന്നിധ്യമറിയിക്കാൻ മത്സരരംഗത്തുണ്ട്.
ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്വി, സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ആപ്പിൽ ചേർന്ന പാട്ടീദാർ ആന്ദോളൻ സമിതി (പാസ്) നേതാക്കളായ അൽപേഷ് കഥിരിയ, രാം ധമുക്, ധാർമിക് മാളവ്യ എന്നിവരെല്ലാം ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.
advertisement
വോട്ടെടുപ്പു നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 എണ്ണം 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. ഇന്ന് ബൂത്തിലെത്തുന്ന സൗരാഷ്ട്ര മേഖലയിലെ ഫലം നിര്‍ണായകമാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. രാജ്കോട്ട് സിരാകേന്ദ്രമായി 11 ജില്ലകളിലും കച്ചിലുമായി 54 മണ്ഡലങ്ങളാണ് ഈ മേഖലയില്‍. 2012ല്‍ ബിജെപിക്ക് 35ഉം കോണ്‍ഗ്രസിന് 16ഉം എംഎല്‍എമാര്‍ ഉണ്ടായിരുന്നു. 2017 ല്‍ 30 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ ബിജെപി 23ലേക്ക് താണു. പട്ടേല്‍ സമരവും കര്‍ഷകരോഷവുമായിരുന്നു കാരണം. പട്ടേലുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയതും കോണ്‍ഗ്രസിന്റെ ചില ഒബിസി എംഎല്‍എമാര്‍ ഒപ്പമുള്ളതും നേട്ടമാകുമെന്ന് ബിജെപി കണക്കാക്കുന്നു.
advertisement
സൂറത്ത് കേന്ദ്രമായ തെക്കന്‍ഗുജറാത്തിലെ ഏഴുജില്ലകളിലെ 35 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിജെപിക്ക് പരമ്പരാഗതമായി മേധാവിത്വമുള്ള മേഖലയാണിത്. 2017-ല്‍ ബി.ജെ.പി.ക്ക് 25-ഉം കോണ്‍ഗ്രസിന് എട്ടും സഖ്യകക്ഷിയായ ബിടിപിക്ക് രണ്ടും സീറ്റുകള്‍ കിട്ടി.
14 ആദിവാസി സംവരണ മണ്ഡലങ്ങള്‍ തെക്കന്‍ ഗുജറാത്തിലുണ്ട്. കോണ്‍ഗ്രസിന്റെ ഏഴുസീറ്റുകളും ഇവിടെനിന്നായിരുന്നു. രണ്ട് സംവരണ മണ്ഡലങ്ങള്‍ ബിടിപിക്കു കിട്ടി. ഇത്തവണ ബിടിപി തനിച്ചാണ് മത്സരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2022 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി; വിധിയെഴുത്ത് 89 മണ്ഡലങ്ങളില്‍