ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തികൊണ്ട് കുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍
- Published by:meera_57
- news18-malayalam
Last Updated:
കനത്ത സുരക്ഷ കാരണം കത്തി ഉപയോഗിച്ച് കുത്താനുള്ള ശ്രമം പിന്‍വലിക്കുകയായിരുന്നുവെന്നും അക്രമി വെളിപ്പെടുത്തി
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് കുത്താനും പദ്ധതിയിട്ടിരുന്നുവെന്ന് അവരെ ആക്രമിച്ച പ്രതിയുടെ വെളിപ്പെടുത്തല്‍. രേഖ ഗുപ്തയെ അവരുടെ ഔദ്യോഗിക വസതിയില്‍ ഒരു പൊതുപരാതി കേള്‍ക്കുന്നതിനിടെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാജേഷ് ഭായ് ഖിംജി ഭായ് സക്രിയ എന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആഗസ്റ്റ് 20-ന് ആയിരുന്നു സംഭവം.
സംഭവത്തിനുശേഷം ആഗസ്റ്റ് 21-ന് പ്രതിയെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിനു മുമ്പ് ഇയാളെ അരുണ ആസിഫ് അലി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് അവിടെ നിന്നും എല്‍എന്‍ജെപി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെയാണ് മുഖ്യമന്ത്രിയെ കത്തികൊണ്ട് കുത്താനും പദ്ധിയിട്ടിരുന്നുവെന്ന് രാജേഷ് ഭായ് പറഞ്ഞത്. കനത്ത സുരക്ഷ കാരണം കത്തി ഉപയോഗിച്ച് കുത്താനുള്ള ശ്രമം പിന്‍വലിക്കുകയായിരുന്നുവെന്നും അക്രമി വെളിപ്പെടുത്തി. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ കണ്ടപ്പോള്‍ കത്തി സിവില്‍ ലൈന്‍സ് പരിസരത്ത് വലിച്ചെറിഞ്ഞുവെന്നും അക്രമി പറഞ്ഞു.
advertisement
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനു മുമ്പ് സുപ്രീം കോടതിയിലും പോയിരുന്നുവെന്നും കനത്ത സുരക്ഷ കണ്ടശേഷമാണ് തിരിച്ചുവന്നതെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സുപ്രീം കോടതിയിലും ആക്രമണം നടത്താനായിരുന്നു അയാളുടെ ഉദ്ദേശ്യം.
ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയാണ് പിടിയിലായ രാജേഷ് ഭായ് ഖിംജി. ഡല്‍ഹി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു. ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്ന ഭീരു ശ്രമമായിരുന്നു ഈ ആക്രമണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ അനുഗ്രഹവും ജനങ്ങളുടെ സ്‌നേഹവും തന്നെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
രാമരാജ്യം സ്ഥാപിക്കുന്നത് നീതിയുക്തവും സുതാര്യവും ജനങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുമായ ഭരണത്തെ സൂചിപ്പിക്കുന്നുവെന്ന് ഷാലിമാര്‍ ബാഗില്‍ രണ്ട് രാംലീലകളുടെ ശിലാസ്ഥാപന ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി വിനാശകരമായ ശക്തികളെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ഡല്‍ഹിയെ രാമരാജ്യത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ശ്രീരാമന്‍ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും രേഖ ഗുപ്ത പറഞ്ഞു.
ശ്രീരാമന്റെ അനുഗ്രഹം തനിക്ക് ശക്തിയും ധൈര്യവും നല്‍കുമെന്നും അവര്‍ പറഞ്ഞു. രാമായണത്തിലെ കഥാപാത്രങ്ങളെ വേദിയില്‍ കാണുമ്പോഴെല്ലാം നമ്മുടെ സ്വന്തം കടമകളും ഉത്തരവാദിത്തങ്ങളും ഓര്‍മ്മ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനായാണ് രാജ്യത്തുടനീളം ആയിരകണക്കിന് രാംലീലകള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ അറിയിച്ചു. ശ്രീരാമന്റെ അനുഗ്രഹവും ഡല്‍ഹിയിലെ പൗരന്മാരുടെ പിന്തുണയുമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2025 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തികൊണ്ട് കുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍