രൺബീർ കപൂറിന് ഇഡി നോട്ടീസ് അയച്ചത് എന്തിന്? നിരവധി ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ
- Published by:Sarika KP
- news18-malayalam
Last Updated:
കേസുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖ ബോളിവുഡ് താരങ്ങളും നിരീക്ഷണത്തിലാണ്.
മഹാദേവ് ആപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട്, ബോളിവുഡ് നടൻ രൺബീർ കപൂറിനോട് ഒക്ടോബർ 6 ന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖ ബോളിവുഡ് താരങ്ങളും നിരീക്ഷണത്തിലാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റായ്പൂർ ഓഫീസിൽ ഹാജരാകാനാണ് രൺബീർ കപൂറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇഡി രൺബീർ കപൂറിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്?
മഹാദേവ് ആപ്ലിക്കേഷന്റെ പ്രൊമോട്ടർമാർ തങ്ങളുടെ ഗെയിമിംഗ് പ്ലാറ്റ്‌ഫോമിന്റെ പ്രമോഷനു വേണ്ടി രൺബീർ കപൂറിന് പണം നൽകിയതായി ഇഡി പറയുന്നു. മഹാദേവ് ആപ്പിന്റെ പരസ്യങ്ങളിലും സോഷ്യൽ മീഡിയ പ്രമോഷനുകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ആപ്പിന്റെ പ്രൊമോട്ടർമാരിൽ ഒരാളുടെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയും താരങ്ങള്‍ക്ക് വലിയ തുക കൈമാറിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പറഞ്ഞു.
advertisement
എന്താണ് മഹാദേവ് ആപ്പ്? ആരൊക്കെയാണ് ഈ ആപ്പിന്റെ ഉടമകൾ?
ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിന്റൺ, പോക്കർ, കാർഡ് ഗെയിമുകൾ എന്നിവയുൾപ്പെടെ വിവിധ ലൈവ് ഗെയിമുകളുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തുന്നതിനുള്ള ആപ്പാണിത്. സൗരഭ് ചന്ദ്രക്കറും രവി ഉപ്പലുമാണ് കമ്പനിയുടെ പ്രമോട്ടർമാർ. കഴിഞ്ഞ നാല് വർഷമായി ഈ ആപ്പ് രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളാണ് മഹാദേവ് ആപ്പിന്റെ ഉടമസ്ഥരായ ചന്ദ്രകറും രവി ഉപ്പലും. ഈ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഇവർ നിയന്ത്രിച്ചിരുന്നത് ദുബായിൽ നിന്നായിരുന്നു എന്നും ഇഡി പറയുന്നു. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ഓൺലൈൻ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുടെ കൂടുതൽ വിവരങ്ങളും അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നു. മഹാദേവ് ആപ്പ് വഴി, ആളുകൾക്ക് അനധികൃത വെബ്സൈറ്റുകളിലൂടെ ചൂതാട്ടത്തിനുള്ള അവസരം ഒരുക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം ബിനാമി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
advertisement
അനധികൃത മാർഗത്തിലൂടെ കമ്പനി 5,000 കോടി രൂപ നേടിയെന്നും ഇഡി പറയുന്നു. മഹാദേവ് ആപ്പിന്റെ ഉടമകൾക്ക് പ്രാദേശിക ബിസിനസുകാരുമായും ഹവാല ഇടപാടുകാരുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.
എന്തുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളെ ഇഡി നിരീക്ഷിക്കുന്നത്?
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചന്ദ്രക്കറിന്റെ വിവാഹത്തിലും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കമ്പനിയുടെ വിജയാഘോഷത്തിലും നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്തിരുന്നു. “വിവാഹത്തിൽ പങ്കെടുക്കുന്നതിനോ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനോ ഉള്ള പ്രതിഫലമായി ഈ സെലിബ്രിറ്റികൾ വലിയ തുക സ്വീകരിച്ചിരുന്നു. ഈ പണം അനധികൃത മാർഗത്തിലൂടെ കമ്പനി നേടിയതാണ്. വിവാഹത്തിൽ പന്ത്രണ്ടിലേറെ ബോളിവുഡ് താരങ്ങൾ പങ്കെടുത്തിരുന്നു. അവരെ വീഡിയോകളിൽ കാണാം”, ഒരു മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
advertisement
സെലിബ്രിറ്റികളായ വിശാൽ ദദ്‌ലാനി, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, നഷ്രത്ത് ബറൂച്ച, കൃതി ഖർബന്ദ, ഭാരതി സിംഗ്, കൃഷ്ണ അഭിഷേക് എന്നിവരോടൊപ്പം ബോളിവുഡ് താരങ്ങളായ ടൈഗർ ഷിറോഫ്, സണ്ണി ലിയോണി എന്നിവരും വിവാഹത്തിൽ പങ്കെടുത്തതായി മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഹവാല ഇടപാടുകാരുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും 417 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ മുംബൈയിൽ നടത്തിയ റെയ്ഡിൽ, കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഏഴ് ഹവാല ഇടപാടുകാരെയും ഇഡി കണ്ടെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 05, 2023 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രൺബീർ കപൂറിന് ഇഡി നോട്ടീസ് അയച്ചത് എന്തിന്? നിരവധി ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ