PM Narendra Modi Birthday | പ്രധാനമന്ത്രിക്ക് ഇന്ന് 72-ാം ജന്മദിനം: നരേന്ദ്രമോദി ഭരണത്തിലെ സുപ്രധാന നാഴികക്കല്ലുകൾ
- Published by:Rajesh V
- trending desk
Last Updated:
ഇന്ന് (സെപ്റ്റംബർ 17) 72-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ ദിവസത്തിലും കർമനിരതനായിരിക്കും. 2014 മുതൽ തുടരുന്ന പതിവനുസരിച്ച് ഈ വർഷവും സേവനം ചെയ്യാനും വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുമായാണ് ബിജെപിയും മോദിയും ജന്മദിനം നീക്കിവെച്ചിരിക്കുന്നത്.
ഇന്ന്, നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മോദി മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ തുറന്നുവിടും. വനിതാ സ്വയംസഹായ സംഘങ്ങളുമായുള്ള ആശയവിനിമയവും മോദി നടത്തുന്നുണ്ട്. രണ്ടാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് രക്തദാനം, പാവപ്പെട്ടവർക്കും അംഗപരിമിതർക്കുമുള്ള സഹായം, ശുചീകരണ പ്രവൃത്തികൾ തുടങ്ങിയ നിരവധി ഉദ്യമങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ഔദ്യോഗിക കൃത്യങ്ങളിൽ മുഴുകുന്ന പ്രധാനമന്ത്രി മോദിയുടെ എട്ടു വർഷത്തെ ഭരണ കാലയളവിൽ സുപ്രധാനമായ പല നാഴികക്കല്ലുകളും ഉണ്ടായിട്ടുണ്ട്. അവയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം:
advertisement
മാഡിസൺ സ്ക്വയർ ഗാർഡൻ
2014 സെപ്റ്റംബർ 28-ന്, ഇരുപതിനായിരത്തോളം ഇന്ത്യൻ അമേരിക്കൻ വംശജരെയും യുഎസ് ജനപ്രതിനിധികളെയും സാക്ഷിയാക്കി ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ മോദി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. വമ്പൻ സ്പോർട്സ് ഇവൻ്റുകൾക്കും റോക്ക് സംഗീതത്തിലെ പ്രമുഖർക്കും വേദിയായിട്ടുള്ള മാഡിസൺ സ്ക്വയറിൽ മോദിയുടെ വാക്കുകൾ ആവേശത്തോടെയാണ് ഇന്ത്യാക്കാർ കേട്ടിരുന്നത്.
advertisement
ഇന്ത്യയുടെ വികസനത്തിനായി താൻ നടത്തുന്ന യത്നങ്ങളിൽ പങ്കാളികളാകാൻ അമേരിക്കയിലെ ഇന്ത്യൻ വംശജരോട് മോദി അഭ്യർത്ഥിച്ചു. ഒരു വിദേശ നേതാവിന് അമേരിക്കയിൽ ലഭിച്ച ഏറ്റവും വലിയ വേദികളിൽ ഒന്നായിരുന്നു ഇത്.
നോട്ട് നിരോധനം
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിച്ചുകൊണ്ടാണ് 2016 നവംബർ എട്ടിന് രാത്രിയിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ ഞെട്ടിച്ചത്. നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാമെന്നും രണ്ടര ലക്ഷം രൂപയിൽ കൂടുതൽ ഇത്തരത്തിൽ നിക്ഷേപിച്ചാൽ അതിനെ കുറിച്ച് അന്വേഷിക്കുമെന്നും ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടിയിലൂടെ ഉപയോഗത്തിലിരുന്ന 86% നോട്ടുകളാണ് ഇല്ലാതായത്.
advertisement
ആർട്ടിക്കിൾ 370
കഴിഞ്ഞ 70 വർഷത്തിനിടയിൽ ഒരു പക്ഷേ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചയായി മാറി വിഷയമായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് പാർലമെൻ്റ് ഈ തീരുമാനമെടുത്തത്.
ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35-എ എന്നിവ റദ്ദാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥയായിരുന്ന 370-ാം അനുച്ഛേദം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുകയും 35-എ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കശ്മീരിൽ ഭൂമി വാങ്ങുന്നത് തടയുകയും ചെയ്തിരുന്നു.
advertisement
ബിയർ ഗ്രിൽസിനോടൊപ്പമുള്ള മാൻ വേഴ്സസ് വൈൽഡ്
2019 ഓഗസ്റ്റിൽ സർവൈവലിസ്റ്റ് ബിയർ ഗ്രിൽസിനോടൊപ്പം മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയിൽ മോദി പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ മഴയും തണുപ്പും സഹിച്ചുകൊണ്ടാണ് മോദി സമയം തൻ്റെയുള്ളിലെ സാഹസികനെ പുറത്തെടുത്തത്.
Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ തമിഴ്നാട്ടിൽ ജനിക്കുന്ന കുട്ടികൾക്ക് രണ്ടു ഗ്രാം സ്വർണ മോതിരം സമ്മാനം
ഡിസ്കവറി ചാനലിൽ സംപ്രേക്ഷണം ചെയ്ത പരിപാടി, പ്രകൃതിസംരക്ഷണം, ശുചിത്വം എന്നിങ്ങനെ മോദിയുടെ പ്രിയപ്പെട്ട സന്ദേശങ്ങളുടെ പ്രചരണം കൂടി ലക്ഷ്യമിട്ടായിരുന്നു സംഘടിപ്പിച്ചത്. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയാണ് മാൻ വേഴ്സസ് വൈൽഡ്.
advertisement
വികാരാധീനനായ ഐഎസ്ആർഒ തലവന് നൽകിയ ആലിംഗനം
ഐഎസ്ആർഒയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2-ന് ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇറങ്ങാൻ കഴിയാതിരുന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത്യന്തം ദുഃഖകരമായ സംഭവമായിരുന്നു. ഉപഗ്രഹത്തിൻ്റെ വിക്രം എന്നു പേരിട്ട ലാൻഡർ പദ്ധതി പ്രകാരം പ്രവർത്തിക്കാതിരുന്നതാണ് 2019 സെപ്റ്റംബർ 7-ന് ഉദ്യമം വിജയിക്കാതെ പോയതിന് കാരണം.
ഇതിനെ തുടർന്ന് വികാരാധീനനായി തൻ്റെയടുത്തെത്തിയ ഐഎസ്ആർഒ തലവൻ കെ ശിവനെ കെട്ടിപ്പിടിച്ചാണ് മോദി ആശ്വസിപ്പിച്ചത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 130 കോടി ജനങ്ങളുടെ ആലിംഗനം എന്നുപറഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ വീഡിയോ പങ്കുവെച്ചത്.
advertisement
പിന്നീട്, ഐഎസ്ആർഒയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത മോദി ചാന്ദ്ര ദൗത്യത്തിലെ തടസ്സങ്ങളിൽ വിഷമിക്കരുതെന്നും “പുതിയ പ്രഭാതം” ഉടൻ ഉണ്ടാകുമെന്നും പറഞ്ഞു.
ഹൗഡി മോദി!
2019 സെപ്റ്റംബർ 22-ന് അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഹൗഡി മോദി റാലിയിൽ അമ്പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. അമേരിക്കൻ മണ്ണിൽ ഒരു വിദേശ നേതാവിന് അപൂർവ്വമായി മാത്രം ലഭിച്ചിട്ടുള്ള വൻ സ്വീകരണങ്ങളിൽ ഒന്നായിരുന്നു ഇത്.
പരസ്പരം പ്രശംസ ചൊരിഞ്ഞ ട്രംപും മോദിയും ഹൂസ്റ്റണിലെ എൻജിആർ സ്റ്റേഡിയത്തിൽ അണിനിരന്ന ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി. സാരിയും മുണ്ടും തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ വേഷങ്ങൾ അണിഞ്ഞെത്തിയ ജനക്കൂട്ടം “മോദി… മോദി” എന്ന മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹത്തെ വരവേറ്റത്.
നമസ്തേ ട്രംപ്
ഹൗഡി മോദി റാലി കഴിഞ്ഞ് മാസങ്ങൾക്കകം ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മൊട്ടേര സ്റ്റേഡിയത്തിൽ മോദിയും ഇന്ത്യൻ ജനതയും ചേർന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വരവേറ്റു. 2020 ഫെബ്രുവരി 24-നായിരുന്നു ഈ പരിപാടി.
നമസ്തേ ട്രംപ് എന്നു പേരിട്ട പരിപാടിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് പങ്കെടുത്തത്. മോദി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ പുകഴ്ത്തിയപ്പോൾ ഇന്ത്യയുടെ ജനാധിപത്യത്തെയും നേട്ടങ്ങളെയും എടുത്തുപറഞ്ഞാണ് ട്രംപ് കയ്യടി വാങ്ങിയത്.
കോവിഡ് വാക്സിനേഷനിലെ നേട്ടം
2021 ഒക്ടോബർ 21 ഇന്ത്യയുടെ ആരോഗ്യ മേഖലയെ സംബന്ധിച്ച് ഒരു പ്രധാന ദിവസമായിരുന്നു. അന്നാണ്, കോവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 100 കോടി വാക്സിൻ കുത്തിവെപ്പ് എന്ന നേട്ടം കൈവരിച്ചത്. പോളിയോ നിർമ്മാർജ്ജനം ചെയ്ത ശേഷമുള്ള ഏറ്റവും വലിയ യത്നങ്ങളിൽ ഒന്നായിരുന്നു ഇത്.
ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ച് അവിടുത്തെ ആരോഗ്യപ്രവർത്തകരോട് ആശയവിനിമയം നടത്തിക്കൊണ്ടാണ് മോദി ഈ നേട്ടം ലോകത്തെ അറിയിച്ചത്. ശാസ്ത്ര, വ്യവസായ മേഖലകളിൽ രാജ്യം നേടിയ പുരോഗതിയെ മോദി അഭിനന്ദിച്ചു.
ആശുപത്രി സന്ദർശനത്തിനിടെ, കുത്തിവെപ്പ് എടുക്കാനെത്തിയ ആളുടെ വിനോദത്തെക്കുറിച്ചും ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞ മോദി, അംഗപരിമിതിയുള്ള ഒരാൾക്ക് വാക്സിൻ നൽകുന്നതിന് സാക്ഷിയാകുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2022 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi Birthday | പ്രധാനമന്ത്രിക്ക് ഇന്ന് 72-ാം ജന്മദിനം: നരേന്ദ്രമോദി ഭരണത്തിലെ സുപ്രധാന നാഴികക്കല്ലുകൾ