ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72ാം ജന്മദിനം. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.
പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉദ്ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.
എല്ലാ ജില്ലകളിലും ബിജെപി പ്രവർത്തകർ രക്തദാന ക്യാംപുകൾ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ദിവ്യാംഗർക്ക് ഉപകരണങ്ങൾ നൽകും. കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.
#WATCH | My dear friend, tomorrow you are about to celebrate your birthday...,says Russian President Vladimir Putin to PM Modi ahead of his birthday
(Source: DD) pic.twitter.com/93JWy2H43S
— ANI (@ANI) September 16, 2022
ടിബി മുക്ത ഭാരത ക്യാംപെയ്നിന്റെ ഭാഗമായി അസുഖബാധിതരെ ഒരു വർഷത്തേക്കു ദത്തെടുത്ത് ആവശ്യമുള്ള ചികിത്സാ സഹായങ്ങൾ നൽകുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. രണ്ടു ദിവസം രാജ്യമാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ജലസംരക്ഷണ ബോധവൽക്കരണം, സാംസ്കാരിക, ബുദ്ധിജീവി സമ്മേളനങ്ങൾ, പ്രധാനമന്ത്രിക്ക് ദീർഘായുസ്സ് നേർന്ന് കത്തെഴുതൽ എന്നിവയുമുണ്ടാകും. 25ന് ദീൻ ദയാൽ ഉപാധ്യായ ജയന്തിയും വിപുലമായി ആഘോഷിക്കുമെന്ന് അരുൺ സിങ് പറഞ്ഞു.
ആശംസകൾ നേർന്ന് പ്രമുഖർ
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്- സമൂഹത്തിലെ ദുർബലരും ദരിദ്രരുമായവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങൾക്കും വികസന മോഹങ്ങൾക്കും ചിറകേകിയ അംബേദ്കറുടെ സ്വപ്നങ്ങൾ സഫലീകരിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. നവംബർ 26 ഭരണഘടനാ ദിനമാക്കാൻ മുൻകയ്യെടുത്ത പ്രധാനമന്ത്രി തന്നെയാണ് അംബേദ്കറുടെ 125–ാം ജന്മവാർഷികമാഘോഷിക്കാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കും പ്രേരണയായത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും സ്വയംപര്യാപ്ത ഇന്ത്യയും മോദി സർക്കാരിന്റെ പ്രധാന തീരുമാനങ്ങളാണ്. അംബേദ്കറുടെ സ്വപ്നങ്ങളാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. അഴിമതിയോടും കുടുംബവാഴ്ച രാഷ്ട്രീയത്തോടുമുള്ള ആശങ്ക അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രാജ്യമാണ് ആദ്യമെന്ന മുദ്രാവാക്യത്തിലൂന്നി സദ്ഭരണവും സാമൂഹിക ഐക്യവും അച്ചടക്കവും മുഖമുദ്രയാക്കിയാണ് മോദി മുന്നേറുന്നത്.
ജെ പി നഡ്ഡ- ജനങ്ങളുടെ ശക്തിയിലുള്ള ദൃഢവിശ്വാസവും ആശയവിനിമയത്തിലെ സുതാര്യതയുമാണ് മോദിയെ വ്യത്യസ്തനാക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുന്നതിനോടൊപ്പം ജനങ്ങളെ അവരുടെ കടമ നിർവഹിക്കാൻ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. സ്വച്ഛഭാരത് അഭിയാൻ, ജലജീവൻ മിഷൻ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി സമസ്തമേഖലകളിലും ജനപങ്കാളിത്തത്തോടെ വിജയം കാണാൻ മോദിക്കു കഴിഞ്ഞു.
നിതിൻ ഗഡ്കരി- രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് മോദിയുടെ കാലത്തു വന്നത്. പിഎം ഗതിശക്തി പദ്ധതി ഇതിനുദാഹരണമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ സമഗ്ര ആസൂത്രണത്തിന് ഇത് ഉപകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Narendra modi, Narendra Modi Birthday, Narendra Modi Prime minister, Pm modi, Prime minister narendra modi