ബലൂചിസ്ഥാനില്‍ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണറായി ഹിന്ദു വനിത നിയമിതയായി

Last Updated:

പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് ഹിന്ദുക്കള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 75 ലക്ഷം ഹിന്ദുക്കള്‍ രാജ്യത്തുണ്ട്

കാശിഷ് ചൗധരി
കാശിഷ് ചൗധരി
പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണറായി ഹിന്ദു വനിത നിയമിതയായി. ബലൂചിസ്ഥാനിലെ ചാഗെ ജില്ലയിലെ നോഷ്‌കി എന്ന പട്ടണത്തിൽ നിന്നുള്ള 25കാരിയായ കാശിഷ് ചൗധരിയാണ് ചരിത്രം സൃഷ്ടിച്ചത്. ബലൂചിസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ബിപിഎസ്സി) പരീക്ഷയില്‍ ഇവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തിങ്കളാഴ്ച ക്വറ്റയില്‍ പിതാവ് ഗര്‍ധാരി ലാലിനൊപ്പം ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തിയെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിനും പ്രവിശ്യയുടെ മൊത്തത്തിലുള്ള വികസനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുമെന്ന് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. "മകളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഫലം ലഭിച്ചിരിക്കുന്നു. അവള്‍ അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായി എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു," ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന തന്റെ മകള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സ്വപ്‌നം കണ്ടിരുന്നതായും പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ അവരുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പ്രധാന പദവികള്‍ വഹിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ബുഗ്തി പറഞ്ഞു.
കാശിഷ് ചൗധരി രാജ്യത്തിന്റെയും ബലൂചിസ്ഥാന്റെയും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനിലെ പുരുഷാധിപത്യമേഖലകളില്‍ ഹിന്ദുസമൂഹത്തില്‍ നിന്നുള്ള സ്ത്രീകള്‍ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. സാംസ്‌കാരിക, മത, സാമൂഹിക തടസ്സങ്ങളെ മറികടന്നാണ് അവര്‍ സുപ്രധാന പദവികളിലെത്തുന്നത്.
2022 ജൂലായില്‍ കറാച്ചിയില്‍ പോലീസ് സൂപ്രണ്ടായി ആദ്യത്തെ ഹിന്ദു വനിതയായി മനേഷ് റോപേത നിയമിതയായിരുന്നു. അവര്‍ ഇപ്പോഴും ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
കറാച്ചിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായി 35കാരിയായ പുഷ്പ കുമാരി കോലിയും നിയമിതയായിരുന്നു.
"സിന്ധ് പോലീസ് പബ്ലിക് സര്‍വീസസ് പരീക്ഷ ഞാന്‍ പാസായിരുന്നു. സ്വയം വിദ്യാഭ്യാസം നേടാനും മികച്ച ജോലി നേടാനും ആഗ്രഹിക്കുന്ന നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്," പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കോലി പറഞ്ഞു.
2019ല്‍ സിന്ധ് പ്രവിശ്യയിലെ ജന്മനാടായ സഹ്ദാദ്‌കോട്ടില്‍ സിവില്‍ ജഡ്ജിയായി നിയമിതയായ സുമന്‍ പവല്‍ ബോദാനി നിലവില്‍ ഹൈദരാബാദില്‍ സിവില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരുന്നു.
advertisement
കുടുംബത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസം നേടാനും ഉന്നതപഠനം നടത്താനും ഹിന്ദു പെണ്‍കുട്ടികള്‍ കൂടുതല്‍ താത്പര്യവും മുന്‍കൈയും എടുക്കുന്നുണ്ടെന്ന് സിന്ധ് പ്രവിശ്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ രമേശ് കുമാര്‍ വാങ്ക്വാനി പറഞ്ഞു. "ഞങ്ങളുടെ യുവതികള്‍ ഞങ്ങള്‍ക്ക് അഭിമാനമാണ്. സിന്ധില്‍ ഞങ്ങള്‍ക്ക് ഡോക്ടര്‍മാര്‍, സിവില്‍ സര്‍വീസ് നേടിയവര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുണ്ട്," അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെയും ഹിന്ദുക്കളായ യുവതികളെയും മുസ്ലിം പുരുഷന്മാര്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന സംഭവങ്ങള്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍, അത്തരം ഭീഷണികളെ നേരിടാന്‍ സിന്ധിലെ ഹിന്ദു സമൂഹത്തിന് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് ഹിന്ദുക്കള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 75 ലക്ഷം ഹിന്ദുക്കള്‍ രാജ്യത്തുണ്ട്. എന്നാല്‍, ഇത് 90 ലക്ഷം കവിയുമെന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബലൂചിസ്ഥാനില്‍ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണറായി ഹിന്ദു വനിത നിയമിതയായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement