ചിപ്പ് നിർമാണത്തില്‍ അതിവേഗം ഇന്ത്യ; 1.58 ലക്ഷം കോടി രൂപയുടെ 10 പദ്ധതികള്‍ അണിയറയില്‍
- Published by:meera_57
- news18-malayalam
Last Updated:
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ അംഗീകാരങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ദേശീയ ഏകജാലക സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്
ചിപ്പ് നിര്‍മ്മാണ രംഗത്ത് അതിവേഗം കുതിച്ച് ഇന്ത്യ. 18 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന (ഏകദേശം 1.58 ലക്ഷം കോടി രൂപ) 10 സെമികണ്ടക്ടര്‍ പദ്ധതികള്‍ രാജ്യത്ത് പുരോഗമിക്കുകയാണെന്നും ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു. സെമികോണ്‍ ഇന്ത്യ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ആദ്യത്തെ 32-ബിറ്റ് ചിപ്പ് (മൈക്രോപ്രോസസര്‍) 'വിക്രം-3210' പ്രധാനമന്ത്രി പുറത്തിറക്കി. സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യ പുരോഗമിക്കുകയാണെന്നും 1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഗോള ചിപ്പ് വിപണിയില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നും മോദി പറഞ്ഞു.
"ലോകം ഇന്ത്യയെ വിശ്വസിക്കുന്നു. ലോകം ഇന്ത്യയില്‍ വിശ്വസിക്കുന്നു, ഇന്ത്യയുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍ ഭാവി കെട്ടിപ്പടുക്കാന്‍ ലോകം തയ്യാറാണ്. സെമികണ്ടക്ടര്‍ ലോകത്ത് ഒരു ചൊല്ലുണ്ട്. എണ്ണ കറുത്ത സ്വര്‍ണ്ണമാണെങ്കില്‍ ചിപ്പുകള്‍ ഡിജിറ്റല്‍ വജ്രങ്ങളാണ്", പ്രധാനമന്ത്രി പറഞ്ഞു. അര്‍ദ്ധചാലകങ്ങളുടെ ആഗോള വിപണി 600 ബില്യണ്‍ ഡോളറിലേക്ക് എത്തുകയാണെന്നും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
advertisement
"2021-ല്‍ ആണ് ഞങ്ങള്‍ സെമികോണ്‍ ഇന്ത്യ പരിപാടി ആരംഭിച്ചത്. 2023ഓടെ ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടര്‍ പ്ലാന്റിന് അംഗീകാരം ലഭിച്ചു. 2024-ല്‍ കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. 2025-ല്‍ അഞ്ച് പദ്ധതികള്‍ കൂടി അംഗീകരിച്ചു. മൊത്തം 1.58 ലക്ഷം കോടിയിലധികം രൂപ മൂല്യം വരുന്ന 10 പദ്ധതികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ഇത് ഇന്ത്യയിലുള്ള ലോകത്തിന്റെ വര്‍ദ്ധിക്കുന്ന വിശ്വാസത്തെയാണ് കാണിക്കുന്നത്", മോദി വിശദമാക്കി.
സെമികണ്ടക്ടര്‍ പദ്ധതികളില്‍ ഇന്ത്യയുടെ വേഗതയെ കുറിച്ചും മോദി ചൂണ്ടിക്കാട്ടി. ഫയലില്‍ നിന്ന് ഫാക്ടറിയിലേക്കുള്ള സമയം കുറയുകയും പേപ്പര്‍ ജോലികള്‍ കുറയുകയും ചെയ്യുമ്പോള്‍ വേഫര്‍ ജോലികള്‍ എത്രയും വേഗം ആരംഭിക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു. ഈ സമീപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോദി വ്യക്തമാക്കി.
advertisement
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ അംഗീകാരങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ദേശീയ ഏകജാലക സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. തല്‍ഫലമായി നിക്ഷേപകരെ കടലാസുകളില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. പ്ലഗ് ആന്‍ഡ് പ്ലേ ഇന്‍ഫ്രാസ്ട്രക്ചര്‍ മോഡലിന് കീഴില്‍ രാജ്യത്തുടനീളം സെമികണ്ടക്ടര്‍ പാര്‍ക്കുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൂമി, വൈദ്യുതി വിതരണം, തുറമുഖം, വിമാനത്താവള കണക്റ്റിവിറ്റി, വിദഗ്ധ തൊഴിലാളി കൂട്ടായ്മയുടെ ലഭ്യത എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വിശദമാക്കി.
ഇന്ത്യ ഒരു സമ്പൂര്‍ണ്ണ സെമികണ്ടക്ടര്‍ രാജ്യമായി മാറുമെന്നും മോദി ഉറപ്പിച്ചുപറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ചെറിയ ചിപ്പ് ലോകത്തിലെ ഏറ്റവും വലിയ മാറ്റത്തിന് നേതൃത്വം നല്‍കുന്ന ദിവസം വിദൂരമല്ലെന്നും മോദി ആവര്‍ത്തിച്ചു. "ഞങ്ങളുടെ യാത്ര വൈകിയാണ് ആരംഭിച്ചത്. പക്ഷേ ഇപ്പോള്‍ നമ്മെ തടയാന്‍ യാതൊന്നിനും കഴിയില്ല", പ്രധാനമന്ത്രി പറഞ്ഞു.
advertisement
ഇന്ത്യയുടെ സെമികണ്ടക്ടര്‍ ദൗത്യം ഒരൊറ്റ ഫാബ് സ്ഥാപിക്കുന്നതിലോ ഒരൊറ്റ ചിപ്പ് നിര്‍മ്മിക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും മോദി പറഞ്ഞു. മറിച്ച് രാജ്യത്തെ സ്വയംപര്യാപ്തവും ആഗോളതലത്തില്‍ മത്സരക്ഷമതയുള്ളതുമാക്കുന്ന ഒരു ശക്തമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയാണ് ഇന്ത്യ സൃഷ്ടിക്കുന്നത്. നോയിഡയിലും ബംഗളൂരുവിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിസൈന്‍ സെന്ററുകള്‍ കോടിക്കണക്കിന് ട്രാന്‍സിസ്റ്ററുകള്‍ സംഭരിക്കാന്‍ കഴിവുള്ള ലോകത്തിലെ ഏറ്റവും നൂതനമായ ചില ചിപ്പുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ചിപ്പുകള്‍ 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകള്‍ക്ക് ശക്തി പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള സെമികണ്ടക്ടര്‍ മേഖല നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് അവയെ മറികടക്കാന്‍ ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 03, 2025 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചിപ്പ് നിർമാണത്തില്‍ അതിവേഗം ഇന്ത്യ; 1.58 ലക്ഷം കോടി രൂപയുടെ 10 പദ്ധതികള്‍ അണിയറയില്‍