• HOME
 • »
 • NEWS
 • »
 • india
 • »
 • വാങ്ക് വിളി സംബന്ധിച്ച വിവാദപ്രസ്താവന: മതത്തെ അവഹേളിക്കലല്ലെന്ന വിശദീകരണവുമായി ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പ

വാങ്ക് വിളി സംബന്ധിച്ച വിവാദപ്രസ്താവന: മതത്തെ അവഹേളിക്കലല്ലെന്ന വിശദീകരണവുമായി ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പ

''ആരെങ്കിലുമൊക്കെ പൊതുസമൂഹത്തിന്റെ വികാരങ്ങൾ പുറത്തു പറയണം. ഇത് ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കലല്ല''

 • Share this:

  മംഗളൂരുവിൽ നടന്ന വിജയ് സങ്കൽപ് യാത്രയിൽ അല്ലാഹുവിനെക്കുറിച്ചും വാങ്ക് വിളിയെക്കുറിച്ചും കർണാടക ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ നടത്തിയ പ്രസ്താവന വിവാദത്തിൽ. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി അദ്ദേഹം നേരിട്ട് രം​ഗത്തെത്തി. ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കാനല്ല താൻ ഉദ്ദേശിച്ചതെന്നും പൊതുസമൂഹത്തിന്റെ വികാരമാണ് താൻ പറഞ്ഞതെന്നും കെ എസ് ഈശ്വരപ്പ വിശദീകരിച്ചു.

  ”ഇപ്പോൾ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. പരീക്ഷയ്ക്ക് പഠിക്കാൻ ഇരിക്കുന്ന വിദ്യാർത്ഥികൾ വാങ്ക് വിളി കേൾക്കുമ്പോൾ തന്നെ ആകെ അസ്വസ്ഥരാകുകയാണ്. അള്ളാഹുവിന് പതുക്കെ പ്രാർത്ഥിച്ചാൽ കേൾക്കാൻ കഴിയില്ലേ? അതോ അദ്ദേഹം ബധിരനാണോ എന്നാണ് ഞാൻ ചോദിച്ചത്. ആരെങ്കിലുമൊക്കെ പൊതുസമൂഹത്തിന്റെ വികാരങ്ങൾ പുറത്തു പറയണം. ഇത് ഏതെങ്കിലുമൊരു മതത്തെ അവഹേളിക്കലല്ല. അള്ളാഹുവിന് പതുക്കെ പ്രാർത്ഥിച്ചാലും കേൾക്കാം. പക്ഷെ ഇവർ മൈക്കുകളിലൂടെ അലറുന്നു. അതു മാത്രമേ അല്ലാഹുവിന്റെ ചെവിയിലെത്തുകയുള്ളോ?”, ഈശ്വരപ്പ പറഞ്ഞു.

  Also Read- ‘കര്‍ണാടക വികസനത്തിന്റെ പവർ ഹൗസ്; രാജ്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകുന്ന സംസ്ഥാനം:’ പ്രധാനമന്ത്രി

  മംഗളൂരുവിൽ സംസാരിക്കുന്നതിനിടെ  വാങ്ക് വിളി ഉയർന്നതിനാൽ എംഎൽഎ ഇടക്കു വെച്ച് പ്രസംഗം നിർത്തുകയായിരുന്നു. ഇതൊരു തലവേദന ആണല്ലോ എന്നു പറഞ്ഞ ഈശ്വരപ്പ ഈ രീതിയെ ചോദ്യം ചെയ്യുകയും മൈക്ക് ഉപയോഗിച്ച് വാങ്ക് വിളിച്ചാൽ ​​മാത്രമേ അല്ലാഹുവിന് കേൾക്കാനാകുമോ എന്നും ചോദിച്ചിരുന്നു.

  ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് വ്യക്തികൾക്ക് സ്വതന്ത്രമായി അവർക്കിഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും അത് പ്രചരിപ്പിക്കാനും മൗലികാവകാശം നൽകുന്നുണ്ടെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് മാസം വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ അവകാശങ്ങൾ ചില നിയന്ത്രണങ്ങൾക്ക് വിധേയമാണ്. മൈക്കുകളിലൂടെ ഉറക്കെ വാങ്ക് വിളിക്കുന്നത് മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് വാദിച്ച ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. വർഷത്തിൽ 15 ദിവസത്തേക്ക് എന്ന അടിസ്ഥാനത്തിൽ ആഘോഷവേളകളിൽ അർദ്ധരാത്രി വരെ ഉച്ചഭാഷിണി അനുവദിക്കാമെന്ന് 2005ലെ ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

  Also Read- സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു

  രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ ബലിയർപ്പിച്ചത് റോഡുകളോ ഡ്രെയിനേജുകളോ കെട്ടിടങ്ങളോ നിർമിക്കാനല്ല, മറിച്ച് ധർമ വികസനത്തിനാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഈശ്വരപ്പയുടെ പുതിയ വിവാദ പ്രസ്താവന. ”നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് നമ്മുടെ ധർമവും രാഷ്ട്രവും വികസിപ്പിക്കുന്നതിനാണ്. സവർക്കറും, ചന്ദ്രശേഖർ ആസാദും, സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികൾ നിങ്ങളുടെ ഗ്രാമങ്ങളിൽ ഡ്രെയിനേജും റോഡുകളും കെട്ടിടങ്ങളും നിർമിക്കാനല്ല സ്വാതന്ത്ര്യം നേടിത്തന്നത്”, എന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.

  Published by:Rajesh V
  First published: