'ഞങ്ങള്‍ക്ക് ജീവിക്കണം, നല്ല വിദ്യാഭ്യാസം വേണം, ഹിജാബും വേണം'; വൈറലായ കര്‍ണാടകയിലെ മുസ്ലീം പെണ്‍കുട്ടി

Last Updated:

ഈ വിഷയത്തിലെ തന്റെ നിലപാടുകളെപ്പറ്റിയും പ്രതീക്ഷകളെപ്പറ്റിയും സംസാരിക്കുകയാണ് മുസ്‌കാന്‍ ഖാന്‍.

കര്‍ണാടകയിലെ ഹിജാബ് നിരോധനവിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ചര്‍ച്ചയായ ഒരു പേരാണ് മുസ്‌കാന്‍ ഖാന്‍. മാണ്ഡ്യ സ്വദേശിനിയായ മുസ്‌കാന്‍ ഹിജാബ് നിരോധനത്തെ ശക്തമായി അപലപിച്ചിരുന്നു. കോളേജിലേക്ക് ഹിജാബ് ധരിച്ചെത്തിയ മുസ്‌കാനെ നോക്കി ഒരു സംഘം ജയ്ശ്രീ റാം വിളിച്ചപ്പോള്‍ ആ കൂട്ടത്തിന് മുന്നിലൂടെ അല്ലാഹ് അക്ബര്‍ വിളിച്ച് മുന്നോട്ട് പോയ പെണ്‍കുട്ടി കൂടിയാണ് മുസ്‌കാന്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. 2022ലാണ് ഈ സംഭവം നടന്നത്.
അതേസമയം നിലവിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിജാബ് നിരോധനം ഒഴിവാക്കുന്നതിനെപ്പറ്റി അനുകൂലമായി സംസാരിച്ചതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മുസ്‌കാന്‍. ഈ വിഷയത്തിലെ തന്റെ നിലപാടുകളെപ്പറ്റിയും പ്രതീക്ഷകളെപ്പറ്റിയും സംസാരിക്കുകയാണ് മുസ്‌കാന്‍ ഖാന്‍. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുസ്‌കാന്‍ മനസ്സ് തുറന്നത്.
ഹിജാബ് നിരോധനം എടുത്ത് മാറ്റുന്നതിനെപ്പറ്റിയുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ നിലപാടിനെ എങ്ങനെ നോക്കികാണുന്നു?
ഒരുപാട് സന്തോഷം തോന്നി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതേപ്പറ്റി സംസാരിച്ചതില്‍ സന്തോഷമുണ്ട്. ഹിജാബ് വിവാദത്തെത്തുടര്‍ന്ന് നിരവധി പേരാണ് പഠനം ഉപേക്ഷിച്ചത്. എന്നാല്‍ വിദ്യാഭ്യാസം തുടരണം എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. നമ്മുടെയെല്ലാം ജീവിതത്തിലെ തന്നെ പ്രധാന ഭാഗമാണ് അത്. അതുകൊണ്ട് വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
advertisement
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് താങ്കളും കോളേജ് പഠനം നിര്‍ത്തിയിരുന്നു. ഇക്കഴിഞ്ഞ ഒന്നരവര്‍ഷം എന്ത് ചെയ്യുകയായിരുന്നു?
ഹിജാബ് നിരോധനത്തിന് പിന്നാലെ ഞാന്‍ കോളേജില്‍ നിന്നും ഇറങ്ങി. ഈ സമയമെല്ലാം ഞാന്‍ ഇന്ത്യന്‍ ഭരണഘടനയും ഇസ്ലാമിക നിയമങ്ങളെപ്പറ്റിയും പഠിക്കുകയായിരുന്നു. സുപ്രീം കോടതിയിലെ രണ്ട് അഭിഭാഷകര്‍ എന്റെ വീട്ടില്‍ വന്നിരുന്നു. അവര്‍ എനിക്ക് ഇന്ത്യന്‍ നിയമം, ഭരണഘടന എന്നീ പുസ്തകങ്ങള്‍ സമ്മാനിച്ചിരുന്നു. ഈ പുസ്തകങ്ങളും ഞാനിപ്പോള്‍ വായിച്ചുവരുന്നു. മറ്റ് ചില കോഴ്‌സുകളും ചെയ്യുന്നുണ്ട്.
advertisement
പഠിക്കാന്‍ കോളേജിലേക്ക് വീണ്ടും പോകാന്‍ ആഗ്രഹമുണ്ടോ?
ഹിജാബ് ധരിച്ച് കോളേജില്‍ അവര്‍ എന്നെ പ്രവേശിപ്പിച്ചാല്‍ കോളേജിലേക്ക് തിരികെ പോകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പരീക്ഷകള്‍ എഴുതണമെന്നും ആഗ്രഹമുണ്ട്.
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരില്‍ ഭൂരിഭാഗം പേരും ഹിജാബ് നിരോധനത്തിന് ശേഷം കോളേജില്‍ പോയിട്ടില്ല. ചിലര്‍ ഹിജാബ് ധരിക്കാന്‍ അനുവാദമുള്ള കോളേജുകളിലേക്ക് തങ്ങളുടെ പഠനം മാറ്റി. ഈ വിഷയത്തില്‍ നിങ്ങളുടെ നിലപാട് എന്താണ് ?
ഹിജാബ് ധരിക്കാന്‍ അനുവാദമുള്ള കോളേജുകളിലേക്ക് മാറി പഠനം പുനരാരംഭിക്കണമെന്ന് തന്നെയാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്. വിദ്യാഭ്യാസം എന്നത് വലിയൊരു അവസരമാണ്. അതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. പഴയത് പോലെ കോളേജിലേക്ക് വീണ്ടും പോകാനാകുമെന്ന പ്രതീക്ഷയിലാണ് ഞാനും.
advertisement
ഹിജാബ് നിരോധന സമയത്ത് നിങ്ങള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചിരുന്നല്ലോ. അതിന് ശേഷം പേടി തോന്നിയോ ?
ഒരിക്കലുമില്ല. രാജ്യം മുഴുവന്‍ എന്റെ കൂടെയുണ്ടായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേരാണ് എന്നെ പിന്തുണച്ച് രംഗത്തെത്തിയത്. നിരവധി അമുസ്ലീം സുഹൃത്തുക്കളും എന്നെ പിന്തുണച്ചു. അതില്‍ എനിക്ക് സന്തോഷമുണ്ട്. അന്ന് കോളേജിലുണ്ടായ സംഭവത്തില്‍ ആദ്യം ഞാന്‍ ഭയന്നു. പിന്നീടാണ് ഞാന്‍ അല്ലാഹുവിന്റെ നാമം ഉറക്കെ വിളിച്ചത്. വിവിധ മതവിഭാഗങ്ങളില്‍ പെട്ടവരാണ് എന്നെ അന്ന് പിന്തുണച്ച് രംഗത്തെത്തിയത്.
advertisement
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രചരണത്തിന്റെ മുഖമായിരുന്നു ഉഡുപ്പി എംഎല്‍എ യശ്പാല്‍ സുവര്‍ണ. അദ്ദേഹത്തിന്റെ സ്ഥാപനത്തിലാണ് ആദ്യമായി ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത്. ജാതി, മത, വ്യത്യാസമില്ലാതെയുള്ള യൂണിഫോം എല്ലാവരും പാലിക്കണമെന്നായിരുന്നു ഇതിന് അദ്ദേഹം നല്‍കിയ വിശദീകരണം. ഈ വിഷയത്തില്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
ഞങ്ങളുടെ ആവശ്യം ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ബൂര്‍ഖ ധരിക്കണമെന്ന് ഒരിക്കലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. നോക്കൂ ഞാനിപ്പോള്‍ ധരിച്ചിരിക്കുന്നത് ഒരു നിഖാബ് ആണ്. ഇതൊന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ യൂണിഫോം ധരിക്കുമെന്നും അതോടൊപ്പം ദൂപ്പട്ട/ ശിരോവസ്ത്രം ധരിക്കണമെന്നുമാത്രമാണ് ഞങ്ങളുടെ ആവശ്യം. സ്ഥാപനം ആവശ്യപ്പെടുന്ന യൂണിഫോം തന്നെയായിരിക്കും ഞങ്ങള്‍ ധരിക്കുക. ദുപ്പട്ട ഹിജാബായി ധരിക്കുന്നു. ഇതായിരുന്നു ഞങ്ങളുടെ ആവശ്യം. ക്ലാസ്സില്‍ ബൂര്‍ഖ ധരിക്കാന്‍ അനുവദിക്കണം എന്ന് ഒരിക്കലും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല.
advertisement
ഹിജാബ് ധരിക്കാന്‍ അനുമതി ലഭിച്ചുവെന്ന് കരുതുക. വിദ്യാഭ്യാസം തുടരാന്‍ ആഗ്രഹമുണ്ടെന്ന് നിങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. എന്താണ് ഇതില്‍ നിങ്ങളുടെ നിലപാട്?
ഈ ലോകത്ത് അതിജീവിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ ജീവിക്കാന്‍ നമുക്ക് മികച്ച വിദ്യാഭ്യാസം വേണം. ആ ലക്ഷ്യം കൈവരിക്കുന്നതിന് ഹിജാബ് ഞങ്ങള്‍ക്ക് ആവശ്യമാണ്. രണ്ട് ലക്ഷ്യങ്ങളും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്തൊക്കെയാണ് ഭാവി പരിപാടികള്‍?
എല്‍എല്‍ബിയ്ക്ക് ചേര്‍ന്ന് ഒരു അഭിഭാഷകയാകണമെന്നാണ് എന്റെ ആഗ്രഹം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞങ്ങള്‍ക്ക് ജീവിക്കണം, നല്ല വിദ്യാഭ്യാസം വേണം, ഹിജാബും വേണം'; വൈറലായ കര്‍ണാടകയിലെ മുസ്ലീം പെണ്‍കുട്ടി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement