കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പൊതുഗതാഗത സംവിധാനങ്ങളെ നവീകരിക്കാനൊരുങ്ങി സർക്കാർ. ജനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണ് ബംഗാള്‍ സര്‍ക്കാര്‍.
ഇന്ന് (ജനുവരി 9ന്) ഈ പദ്ധതിയുടെ ഉദ്ഘാടനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍വ്വഹിക്കും. ആദ്യ ഘട്ടത്തില്‍ ഏകദേശം 1,60,000 ലധികം വാഹനങ്ങളിലാണ് സംവിധാനം ഘടിപ്പിക്കുക.
‘യാത്രക്കാരുടെ സുരക്ഷയ്ക്കായി പൊതുഗതാഗത വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ബംഗാള്‍,’ ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി സ്നേഹാശിഷ് ചക്രബര്‍ത്തി പറഞ്ഞു.
പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി മുമ്പ് നിര്‍ദ്ദേശിച്ചിരുന്നതാണ്.
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ സ്ഥാപിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ അവയുപയോഗിക്കാമെന്നും വിദഗ്ധര്‍ പറഞ്ഞു.
അതുകൂടാതെ കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്താനും കുറ്റക്യത്യം നടന്ന സ്ഥലത്തേക്ക് പൊലീസിന് എത്താനും ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനത്തിലൂടെ സാധിക്കും.
2021-22 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തിന്റെ 96 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2020-21 ല്‍ 42 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ടില്‍ നിന്നും പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ 2021-22 ആയപ്പോഴേക്കും ഇത് 528.14 കോടിയായി ഉയര്‍ന്നു.
2021-22ല്‍ പാര്‍ട്ടിയ്ക്ക് 545.74 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അതില്‍ 528.14 കോടി രൂപയും ഇലക്ടറല്‍ ബോണ്ടില്‍ നിന്നുമാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫീസ്, ഫണ്ട് ശേഖരണം തുടങ്ങിയ വിഭാഗത്തില്‍ നിന്നും ഏകദേശം 14.36 കോടി രൂപയോളം പാര്‍ട്ടിയ്ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം പാര്‍ട്ടി ചെലവും വര്‍ധിച്ചിട്ടുണ്ട്. 2020-21ല്‍ 132 കോടി രൂപയായിരുന്നു തൃണമൂലിന്റെ ചെലവ് വിഹിതം. എന്നാല്‍ 2021-22 ഓടെ ഇത് 268 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
2017ലെ കേന്ദ്ര ബജറ്റിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന ആശയം കൊണ്ടു വരുന്നത്. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കാവുന്ന സംവിധാനമാണിത്. ഇലക്ടറല്‍ ബോണ്ടിന്റെ രേഖയില്‍ പണം നല്കിയ ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ പേരു വിവരങ്ങള്‍ ഉണ്ടായിരിക്കില്ല. ആയിരം, പതിനായിരം, ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിവയുടെ ഗുണിതങ്ങളായി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയാണ് ബോണ്ടുകള്‍ വില്‍ക്കുന്നത്.
സംഭവന നല്കാന് ഉദ്ദേശിക്കുന്നവര്‍ക്ക് ബാങ്കില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. 15 ദിവസത്തിനുള്ളില്‍ ഈ ബോണ്ട് പണമായി രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്ക് മാറ്റാനാകും. 15 ദിവസത്തിനുള്ളില്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയിട്ടില്ല എങ്കില്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.