ഡി.പി സതീഷ്
ബെംഗളൂരു: ഹസനിലെ കുടുംബക്ഷേത്രത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിൽ ബിജെപിക്കെതിരെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഹൈന്ദവക്ഷേത്രങ്ങൾ പോലും ആദായനികുതി ഉദ്യോഗസ്ഥർ വെറുതെ വിടുന്നില്ല. ഹിന്ദുത്വ പാർട്ടിയെന്ന് അറിയപ്പെടുന്ന ബിജെപിയുടെ ഉദ്യോഗസ്ഥരാണ് ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ പരിശോധന നടത്തിയത്. അവിടെനിന്നും ഒന്നും കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. ഇതേപോലെയുള്ള ദുഷ് പ്രവർത്തി ചെയ്യുന്ന ബിജെപിയെ ശിവ ഭഗവാൻ ഇല്ലാതാക്കും- തുംകൂറിലെ തെരഞ്ഞെടുപ്പ് റാലിയിൽ കുമാരസ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്നും എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. തന്‍റെ അച്ഛന്‍റെ മുത്തച്ഛൻ ഈ ക്ഷേത്രത്തിലെ വെറുമൊരു ഭക്താനായിരുന്നാൽപ്പോലും ഇവർ ഇങ്ങനെയൊക്കെതന്നെ ചെയ്യും. മുമ്പ് വീടുകളും ഓഫീസുകളുമാണ് അവർ റെയ്ഡ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. ക്ഷേത്രം റെയ്ഡ് ചെയ്യാൻപോലും അവർ തയ്യാറാകുന്നു. ഇതൊക്കെ ഹിന്ദുക്കൾ സഹിക്കണോ? കുമാരസ്വാമി ചോദിക്കുന്നു.
മോദി അഞ്ചു വർഷം ഭരിച്ചത് 15 ആളുകൾക്ക് വേണ്ടി മാത്രമെന്ന് രാഹുൽ ഗാന്ധി
കഴിഞ്ഞ ഒരു മാസമായി കർണാടകയിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫീസിലുമൊക്കെ ആദായനികുതി റെയ്ഡ് നടക്കുന്നുണ്ട്. ഇതിനെതിരെ കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ്-ജെഡിഎസ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ആദായനികുതി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന റെയ്ഡുകൾക്ക് പിന്നിൽ ബെംഗളൂരുവിലെ ആദായനികുതി ഡയറക്ടർ ജനറലാണെന്ന് കുമാരസ്വാമി ആരോപിച്ചു. മോദിക്കുവേണ്ടി രാഷ്ട്രീയ എതിരാളികളെ റെയ്ഡ് ചെയ്യാൻ നിർദേശം നൽകുന്നത് ഇദ്ദേഹമാണ്. വിരമിക്കൽ കാലാവധിക്കുശേഷം എന്തെങ്കിലും പദവി ലഭിക്കാൻവേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും കർണാടക മുഖ്യമന്ത്രി ആരോപിച്ചു. ക്ഷേത്രത്തിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസും ജെഡിഎസും ആവശ്യപ്പെട്ടു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൌഡയുടെ ഹസൻ ഹരഡാനഹള്ളി ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജെഡിഎസ് ഉയർത്തിയത്. ക്ഷേത്രത്തിനോട് ചേർന്ന മേൽശാന്തിയുടെ വീട്ടിലാണ് രണ്ട് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. അതിനുശേഷം ക്ഷേത്രത്തിനുള്ളിലും കയറി പരിശോധന നടത്തിയെന്ന് മേൽശാന്തിയുടെ ഭാര്യ നീലമ്മ ന്യൂസ് 18നോട് പറഞ്ഞു. ശ്രീകോവിലിന് ഉള്ളിൽ കയറാൻ പോലും അവർ ശ്രമിച്ചു. എന്നാൽ അവിടെയുണ്ടായിരുന്നവർ എതിർത്തതോടെയാണ് ഉദ്യോഗസ്ഥർ പിൻമാറിയത്. ക്ഷേത്രവും വീടും അരിച്ചുപെറുക്കി പരിശോധിച്ചിട്ടും അവർക്ക് ഒന്നും ലഭിച്ചില്ല. ദേവഗൌഡയുടെ കുടുംബത്തിന്‍റെ പണം ക്ഷേത്രത്തിനുള്ളിൽ സൂക്ഷിക്കുന്നുണ്ടോയെന്ന് പോലും അവർ ആരാഞ്ഞതായി നീലമ്മ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Family Temple, Hassan, HDK, I-T Officials Raid, Karnataka elections, Karnataka Lok Sabha Elections 2019, Lord Shiva