മുംബൈയിലെ ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തു; ബാങ്ക് വിളിക്ക് നൂതന മാര്‍ഗവുമായി മോസ്‌കുകൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
മുംബൈയിലെ മതസ്ഥാപനങ്ങളില്‍ നിന്ന് മാത്രം 1608 ലൗഡ് സ്പീക്കറുകളാണ് പോലീസ് നീക്കം ചെയ്തത്
മുംബൈ: ശബ്ദമലിനീകരണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന കോടതി ഉത്തരവിന് പിന്നാലെ മുംബൈയിലെ എല്ലാ ആരാധനാകേന്ദ്രങ്ങളില്‍ നിന്നും പോലീസ് ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തു. എന്നാല്‍ ബാങ്കുവിളിക്കുന്നതിന് നൂതനമായ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് നഗരത്തിലെ മുസ്ലിം പള്ളികള്‍.
മുംബൈയിലെ മതസ്ഥാപനങ്ങളില്‍ നിന്ന് മാത്രം 1608 ലൗഡ് സ്പീക്കറുകളാണ് പോലീസ് നീക്കം ചെയ്തത്. ഇതില്‍ 1149 എണ്ണം മുസ്ലിം പള്ളികളില്‍ നിന്നും 48 എണ്ണം ക്ഷേത്രങ്ങളില്‍ നിന്നും 10 എണ്ണം ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നുമാണ് നീക്കം ചെയ്തത്. നാലെണ്ണം ഗുരുദ്വാരകളില്‍ നിന്നും 147 എണ്ണം മറ്റ് മതസ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു. മുംബൈ നഗരത്തെ ലൗഡ്‌സ്പീക്കര്‍ മുക്തമാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
advertisement
പോലീസ് നടപടി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ മുസ്ലീം പള്ളികള്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നൂതനമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തതായും മാന്‍ഖുര്‍ദിലെ ഒരു സൊസൈറ്റി ഫ്‌ളാറ്റുകളില്‍ സ്പീക്കറുകള്‍ സ്ഥാപിച്ച് അടുത്തുള്ള പള്ളികളുമായി നേരിട്ട് ബന്ധിപ്പിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
''എല്ലാ സ്പീക്കറുകളും ഞങ്ങളുടെ പള്ളികളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അത് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് കേള്‍ക്കാന്‍ കഴിയും,'' ഇതിന് നേതൃത്വം നല്‍കിയ റസാഖ് ഷെയ്ഖ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ''മറ്റുള്ളവര്‍ക്ക് ബാങ്കുവിളിക്കുന്നതിനെതിരേ എതിര്‍പ്പുകള്‍ ഉന്നയിക്കാന്‍ ഇത് ഒരു കാരണമാകുന്നില്ല,'' അദ്ദേഹം പറഞ്ഞു.
advertisement
പോലീസ് നടപടി മുന്‍കൂട്ടി തന്നെ ഒഴിവാക്കിയതായി ഷെയ്ഖ് പറഞ്ഞു. ''ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് പോലീസ് പള്ളികളില്‍ നിന്ന് സ്പീക്കറുകള്‍ നീക്കം ചെയ്തത്. പക്ഷേ, കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഞങ്ങള്‍ സ്പീക്കറുകൾ സ്ഥാപിച്ചിരുന്നു. 50ലധികം വീടുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പാണ് രണ്ടാമത്തെ ഓപ്ഷന്‍. ഇത് സമുദായാംഗങ്ങള്‍ക്കിടയില്‍ വലിയ പ്രീതി നേടിയെടുത്തുകൊണ്ടിരിക്കുകയാണ്. നഗരത്തിലെ രണ്ട് ഡസനിലധികം പള്ളികളില്‍ ഈ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. അവയില്‍ മാഹിം ജുമാ മസ്ജിദ്, മദന്‍പുരയിലെ സുന്നി ബാദി മസ്ജിദ് എന്നിവയും ഉള്‍പ്പെടുന്നു.
advertisement
പള്ളികളില്‍ നിന്ന് വളരെ അകലെയായി സ്ഥിതി ചെയ്യുന്ന ആളുകള്‍ക്ക് ബാങ്ക് വിളി കേള്‍ക്കാനുള്ള പരിഹാരമായാണ് നാല് വര്‍ഷം മുമ്പ് ഈ ആപ്പ് വികസിപ്പിച്ചത്. ദൂരത്ത് താമസിക്കുന്ന മുസ്ലീംങ്ങള്‍ക്ക് ഒരു പരിഹാരമായാണ് ഈ ആപ്പ് വികസിപ്പിച്ചതെന്ന് അതിന് നേതൃത്വം നല്‍കിയ അഭിഭാഷകന്‍ അല്ലാപിച്ചൈ എം പറഞ്ഞു. ''തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇത് ഏറ്റെടുത്തു. സംസ്ഥാനത്തെ ഏകദേശം 250 മുതല്‍ 300 പള്ളികള്‍ വരെ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മുംബൈയിലോ മഹാരാഷ്ട്രയിലോ പ്രവര്‍ത്തിക്കുന്ന പള്ളികളിലെ അവസ്ഥയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും'' അദ്ദേഹം പറഞ്ഞു. ''ഈ ആപ്പ് മുംബൈയിലെ ആവശ്യത്തിനായി വികസിപ്പിച്ചതല്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ഒരു പള്ളി അധികൃതര്‍ ഞങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ഞങ്ങള്‍ അതിന് താത്പര്യം കാണിച്ചില്ല. പക്ഷേ പിന്നീട് മുംബൈയിലെ സ്ഥിതി മനസ്സിലാക്കി ഞങ്ങള്‍ അത് അവർക്ക് നൽകി,'' അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
advertisement
''ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഒരു മുഅദ്ദീന്‍ ബാങ്ക് വിളിക്കാന്‍ തുടങ്ങുമ്പോള്‍ സ്വന്തം പള്ളിയില്‍ നിന്ന് തത്സമയം അത് കേള്‍ക്കാന്‍ കഴിയും. ഒരു പള്ളി ഇതിലേക്ക് ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതിനായി onlineazan.com എന്ന വെബ്‌സൈറ്റും ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ ആപ്പ് ഞങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. ഇത് ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തതാണ്. പണം സമ്പാദിക്കാനല്ല,'' അദ്ദേഹം പറഞ്ഞു.
''മുഅദ്ദിന്‍ ബാങ്ക് വിളിക്കുമ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത എല്ലാവര്‍ക്കും ഒരേസമയം അത് കേള്‍ക്കാന്‍ കഴിയും,'' അദ്ദേഹം പറഞ്ഞു. ട്രോംബയിലെ ചീറ്റ ക്യാംപിലുള്ള നൂര്‍ മസ്ജിദിലാണ് ഈ ആപ്പ് ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 15, 2025 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുംബൈയിലെ ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തു; ബാങ്ക് വിളിക്ക് നൂതന മാര്‍ഗവുമായി മോസ്‌കുകൾ