ഡല്‍ഹിയിലെ മഴക്കാല ദുരിതം അവസാനിച്ചു; വെള്ളക്കെട്ടിന് പരിഹാരമായതിന്റെ വീഡിയോ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി
- Published by:meera_57
- news18-malayalam
Last Updated:
സാധാരണഗതിയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ തക്കവിധം ശക്തമായ മഴയുണ്ടായിട്ടും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ പങ്കിട്ട് മന്ത്രി
ഡല്‍ഹിയിലെ മഴക്കാല ദുരിതം അവസാനിച്ചതിന് തെളിവുകള്‍ നിരത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പര്‍വേഷ് വര്‍മ്മ. ബുധനാഴ്ച ഡല്‍ഹിയുടെ പലഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. സാധാരണഗതിയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ തക്കവിധം ശക്തമായ മഴയുണ്ടായിട്ടും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു.
മഴയെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നഗരത്തില്‍ സ്ഥിരം രൂക്ഷമായി വെള്ളക്കെട്ട് രൂപപ്പെടുന്ന മിന്റോ ബ്രിഡ്ജ് അണ്ടര്‍പാസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. ന്യൂഡല്‍ഹി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിയാണ് പര്‍വേഷ് വര്‍മ്മ. ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളില്‍ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
മിന്റോ ബ്രിഡ്ജ് അണ്ടര്‍പാസ് സ്ഥിരം വെള്ളക്കെട്ട് നേരിടുന്ന മേഖലയായിരുന്നു. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എല്ലാ വര്‍ഷവും അണ്ടര്‍പാസിലെ വെള്ളത്തില്‍ മുങ്ങിയ ബസുകളുടെ ഫോട്ടോ കാണാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ അതീവ ജാഗ്രതയോടെ പമ്പിംഗിന് നിര്‍ദ്ദേശം നല്‍കുകയും വെള്ളം ഒഴുകിപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറോളം മഴ പെയ്‌തെങ്കിലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
advertisement
കൊണാട്ട് പ്ലേസിനെ ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗുമായി ബന്ധിപ്പിക്കുന്ന മിന്റോ ബ്രിഡ്ജ് അണ്ടര്‍പാസ് മഴയിൽ വെള്ളം കയറുന്ന ഡല്‍ഹിയിലെ ഏറ്റവും കുപ്രസിദ്ധമായ പോയിന്റുകളില്‍ ഒന്നാണ്. ഈ വര്‍ഷം പിഡബ്ല്യുഡിയുടെ നിരീക്ഷണ പട്ടികയില്‍ ഏറ്റവും പരിഗണനയോടെ നോക്കുന്ന ഇടങ്ങളിലൊന്ന് ഇതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊണാട്ട് പ്ലേസും സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി സന്ദര്‍ശിച്ചു. വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന വിശാലമായ നടപടികളെ കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.
കഴിഞ്ഞ നാല് മാസമായി വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ പ്രശ്‌നം പരിഹരിച്ചതായും ചില സ്ഥലങ്ങളില്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
advertisement
പതിവ് നിരീക്ഷണത്തിനും പമ്പിംഗ് ശ്രമങ്ങള്‍ക്കും പുറമേ മറ്റൊരു സ്ഥിരം വെള്ളക്കെട്ട് മേഖലയായ ഭാരത് മണ്ഡപത്തിന്റെ ആറാം നമ്പര്‍ ഗേറ്റിന് സമീപം സ്ഥാപിച്ചിട്ടുള്ള ഒരു വലിയ ഭൂഗര്‍ഭ മഴവെള്ള സംഭരണ ടാങ്ക് നന്നാക്കുന്നതിനും വൃത്തിയാക്കാനുമായി പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഈ ടാങ്കില്‍ ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത മഴയും മോശം ഡ്രെയിനേജ് അടിസ്ഥാന സൗകര്യങ്ങളും കാരണം ഡല്‍ഹിയില്‍ മഴക്കാലം ദുരിതം നിറഞ്ഞതായിരുന്നു. പലപ്പോഴും ഗതാഗത തടസ്സങ്ങളും പൊതുജന അസൗകര്യങ്ങളും ഇത് സൃഷ്ടിക്കുന്നു. ഈ വര്‍ഷം സർക്കാർ നേരത്തെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധാപൂര്‍വ്വമായ അറ്റകുറ്റപ്പണികളും നടത്തി സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 12, 2025 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡല്‍ഹിയിലെ മഴക്കാല ദുരിതം അവസാനിച്ചു; വെള്ളക്കെട്ടിന് പരിഹാരമായതിന്റെ വീഡിയോ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി