വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിന്റെ (Nagaland) പല ഭാഗങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നാഗാലാന്‍ഡില്‍ മോണ്‍ ജില്ലയിലെ തിരു ഗ്രാമത്തില്‍ സുരക്ഷാ സേനയുടെ സൈനികഓപ്പറേഷനില്‍ സാധാരണക്കാരായ 13 ഗ്രാമവാസികള്‍ 'അബദ്ധവശാല്‍' കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
ശനിയാഴ്ച വൈകുന്നേരം ഒരു പിക്കപ്പ് വാനില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്ന കല്‍ക്കരി ഖനി തൊഴിലാളികള്‍ക്ക് നേരെ, അവര്‍ എന്എസ്സിഎന് (കെ) എന്ന നിരോധിത സംഘടനയുടെ യുങ് ഓങ് വിഭാഗത്തില്‍പ്പെട്ട കലാപകാരികളാണെന്ന് തെറ്റിദ്ധരിച്ച് അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
നാഗാലാന്‍ഡിലെ കോന്യാക്ക് ഗോത്രത്തില്‍ നിന്നുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മോണ്‍ ജില്ലയിലെ ആയിരത്തിലധികം സാധാരണക്കാര്‍ തെരുവിലിറങ്ങുകയും പ്രദേശത്തെ അസം റൈഫിള്‍സ് ക്യാമ്പുകള്‍ നശിപ്പിക്കുകയും ചെയ്തു. സൈനിക ക്യാമ്പ് ആക്രമിച്ച പ്രതിഷേധക്കാര്‍ സേനയുടെ സ്വത്തുവകകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. അതിനിടെ, സിവിലിയന്‍ ഗ്രൂപ്പുകളുടെ കലാപം മോണ്‍ ജില്ലയില്‍ നിന്ന് ട്യൂണ്‍സാങ് ജില്ലയിലേക്ക് വ്യാപിച്ചു. ട്യൂണ്‍സാങ് പട്ടണത്തിലെ ഏതാനും കടകള്‍ ഒരു കൂട്ടം ആളുകള്‍ ആഗ്നിക്കിരയാക്കി. ട്യൂണ്‍സാങ്ങിലെ അഗ്നിശമനസേന ഒരു മണിക്കൂറിന് ശേഷം സാഹചര്യംനിയന്ത്രണവിധേയമാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മോണ്‍ ജില്ലാ ഭരണകൂടം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും.
ആവോ സെന്ഡന് ബന്ദിന് ആഹ്വാനം ചെയ്തു
നാഗാലാന്‍ഡിലെ ആവോ ഗോത്രത്തിന്റെ അപെക്സ് ഓര്‍ഗനൈസേഷനായ ആവോ സെന്ഡന് (Ao Senden) ഡിസംബര്‍ 6 ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മൊകോക്ചംഗ് ജില്ലയില്‍ സമ്പൂര്‍ണ ബന്ദ് പ്രഖ്യാപിച്ചു. ''മോണ്‍ ജില്ലയ്ക്ക് കീഴിലുള്ള ഓട്ടിംഗ് ഗ്രാമത്തില്‍, നിരപരാധികളായ 13 സാധാരണക്കാരെ ഇന്ത്യന്‍ സുരക്ഷാ സേന കൊലപ്പെടുത്തിയ സാഹചര്യത്തില്‍കൊന്യാക് സഹോദരന്മാര്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചുകൊണ്ട് ആവോ മോരംഗ് (Ao Morung) അടച്ചുപൂട്ടാന്‍ ആവോ സെന്ഡന് ഉത്തരവിടുന്നു.
കിസാമയില്‍ നടന്നുകൊണ്ടിരിക്കുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആവോ സംഘത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു'', ആവോ സെന്ഡന് പ്രതിനിധികള്‍ അറിയിച്ചു. ബന്ദില്‍ മെഡിക്കല്‍ എമര്‍ജന്‍സി, പരീക്ഷകള്‍, മാധ്യമങ്ങള്‍, വിവാഹങ്ങള്‍ എന്നിവയ്ക്ക്ഇളവുകള്‍ നല്‍കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
അനുശോചനം
മോണ്‍ ജില്ലയിലെ സാധാരണ പൗരന്മാരെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ നാഗാ സ്റ്റുഡന്റ് ഫെഡറേഷന്, നാഗ ഹോഹോ, കുക്കി സ്റ്റുഡന്റ് ഓര്ഗനൈസേഷന്, സുമി ഹോഹോ, തങ്ഖുല്‍ കടംനാവോ ലോംഗ് ഡല്‍ഹി തുടങ്ങിയ നിരവധി വിദ്യാര്‍ത്ഥി, പൗരസംഘടനകള്‍ അപലപിച്ചു.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ എന്‍ഡിപിപിയും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രസ്താവന ഇറക്കി. ''മോണിലെ ടിസിറ്റ് സബ് ഡിവിഷനിലെ ലോങ്ഖാവോ പ്രദേശത്തിന് കീഴിലുള്ള ഗ്രാമമായ ഓട്ടിംഗില്‍ ഡിസംബര്‍ 4-ന് ദിവസവേതന തൊഴിലാളികളുമായി മടങ്ങുന്ന വാഹനത്തിന് നേരെ സായുധ സേനാംഗങ്ങള്‍ വെടിയുതിര്‍ത്തുകയും നിരായുധരും നിരപരാധികളുമായ ഡസന്‍ കണക്കിന് ആളുകളെ യാതൊരു കാരണവും ന്യായീകരണവുമില്ലാതെ കൊല്ലുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തെ എന്‍ഡിപിപി ശക്തമായി അപലപിക്കുകയും ദുഃഖം രേഖപ്പെടുത്തുകയുംചെയ്യുന്നു'', എന്‍ഡിപിപി പ്രസ്താവനയില്‍ പറയുന്നു.
''ഇന്നലെ വൈകുന്നേരം മോണ്‍ ജില്ലയിലെ നിരപരാധികളായ 13 ഓട്ടിംഗ് ഗ്രാമീണരെ തിരു പ്രദേശത്ത് വെച്ച് അസം റൈഫിള്‍സ് സേന കൊലപ്പെടുത്തിയ സംഭവത്തില്‍ ഞാന്‍ അതീവദുഃഖിതനാണ്. ദാരുണമായ ഈ സംഭവത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു', നാഗാലാന്‍ഡ് ബിജെപി അധ്യക്ഷന്‍ ടെംജെന്‍ ഇംന അലോംഗ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'ഇന്ത്യന്‍ ഗവണ്മെന്റും നാഗാ രാഷ്ട്രീയ ഗ്രൂപ്പുകളും ചേര്‍ന്ന്സമാധാനം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിനാല്‍, പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സായുധ പോരാട്ടത്തിന് ശേഷം കഷ്ടപ്പെട്ട് നേടിയ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് അതീവ ജാഗ്രതയും ക്ഷമയും പുലര്‍ത്തേണ്ട സമയമാണിത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി ആര് സെലിയാംഗും അനുശോചനം രേഖപ്പെടുത്തി. ''പൗരന്മാരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ നടത്തുന്ന ഇത്തരം കൂട്ടക്കൊലയ്ക്ക് യാതൊരു ന്യായീകരണവുമില്ല. നമ്മളെല്ലാവരും ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തില്‍ ഇത്തരം ക്രൂരസംഭവങ്ങള്‍ ഉണ്ടാകുന്നത്ദൗര്‍ഭാഗ്യകരമാണ്. എല്ലാവരും ഈ സംഭവത്തെ ശക്തമായി അപലപിക്കാന്‍ തയ്യാറാകണം'', അദ്ദേഹം പറഞ്ഞു. ''ഔദ്യോഗികവൃത്തിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷന് ഉടനടി രൂപീകരിക്കുകയും നിയമവ്യവസ്ഥയിലെ ഉചിതമായ വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ജീവന് നഷ്ടപ്പെട്ട 13 പേരുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു'', സെലിയാംഗ് കൂട്ടിച്ചേര്‍ത്തു.
എട്ട് ഗോത്രങ്ങള്‍ ഹോണ്‍ബില്‍ ഉത്സവത്തില്‍ നിന്ന് പിന്മാറുന്നു
ഡിസംബര്‍ മാസം നാഗ വിഭാഗങ്ങള്‍ക്കും സംസ്ഥാനത്തെ എല്ലാ ഗോത്രങ്ങള്‍ക്കും ഉത്സവകാലം കൂടിയാണ്. ആറ് ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്ഗനൈസേഷന് (ENPO) ഹോണ്‍ബില്‍ ഉത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ഹോണ്‍ബില്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംഘടനയുടെ കീഴിലുള്ള ആറ് ഗോത്രക്കാരോടും സംഘടന അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. സാധാരണക്കാരുടെ കൊലപാതകങ്ങളെ അപലപിച്ച് ലോത്ത ഹോഹോ ഗോത്ര വിഭാഗവും സുമി ഹോഹോ വിഭാഗവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോണ്‍ബില്‍ ഉത്സവത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടെ എട്ടോളം ഗോത്രങ്ങള്‍ ഹോണ്‍ബില്‍ ഉത്സവത്തില്‍ നിന്ന് പിന്മാറി.
ആര്‍മിയുടെ അന്വേഷണ കോടതി
''കലാപകാരികളുടെ നീക്കത്തെക്കുറിച്ചുള്ള വിശ്വസനീയമായ ഇന്റലിജന്‍സ്'' റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്മോണ്‍ ജില്ലയിലെ തിരു പ്രദേശത്ത് ഒരു ഓപ്പറേഷന് ആസൂത്രണം ചെയ്തതെന്ന് ഇന്ത്യന്‍ സൈന്യം ഞായറാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ''ഉണ്ടായ സംഭവത്തിലും അതിന്റെ അനന്തരഫലങ്ങളിലും അഗാധമായി ഖേദിക്കുന്നു. ദൗര്‍ഭാഗ്യകരമായ ജീവഹാനിയുടെ കാരണം ഉന്നതതലത്തില്‍ അന്വേഷിക്കുകയും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. സംഭവത്തില്‍ സുരക്ഷാ സേനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരു സൈനികന് ജീവന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്'', ആര്‍മി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് നാഗാലാന്‍ഡ് മുഖ്യമന്ത്രി
കൊലപാതകങ്ങളെക്കുറിച്ച് പ്രത്യേക ഉന്നതതല അന്വേഷണ സംഘം അന്വേഷണം നടത്തുമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അറിയിച്ചു. ''ഓട്ടിംഗില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. ഉന്നതതല എസ്ഐടി രാജ്യത്തെ നിയമപ്രകാരം അന്വേഷണം നടത്തി നീതി ലഭ്യമാക്കും. എല്ലാ വിഭാഗങ്ങളോടും സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നു'', മുഖ്യമന്ത്രി റിയോ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്ത് അനിഷേധ്യ നേതാവാകാന്‍ ശ്രമം നടത്തുന്ന റിയോയുടെ ജനപ്രീതിയിലും സ്വാധീനത്തിലും 13 സാധാരണക്കാരുടെ കൊലപാതകം വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. 2014 ല്‍ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് റിയോ മുഖ്യമന്ത്രിക്കസേര ഉപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അന്ന് അദ്ദേഹം എന്‍ഡിഎയുടെ ഭാഗമായ എന്‍പിഎഫിന്റെ നേതാവായിരുന്നു.
പ്രതീക്ഷകള്‍ സഫലമാകാതെ വന്നപ്പോള്‍ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ എന്‍പിഎഫ് നേതൃത്വവും ബിജെപി പിന്തുണയുണ്ടായിരുന്ന അന്നത്തെ മുഖ്യമന്ത്രി ടി ആര് സെലിയാംഗും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി. റിയോ പിന്നീട് എന്‍ഡിപിപി എന്ന പാര്‍ട്ടി രൂപീകരിക്കുകയും 2018 ന് ശേഷം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തു.
ഇപ്പോള്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവം റിയോ സര്‍ക്കാരിനെ ഒതുക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയേക്കും. എന്‍ഡിപിപി സര്‍ക്കാര്‍ ഇപ്പോള്‍ വന്‍ ജനരോഷം നേരിടുകയാണ്.
കോന്യാക്കുകള്‍
നാഗാലാന്‍ഡിലെ പ്രധാന ഗോത്ര വിഭാഗങ്ങളിലൊന്നാണ് കോന്യാക്കുകള്‍. 'ആംഗുകളുടെ നാട്' എന്ന് അറിയപ്പെടുന്ന മോണ്‍ ജില്ലയിലാണ് കോന്യാക്കുകള്‍ താമസിക്കുന്നത്. ആംഗുകള്‍ ഗോത്രത്തിന്റെ പരമ്പരാഗത തലവന്മാരാണ്. അവരെ കോന്യാക്കുകള്‍ വളരെയധികം ബഹുമാനിക്കുന്നു. അവരുടെ മുഖത്ത് കാണുന്ന പച്ചകുത്തലുകള്‍ ശത്രുവിന്റെ തലയെടുത്തതിന്റെ അംഗീകാരമാണ്.
തോക്ക് നിര്‍മാണം, ഇരുമ്പ് ഉരുക്കല്‍, പിച്ചള പണികള്‍, വെടിമരുന്ന് നിര്‍മ്മാണം എന്നിവയാണ് കോന്യാക്കുകളെ വേറിട്ടു നിര്‍ത്തുന്ന മറ്റ് പരമ്പരാഗത രീതികള്‍. വെട്ടുകത്തി, തടിയില്‍ ശില്പങ്ങള് എന്നിവ നിര്‍മ്മിക്കുന്നതിലും ഇവര്‍ വിദഗ്ദ്ധരാണ്. അരുണാചല്‍ പ്രദേശിലെ തിരാപ്പ്, ലോംഗ്ഡിംഗ്, ചാംഗ്ലാങ് ജില്ലകള്‍, അസമിലെ സിബ്സാഗര്‍ ജില്ല തുടങ്ങിയ പ്രദേശങ്ങളിലും കോന്യാക്കുകളുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്മറിലും കോന്യാക്കുകള്‍ കഴിയുന്നുണ്ട്.
ക്രിസ്തുമതം സ്വീകരിച്ച നാഗാ ഗോത്രങ്ങളില്‍ അവസാനത്തേത് കോന്യാക്കുകളാണ്. മുന്‍കാലങ്ങളില്‍, സമീപ ഗ്രാമങ്ങളെ ആക്രമിക്കുന്നതില്‍ അവര്‍ കുപ്രസിദ്ധരായിരുന്നു. ശിരഛേദം ചെയ്യപ്പെട്ട തലകള്‍ അവര്‍ട്രോഫികളായി കരുതി സൂക്ഷിക്കുകയും തങ്ങളുടെ 'ബാനില്‍' (ഒരു സാമുദായിക ഭവനം) തൂക്കിയിടുകയും ചെയ്യുമായിരുന്നു. വേട്ടയാടപ്പെട്ട തലകളുടെ എണ്ണം ഒരു യോദ്ധാവിന്റെ ശക്തിയെ സൂചിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam Govt, Assam Police