കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും തന്‍റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചതെന്നും ആരോപിച്ച് ബിജെപി 'സ്ഥാനാര്‍ഥി'. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിലെ സ്ഥാനാർഥികളുടെ രണ്ടാംഘട്ട ലിസ്റ്റ് ബിജെപി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചതെന്ന് സ്ഥാനാര്‍ഥി പട്ടികയിലുൾപ്പെട്ട ശിഖ മിത്ര രംഗത്തെത്തിയത്. അന്തരിച്ച കോൺഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യ കൂടിയാണ് ശിഖ.
കൊൽക്കത്തയിലെ ചൗരിംഗി മണ്ഡലത്തിലെ സ്ഥാനാർഥി ആയാണ് ബിജെപി ശിഖയുടെ പേര് പ്രഖ്യാപിച്ചത്. എന്നാൽ ഇത് തന്‍റെ അനുവാദം കൂടാതെയാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. 'ഞാൻ ഒരിടത്ത് നിന്നും മത്സരിക്കുന്നില്ല എന്‍റെ സമ്മതം കൂടാതെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ ബിജെപിയിൽ ചേരാനും തീരുമാനിച്ചിട്ടില്ല'. ശിഖയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read-
'രാവണനും' 'കൃഷ്ണനും' പിന്നാലെ 'ഭഗവാൻ രാമനും'ബിജെപിയിലേക്ക്; രാഷ്ട്രീയത്തിലേക്കെത്തിയ രാമായണം-മഹാഭാരതം താരങ്ങളെ അറിയാംതൃണമുൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ശിഖ ഈയടുത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇവർ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനൊപ്പമാണ് സ്ഥാനാർഥി പട്ടികയും എത്തുന്നത്. ആ സാഹചര്യത്തിലാണ് വാർത്തകളും അഭ്യൂഹങ്ങളും എല്ലാം തള്ളി ശിഖയുടെ പ്രതികരണം.
തൃണമുൽ വിട്ട് ബിജെപിയിലെത്തിയ നേതാക്കൾക്ക് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുന്ന ബിജെപിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ശിഖയുടെ പ്രതികൂല പ്രതികരണമെന്നാണ് വിലയിരുത്തൽ. കിട്ടിയ അവസരം മുതലെടുത്ത് പരിഹാസവുമായി തൃണമുൽ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
'രണ്ട് ആഴ്ചകൾക്കൊടുവിൽ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതാണ് എന്നാൽ പട്ടികയില്‍ ഉൾപ്പെട്ടവര്‍ തന്നെ പറയുന്നു ഞങ്ങൾ ബിജെപിക്കായി മത്സരിക്കുന്നില്ല എന്ന്. അമിത് ഷാ കുറച്ച് ഗൃഹപാഠം ചെയ്യേണ്ട സമയമായി' എന്നാണ് തൃണമുൽ എംപി മഹുവ മോയിത്ര പരിഹാസരൂപെണ ട്വീറ്റ് ചെയ്തത്.
'ബംഗാൾ ഇലക്ഷനായി ബിജെപി ഓരോ തവണയും സ്ഥാനാര്‍ഥി പട്ടിക ഇറക്കുമ്പോഴും നിങ്ങൾക്ക് ഓരോ ഓംലറ്റ് ഉണ്ടാക്കാം കാരണം അത്രയും മുട്ടകൾ ആണ് അവരുടെ മുഖത്ത് വീഴുന്നത്' എന്നായിരുന്നു തൃണമുൽ മുതിർന്ന നേതാവ് ഡെറെക് ഒബ്രിയാന്‍റെ പരിഹാസം.
കഴിഞ്ഞ ദിവസമാണ് ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മുതൽ എട്ട് വരെ ഘട്ടങ്ങളിൽ ഉൾപ്പെട്ട മണ്ഡലങ്ങളിലെ 157 സ്ഥാനാർഥികളുടെ പട്ടികയായിരുന്നു പുറത്തുവിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.