ന്യൂഡൽഹി: രാജ്യസഭയിലും പ്രതിപക്ഷത്തെ രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര വിരിയുമെന്നു മോദി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാല്‍പര്യത്തിന് എതിരാണെന്നു മോദി വിമര്‍ശിച്ചു.
‘‘സഭയിലെ ചില അംഗങ്ങളുടെ പെരുമാറ്റവും ബഹളവും രാജ്യത്തിനാകെ നിരാശ പകരുന്നതാണ്. ഇത്തരക്കാരോട് ഒരു കാര്യം പറയാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും. താമര വസന്തത്തിൽ നിങ്ങൾക്ക് എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്തോടു ഞങ്ങൾ നന്ദി പറയുന്നു.’’- മോദി വ്യക്തമാക്കി.
‘യുപിഎ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം ഒരിക്കലും നരകിച്ചിട്ടില്ല. ഗാന്ധി കുടുംബവും, കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തു. ജനങ്ങളെ അവർ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തിന്റെ അവസരങ്ങളെയെല്ലാം കോൺഗ്രസ് പ്രതിസന്ധികളാക്കി മാറ്റി. കോൺഗ്രസിന്റെ താൽപ്പര്യങ്ങൾ മറ്റ് പലതുമായിരുന്നു. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി. പ്രശ്നങ്ങളിൽ നിന്നും ഒരിക്കലും ബിജെപി ഒളിച്ചോടിയിട്ടില്ല. കോൺഗ്രസിന്റെ താൽപ്പര്യം വെറും ഫോട്ടോഷൂട്ടിൽ മാത്രം ഒതുങ്ങി. ഇപ്പോൾ സൃഷ്ടിക്കുന്ന ബഹളത്തിന്റെ കാരണമെന്തെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ അക്കൗണ്ടുകൾ എല്ലാം ബിജെപി പൂട്ടിക്കെട്ടിയതിന്റെ വിഷമം കൊണ്ടാണ് ബഹളം’.
Also Read- എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
‘ഖാർഗെയുടെ തട്ടകത്തിൽ ഞാൻ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാണിക്കുന്നത്. കലബുർഗിയിൽ മാത്രം 8 ലക്ഷം ജൻധൻ അക്കൗണ്ടുകളാണ് തുറന്നത്. ഇതെല്ലാം കണ്ടിട്ട് കോൺഗ്രസ് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു. കലബുറഗിയെ ബിജെപി നവീകരിച്ചു. വികസനമെന്താണെന്ന് കൽബുറഗി അറിയുന്നത് ഇപ്പോഴാണ്. ദാരിദ്ര്യം മാറ്റും എന്നത് കോൺഗ്രസിന് വെറും മുദ്രാവാക്യം മാത്രമായിരുന്നു. തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല. നന്നായി വിയർപ്പൊഴുക്കണമായിരുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്തു. നിങ്ങൾ കയ്യും കെട്ടി വെറുതെ ഇരുന്നു’.
“Why does Gandhi family fear to keep Nehru as their surname; India is not a slave to any parivaar; Congress misused Article 356 many times”: #PMModi‘s fiercest attack on #Congress ever in #RajyaSabha. Listen in#Parliament #ParliamentSession #NarendraModi pic.twitter.com/H3cnDRBDQJ
— News18 (@CNNnews18) February 9, 2023
‘കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം സർക്കാർ നേടിയെടുത്തത്. ഈ സർക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്. കോൺഗ്രസിന്റെ പ്രഥമ പരിപരിഗണനയാകട്ടെ ഒരു കുടുംബവും. ജനസേവനമാണ് യഥാർത്ഥ മതേതരത്വം എന്ന് കോൺഗ്രസ് മനസ്സിലാക്കണം. രാഷ്ടീയ താൽപര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല. രാജ്യം കോൺഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നതും അതുകൊണ്ടു തന്നെ. കോൺഗ്രസ് ഭരണ കാലത്ത് വനവാസികൾ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. വർഷങ്ങളായി കോൺഗ്രസ് അവരെ തഴഞ്ഞു. കർഷകരെ കോൺഗ്രസ് ചൂഷണം ചെയ്തു. എന്നാൽ ഈ സർക്കാർ കർഷകരെ സാമ്പത്തികമായി ശാക്തീകരിച്ചു. വനവാസി സമൂഹത്തെ ഒപ്പം ചേർത്തു പിടിച്ചു. അതുകൊണ്ട് കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടൊന്നും നിങ്ങൾക്ക് സർക്കാരിനെ തകർക്കാൻ കഴിയില്ല. നിങ്ങൾ എറിയുന്ന ഓരോ ചെളിയിലും താമര വിരിയും’ എന്ന് നരേന്ദ്രമോദി പറഞ്ഞു.
കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരെയും പ്രധാനമന്ത്രി തുറന്നടിച്ചു. പൈതൃക മന്ദിരങ്ങളുടെ പേരുകൾ മാറ്റുന്നതില്‍ എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയായിരുന്നു മോദി. ”നെഹ്റുവിന്റെയും ഗാന്ധിയുടെയും പേരിൽ 600 സർക്കാർ പദ്ധതികളാണുള്ളത്. ഇന്ത്യ ഏതെങ്കിലും ഒരു കുടുംബത്തിന് അടമികളല്ല. അവർ എസല്ലാ അവസരങ്ങളിലും സൈന്യത്തെ പോലും അപമാനിച്ചു”- പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധി കുടുംബം എന്തു കൊണ്ടാണ് നെഹ്റുവിന്റെ കുടുംബ പേര് ഉപയോഗിക്കാത്തതെന്നും മോദി ചോദിച്ചു.
അതേസമയം, മോദിയുടെ പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. മോദിയും ഗൗതം അദാനിയും സഹോദരങ്ങളാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രതിഷേധം.
അദാനി- മോദി ബന്ധത്തെക്കുറിച്ചു ഖര്‍ഗെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍നിന്ന് നീക്കി. മോദിയെ ‘മൗനി ബാബ’യെന്നു ഖർഗെ വിശേഷിപ്പിച്ചതാണ് സഭയിൽ ഭരണപക്ഷത്തിന്റെ എതിർപ്പിനിടയാക്കിയത്. ഇത് സെൻസർഷിപ്പാണെന്നും രാജ്യസഭാ അധ്യക്ഷന്റെ പരാമർശങ്ങളാണ് നീക്കേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു. ഖർഗെയുടെ പരാമർശം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു ചേർന്നതല്ലെന്നു രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിനെയും മോദിയെയും കടന്നാക്രമിച്ചു ഖർഗെ നടത്തിയ പ്രസംഗത്തിനിടെ സഭാധ്യക്ഷൻ പലകുറി ഇടപെട്ടത് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനു വഴിവച്ചു. ‘നിരന്തരം തടസ്സപ്പെടുത്തുന്ന താങ്കൾ ഇനി പ്രസംഗിക്കാനും എന്നെ പഠിപ്പിക്കുമോ’ എന്നു ധൻകറിനോടു ഖർഗെ ചോദിച്ചിരുന്നു. ബുധനാഴ്ച രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ ലോക്സഭാ രേഖകളിൽനിന്ന് നീക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.