സഹോദരിയോടും സഹോദരി ഭര്‍ത്താവിനോടും മോശമായി പെരുമാറിയത് (misbehaved) ചോദ്യം ചെയ്ത സഹോദരന് നേരെ വെടിയുതിര്‍ത്ത് പൊലീസ്. പഞ്ചാബിലെ (Punjab) ദേര ബസിയില്‍ (Dera Bassi) കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഹെബത്പൂര്‍ ഗ്രാമത്തിലെ ചെക്ക് പോസ്റ്റിന് സമീപം സഹോദരിയ്ക്കും ഭര്‍ത്താവിനുമൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാവ്. എന്നാൽ
ഇവരുടെ അരികിലേക്ക് എത്തിയ പൊലീസ് മോശമായി പെരുമാറുകയും സഹോദരിയുടെ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ സഹോദരന്‍ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഒരു പൊലീസുകാരൻ യുവതിയുടെ സഹോദരനായ ഹിതേഷിനെ വെടിവച്ചത്.
പരിക്കേറ്റ ഹിതേഷിനെ ആദ്യം സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചണ്ഡീഗഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഹിതേഷ് ചണ്ഡീഗഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് സഹോദരി ഭര്‍ത്താവ് അക്ഷയ് പറഞ്ഞു. ഹിതേഷിന്റെ തുടയിലാണ് വെടിയേറ്റത്.
'ഹെബത്പൂര്‍ റോഡില്‍ നില്‍ക്കുകയായിരുന്നു ഞങ്ങളുടെ അടുത്തേക്ക് എത്തിയ പൊലീസ് സംഘം ഭാര്യയുടെ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഇവര്‍ തങ്ങളോട് മോശമായിട്ടാണ് പെരുമാറിയത്. തുടര്‍ന്ന് പൊലീസ് ഞങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇത് ചോദ്യം ചെയ്ത സഹോദരന്‍ ഹിതേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് അക്ഷയ് പറഞ്ഞു. വാക്കുതര്‍ക്കം നടക്കുമ്പോള്‍ പൊലീസ് മദ്യലഹരിയിലായിരുന്നെന്ന് ഹിതേഷും ആരോപിച്ചു.
डेराबस्सी में पंजाब पुलिस ने एक महिला के साथ हाथापाई की और जब उसके पति ने उसका विरोध किया तो उसको गोली मार दी। @ArvindKejriwal के सत्ता में आने के बाद पंजाब पुलिस ने पंजाब नागरिकों को इंसान समझना बंद कर दिया है।इतने पुलिस वाले चाहते तो एक आदमी को पकड़ सकते थे लेकिन गोली मार दी गई pic.twitter.com/8phXweYhel
— Tajinder Pal Singh Bagga (@TajinderBagga) June 27, 2022
അതേസമയം, സംഭവത്തില്‍ എഎപി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് തജീന്ദര്‍ സിംഗ് ബഗ്ഗ രംഗത്തെത്തി. പഞ്ചാബില്‍ എഎപി അധികാരത്തിലെത്തിയ ശേഷം പൗരന്മാരെ മനുഷ്യരായല്ല പൊലീസ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസുകാര്‍ക്ക് വേണമെങ്കില്‍ അവരെ പിടികൂടാമായിരുന്നു. എന്നാല്‍ അതിന് പകരം അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ട്വീറ്ററില്‍ പറഞ്ഞു.
ഇതിന് മുമ്പും പഞ്ചാബ് പൊലീസുമായി ബന്ധപ്പെട്ട ഇത്തരത്തിൽ ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണിത്. അമൃത്സറില്‍ യുവതിയെ പൊലീസ് ജീപ്പിന് മുകളില്‍ കെട്ടിവച്ചതായിരുന്നു സംഭവം. ഭര്‍ത്താവിനെ അകാരണമായി കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ യുവതി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു പൊലീസിന്റെ ക്രൂരത. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
യുവതിയുടെ പെരുമാറ്റത്തില്‍ പ്രകോപിതരായ പഞ്ചാബ് പൊലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവെച്ച് നഗരം വലംവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.
റോഡിന്റെ വളവ് വേഗത്തില്‍ വളയുമ്പോള്‍ ജീപ്പില്‍ നിന്നും യുവതി തെറിച്ച് വീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ജീപ്പിന്റെ മുകളില്‍ നിന്നും താഴെവീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. യുവതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും അന്ന് വലിയ വാര്‍ത്തയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Punjab, Punjab Police