പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഈ മാസം അവസാനത്തോടെ യുഎഇ (UAE) സന്ദർശിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലേക്കുള്ള യാത്രക്കിടെയാകും മോദി യുഎഇയിലെത്തുക. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്‌സിലെ ഷ്‌ലോസ് എൽമാവുവിലാണ് ജി7 ഉച്ചകോടി. ബിജെപി വക്താക്കൾ നടത്തിയ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ മേഖലയിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെ ഗൽഫ് രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രവാചക വിരുദ്ധ പ്രസ്താവനകളോടുള്ള യുഎഇയുടെ പ്രതികരണം സൗദി അറേബ്യയെ പോലെ വളരെ കരുതലോടെയായിരുന്നു. ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചതുപോലുള്ള നടപടി യുഎഇയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപി വക്താക്കൾക്കെതിരായ നടപടിയെ യുഎഇയും സൗദി അറേബ്യയും സ്വാഗതം ചെയ്തിരുന്നു. പിന്നീട് ഇറാനും ഇന്ത്യയുടെ നടപടിയിൽ സംതൃപ്തി രേഖപ്പെടുത്തി.
Also Read- Sonia Gandhi| കോവിഡ് ബാധിതയായ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാൻ പ്രധാനമന്ത്രി ഈ വർഷം ആദ്യം യുഎഇയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളിയായി യുഎഇ ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയുമായി ഇതുവരെ എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാർ) ഒപ്പുവെച്ച ഒരേയൊരു രാജ്യമാണ് യുഎഇ. ഈ വർഷം ഒപ്പുവച്ച എഫ്‌ടിഎ കരാർ, നിക്ഷേപം, ബഹിരാകാശം, ഊർജ ഇടപാടുകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
യുഎസിന് ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യുഎഇ. 2018-19ൽ രാജ്യത്തേക്കുള്ള കയറ്റുമതി 30 ബില്യൺ ഡോളറിന് മുകളിലാണ്. യുഎഇയെ സംബന്ധിച്ചിടത്തോളം, 2018 ൽ 36 ബില്യൺ ഡോളറിന്റെ എണ്ണ ഇതര വ്യാപാരവുമായി ഇന്ത്യ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു.
യുഎസ്‌എയും ഇസ്രായേലും ഉൾപ്പെടുന്ന പശ്ചിമേഷ്യൻ ക്വാഡിന്റെ ഭാഗമാണ് യുഎഇയും ഇന്ത്യയും. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങളും കൂടിക്കാഴ്ചകളും നിശ്ചിത ഇടവേളകളിൽ നടക്കാറുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയിദുമായി നരേന്ദ്ര മോദി നല്ല ബന്ധത്തിലുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Modi’s UAE visit, Pm modi