'രാഹുൽ ഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചത് 113 തവണ'; സുരക്ഷാവീഴ്ചയെന്ന ആരോപണത്തിൽ സിആർപിഎഫിൻെറ മറുപടി
- Published by:Anuraj GR
- trending desk
Last Updated:
ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പര്യടനം നടത്തിയ സമയത്ത് രാഹുൽ ഗാന്ധി പല തവണ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ മുന്നോട്ട് പോയിട്ടുണ്ടെന്ന് സിആർപിഎഫ് പറയുന്നു
രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ഭാരത് ജോഡോ യാത്രയ്ക്ക് (Bharat Jodo Yatra) മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന കോൺഗ്രസിൻെറ പരാതിയിൽ മറുപടിയുമായി സിആർപിഎഫ് (CRPF). നിരവധി തവണ തങ്ങളുടെ നിർദ്ദേശം ലംഘിച്ചാണ് രാഹുൽ ഗാന്ധി യാത്ര നടത്തിയതെന്ന് കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് വ്യക്തമാക്കി. ഇസെഡ് പ്ലസ് സുരക്ഷയുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. ഇതിൻെറ ചുമതലയുള്ളത് സിആർപിഎഫിനാണ്. “രാഹുൽ ഗാന്ധി പല തവണ നിർദ്ദേശങ്ങൾ മറികടക്കുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഓരോ തവണ ഇത് സംഭവിക്കുമ്പോഴും അദ്ദേഹത്തെ നേരിട്ട് കാര്യങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്,” സിആർപിഎഫ് വ്യാഴാഴ്ച വ്യക്തമാക്കി.
കൃത്യമായ കണക്കുകളും അവർ നൽകിയിട്ടുണ്ട്. 113 തവണ രാഹുൽ ഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് സിആർപിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 2020 മുതൽ രാഹുൽ ഗാന്ധി നടത്തിയ പ്രോട്ടോക്കോൾ ലംഘനങ്ങളുടെ കണക്ക് 113 ആണെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. “ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പര്യടനം നടത്തിയ സമയത്ത് രാഹുൽ ഗാന്ധി പല തവണ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ മുന്നോട്ട് പോയിട്ടുണ്ട്. ഇത് പ്രത്യേക പരിഗണനക്ക് എടുക്കേണ്ട വിഷയമാണ്,” കേന്ദ്രസേന വ്യക്തമാക്കി.
advertisement
“രാഹുൽ ഗാന്ധിക്ക് വേണ്ട എല്ലാ സുരക്ഷാ സംവിധാനങ്ങളും നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. അതെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. രാഹുൽ ഗാന്ധിയുടെ മറ്റ് സംസ്ഥാനങ്ങളിലെ സന്ദർശന സമയത്ത് സംസ്ഥാന പോലീസിൻെറയും മറ്റ് സുരക്ഷാ ഏജൻസികളുടെയും സഹകരണത്തോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്,” സിആർപിഎഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടയിൽ കാര്യമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി ഒരു ദിവസത്തിന് ശേഷമാണ് സിആർപിഎഫ് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. ഡൽഹിയിൽ സുരക്ഷാ സേനയ്ക്ക് കാര്യമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.
advertisement
കോൺഗ്രസിന് തങ്ങളുടെ മുതിർന്ന നേതാക്കളും മുൻ പ്രധാനമന്ത്രിമാരും ആയിരുന്ന ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും നഷ്ടമായത് ഓർമ്മിപ്പിച്ച് കൊണ്ടാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അമിത് ഷായ്ക്ക് കത്തെഴുതിയത്. “ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ വൈരാഗ്യം മാറ്റിവെച്ച് കോൺഗ്രസ് നേതാക്കളുടെ ജീവന് സംരക്ഷണം നൽകാൻ മതിയായ നിർദ്ദേശം നൽകണം,” കത്തിൽ വ്യക്തമാക്കി. യാത്ര തടസ്സപ്പെടുത്തുന്നതിനും കുഴപ്പം സൃഷ്ടിക്കുന്നതിനുമായി ചിലർ കരുതിക്കൂട്ടി പ്രവർത്തിക്കുന്നുണ്ട്. ഹരിയാനയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തന്നെ യാത്രയിൽ പങ്കെടുത്തവരെ തടയുന്ന സംഭവം ഉണ്ടായിട്ടുണ്ടെന്നും വേണുഗോപാൽ ആരോപിച്ചു. ഡൽഹിയിൽ എത്തിയതിന് ശേഷം സുരക്ഷാ കാര്യങ്ങളിൽ കാര്യമായ അശ്രദ്ധയാണ് ഉണ്ടായിട്ടുള്ളത്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2022 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുൽ ഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചത് 113 തവണ'; സുരക്ഷാവീഴ്ചയെന്ന ആരോപണത്തിൽ സിആർപിഎഫിൻെറ മറുപടി