ന്യൂഡല്‍ഹി: തന്റെ ജീവിതപങ്കാളിയെപ്പറ്റിയുള്ള സങ്കല്‍പ്പം തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെയും മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെയും സ്വഭാവ ഗുണങ്ങളുമുള്ള ഒരു വ്യക്തിയായിരിക്കണം തന്റെ ജീവിതപങ്കാളിയെന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ മനസ്സുതുറന്നത്.
അതോടൊപ്പം മോട്ടോര്‍ സൈക്കിളുകളോടും ബൈക്കുകളോടുമുള്ള തന്റെ ഇഷ്ടത്തെപ്പറ്റിയും രാഹുല്‍ തുറന്നുപറഞ്ഞു. ‘ഇലക്ട്രിക് സ്കൂട്ടര്‍ ഞാന്‍ ഓടിച്ചുനോക്കിയിട്ടുണ്ട്. ഇലക്ട്രിക് ബൈക്ക് ഇതുവരെ ഓടിച്ചിട്ടില്ല. നിങ്ങള്‍ ഇലക്ട്രിക് സ്കൂട്ടറും ബൈക്കും പുറത്തിറക്കുന്ന ഈ ചൈനീസ് കമ്പനിയെപ്പറ്റി കേട്ടിട്ടുണ്ടോ. എനിക്ക് വളരെ താല്‍പ്പര്യമുള്ള വിഷയമാണിത്,’ രാഹുല്‍ പറഞ്ഞു.
അതേസമയം തനിക്ക് കാറുകളോട് വലിയ താല്‍പ്പര്യമില്ലെന്നും ഇപ്പോഴും താന്‍ ഉപയോഗിക്കുന്നത് അമ്മയുടെ കാറാണെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്നെ അത് ബാധിക്കില്ലെന്നും തനിക്ക് വേദനിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരെ വെറുക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം ‘പപ്പു’ എന്ന് വിളിക്കുന്നതിനെപ്പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞു. യഥാര്‍ത്ഥത്തില്‍ അതൊരു പ്രൊപ്പഗന്‍ഡ ക്യാംപെയിന് ആണെന്നും രാഹുല്‍ പറഞ്ഞു. ഉള്ളിലെ ഭയമാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നും തന്നെ എന്ത് പേരിട്ട് വിളിച്ചാലും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇപ്പോള്‍ താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 24ന് ഡല്‍ഹിയില്‍ എത്തിയ ഭാരത് ജോഡോ യാത്ര ഇനി ജനുവരി മൂന്നിനാണ് പുനഃരാരംഭിക്കുക. ഡല്‍ഹിയിലെ ശക്തിപ്രകടനത്തിന് ശേഷമാണ് ഭാരത് ജോഡോ യാത്ര ഒമ്പത് ദിവസത്തെ ഇടവേളയെടുത്തത്. ജനുവരി 3ന് കാല്‍നടയാത്ര പുനരാരംഭിക്കും. ഇടവേളയ്ക്ക് ശേഷം യാത്ര പഞ്ചാബിലേക്കും ഒടുവില്‍ ജമ്മു കശ്മീരിലേക്കും എത്തും.
വടക്കേ ഇന്ത്യയിലെ കഠിനമായ ശൈത്യകാലത്ത് കണ്ടെയ്നറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും മറ്റുമായാണ് ഇടവേള എടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. കൂടാതെ, കഴിഞ്ഞ നാല് മാസത്തോളമായി ഭാരത് ജോഡോ യാത്രയ്ക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാനുള്ള അവസരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.