ന്യൂഡൽഹി: രാജ്യം അൺലോക്ക് നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും കണ്ടെയ്ൻമെന്‍റെ് സോണുകളിൽ നിയന്ത്രണങ്ങൾ അതേപടി നിലനിർത്തിയും പുതിയ മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതികരണം ആരാഞ്ഞും വിദഗ്ധ ചർച്ചകൾക്കും ശേഷമാണ് കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. സെപ്റ്റംബർ ഒന്നു മുതലാകും അൺലോക്ക് നാലാം ഘട്ടം പ്രാബല്യത്തിൽ വരിക.
സുപ്രധാന മാർഗനിർദേശങ്ങൾ
ഗ്രേഡ് രീതിയിൽ മെട്രോ ട്രെയിൻ സർവീസ് നടത്താൻ അനുമതി. സെപ്റ്റംബർ ഏഴ് മുതൽ മെട്രോ ട്രെയിനുകൾക്ക് സർവീസ് നടത്താം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തന ചട്ടങ്ങൾ ഹൗസിംഗ് ആൻഡ് അർബൻ അഫേയേഴ്സ് മന്ത്രാലയം പുറത്തിറക്കും.
സെപ്റ്റംബർ 21 മുതൽ പൊതു പരിപാടികളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം. സാമൂഹികം, അക്കാദമിക്, കായികം, വിനോദം, സാംസ്കാരികം, മതപരം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലെ ചടങ്ങുകൾക്ക് നിർദേശം ബാധകമാണ്. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണം ചടങ്ങുകൾ. ഫേസ് മാസ്ക്, സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമാണ്. ഇതിന് പുറമെ തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നീ സൗകര്യങ്ങളും ഉറപ്പാക്കണം.
ഓപ്പൺ എയർ തീയറ്ററുകൾ സെപ്റ്റംബർ 21 മുതൽ പ്രവർത്തിക്കാം
സ്കൂളുകൾ, കോളജുകൾ, കോച്ചിംഗ് സെന്‍ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ മുപ്പത് വരെ തുറക്കില്ല. ഓണ്‍ലൈൻ-വിദൂര പഠന രീതി തന്നെ തുടരും.
ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടെയിന്‍മെന്റിന് പുറത്തുള്ള അവരുടെ സ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാം. രക്ഷകർത്താക്കള്‍ എഴുതി നൽകിയ സമ്മതപത്രം ഇക്കാര്യത്തിൽ നിർബന്ധമാണ്.
ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാകാം.
ദേശീയ നൈപുണ്യ-വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ, ഐഐടികൾ, ദേശീയ നൈപുണ്യവികസന കോർപ്പറേഷനിലോ പദ്ധതികളിലോ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരിനോ കീഴിലുള്ള ഹ്രസ്വ കാല പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തന അനുമതി.
ഗവേഷക വിദ്യാർഥികൾ, ലാബ്-പരീക്ഷണ ജോലികൾ ആവശ്യമായി വരുന്ന -ബിരുദാനന്തര ബിരുദ വിദ്യാർഥികൾ എന്നിവർക്കായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തീരുമാനം എടുക്കാം. പക്ഷെ സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിവിവരങ്ങൾ കൂടി കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയത്തോട് ആലോചിച്ച ശേഷം ആകണം അന്തിമ തീരുമാനം.
സിനിമ ഹാളുകൾ, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും
ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടില്ലാത്ത വിമാന സർവ്വീസുകൾക്കുള്ള വിലക്കും പഴയത് പോലെ തുടരും
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകളുടേയും ചരക്കുകളുടേയും നീക്കത്തിന് നിയന്ത്രണമുണ്ടാവില്ല. ഇതിനായി പ്രത്യേക അനുമതിയോ, ഇ-പെർമിറ്റോ ആവശ്യമില്ല
കേന്ദ്ര സർക്കാർ അനുമതിയില്ലാതെ കണ്ടെയ്ൻമെൻറ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ ആകില്ല
പത്ത് വയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 65 വയസിന് മുകളിൽ പ്രായമായ വയോധികർ തുടങ്ങിയവർ കഴിവതും വീടിനുള്ളിൽ തന്നെ കഴിയണം. അത്യാവശ്യ സാഹചര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
കണ്ടെയ്ൻമെന്‍റെ് സോണുകൾ
വിലക്കുകൾക്കും നിയന്ത്രണങ്ങൾക്കും മാറ്റമില്ല. സെപ്റ്റംബർ മുപ്പത് വരെ ഇപ്പോഴത്തെ രീതി തന്നെ തുടരും
രോഗവ്യാപനം തടയുന്നതിനായി കർശന മുൻകരുതലുകൾ നടപ്പാക്കും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാകും അനുമതി.
കണ്ടെയിൻമെന്‍റെ് സോണുകൾ സംബന്ധിച്ച വിവരങ്ങൾ അതത് ജില്ലാ കളക്ടർമാരുടെ വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus in india, Coronavirus india, Covid, Covid 19