തമിഴ്നാട്ടിൽ നിന്ന് 37 വർഷം മുൻപ് മോഷണം പോയ നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു
Last Updated:
വിഗ്രഹം തിരിച്ചെത്തിച്ചത് ഓസ്ട്രേലിയയിൽ നിന്ന്
ചെന്നൈ: ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ഓസ്‌ട്രേലിയയിലേക്ക് കടത്തിയ പഴക്കം ചെന്ന നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു. തമിഴ്‌നാട് തിരുനെൽവേലിയിലെ കള്ളിടൈക്കുറിച്ചിയിൽ നിന്നും 37 വർഷം മുൻപ് മോഷണം പോയ വിഗ്രഹമാണ് തിരിച്ചെത്തിച്ചത്. വിഗ്രഹത്തിന് 600 വര്‍ഷം പഴക്കവും രണ്ടര അടി വലിപ്പവും 100 കിലോ തൂക്കവുമുണ്ട്.
ഇന്ത്യയില്‍ തിരിച്ചെത്തിച്ച വിഗ്രഹം തമിഴ്‌നാട് പൊലീസ് പ്രത്യേക ഓഫീസര്‍ ഐജി പൊന്‍മാണിക്കവേൽ ഡല്‍ഹിയില്‍ എത്തിയാണ് കൈപ്പറ്റിയത്. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു.
1982 ജൂലൈ അഞ്ചിനാണ് കള്ളിടെക്കുറിച്ചി കുലശേഖരമുടയാര്‍ അറംവളര്‍ത്ത നായകി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും നടരാജ വിഗ്രഹം മോഷണം പോയത്. ഇതോടൊപ്പം മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളായ ശിവകാമി, മാണിക്കവാസകർ, ശ്രീബലിനായകർ എന്നിവ കണ്ടെത്താനായിട്ടില്ല. ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിച്ച വിഗ്രഹത്തിൽ പ്രത്യേക പൂജ ചെയ്യാൻ കള്ളിടൈക്കുറിച്ചി ക്ഷേത്രത്തിൽ നിന്ന് പൂജാരിമാർ എത്തിയിരുന്നു. ദർശനത്തിനായി നൂറുകണക്കിന് ഭക്തരുമെത്തി. പിന്നീട് വിഗ്രഹം കുംഭകോണത്തെ കോടതിയിലലേക്ക് കൊണ്ടുപോയി. കോടതിയിൽ നിന്ന് ക്ഷേത്രാധികാരികൾക്ക് കൈമാറും.
advertisement
നേരത്തെ വിഗ്രഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം കോടതി പൊൻമാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണം ഏൽപിച്ചു. തുടര്‍ന്ന് വിഗ്രഹം ഓസ്ട്രേലിയയിലേക്ക് കടത്തിയതായി കണ്ടെത്തി. ദക്ഷിണ ഓസ്ട്രേലിയയിലെ ആർട്ട് ഗാലറിയിൽ 19 വർഷമായി പ്രദർശിപ്പിച്ചുവരികയായിരുന്നു ഈ വിഗ്രഹം.
വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിലേതാണെന്നും പ്രദർശിപ്പിക്കാനുള്ളതല്ലെന്നും പൊൻമാണിക്കവേൽ ഓസ്ട്രേലിയൻ അധികൃതരെ അറിയിച്ചു. ആവശ്യമായ തെളിവുകളും അദ്ദേഹം ഹാജരാക്കി. തുടർന്നാണ് വിഗ്രഹം വിട്ടുകൊടുക്കാൻ ഓസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചത്.
യുഎസ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് അതിപുരാതന വിഗ്രഹങ്ങളും മറ്റും മോഷ്ടിക്കപ്പെട്ട് കൊണ്ടുപോയിട്ടുണ്ട്. ഇവ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പൊൻമാണിക്കവേല്‍ അറിയിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2019 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിൽ നിന്ന് 37 വർഷം മുൻപ് മോഷണം പോയ നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു