നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണം;പ്രധാനമന്ത്രിക്കും എട്ടു മുഖ്യമന്ത്രിമാര്‍ക്കും സ്റ്റാലിന്റെ കത്ത്
- Published by:Sarika KP
- news18-malayalam
Last Updated:
അതോടൊപ്പം നീറ്റ് വിഷയത്തിൽ തമിഴ്നാടിനെ പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എം.കെ.സ്റ്റാലിൻ കത്തെഴുതിയിട്ടുണ്ട്.
നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദേശീയതലത്തില്‍ ഈ സംവിധാനം അവസാനിപ്പിക്കണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ് പരീക്ഷയെ എതിര്‍ത്തുകൊണ്ട് തമിഴ്‌നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചത്.
പ്രത്യേക പരീക്ഷ നടത്താതെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നൽകണമെന്നും പ്രവേശന പരീക്ഷകള്‍ വിദ്യാർഥികളില്‍ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണെന്നും കത്തില്‍ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
" തമിഴ്നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കണമെന്നും മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഞങ്ങള്‍ നിയമസഭയില്‍ ഐക്യകണ്ഠേന പാസാക്കിയിട്ടുണ്ട്. ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല" കത്തിൽ അദ്ദേഹം വ്യക്തമാക്കി.
advertisement
അടുത്തിടെ നീറ്റ് പരീക്ഷക്കിടെ നടന്ന ക്രമക്കേടുകള്‍ തമിഴ്നാട് സർക്കാറിന്റെ എതിർപ്പിനെ സാധൂകരിക്കുന്നതാണ്. നിലവിലെ പ്രവേശന പ്രക്രിയ അവസാനിപ്പിക്കണമെന്ന് മറ്റു പല സംസ്ഥാനങ്ങളും ഇതിനോടകം ആവശ്യപ്പെടുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്‌നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം.
അതോടൊപ്പം നീറ്റ് വിഷയത്തിൽ തമിഴ്നാടിനെ പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എം.കെ.സ്റ്റാലിൻ കത്തെഴുതിയിട്ടുണ്ട്.
"എൻടിഎ നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ രാജ്യത്തെ മെഡിക്കൽ കോഴ്‌സുകൾക്കായി തയ്യാറെടുക്കുന്ന പലരുടെയും സ്വപ്നങ്ങളെയാണ് തകർത്തത്. അതുകൊണ്ട് തമിഴ്‌നാടിൻ്റെ ഈ ആശങ്കയും ആവശ്യവും പാർലമെൻ്റിൽ അറിയിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ രാജ്യത്തെ യുവാക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് അതത് സംസ്ഥാന നിയമസഭകളില്‍ സമാനമായ പ്രമേയങ്ങൾ പാസാക്കാൻ
advertisement
ഇന്‍ഡി സഖ്യത്തിലുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു " സ്റ്റാലിൻ രാഹുൽ ഗാന്ധിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
കൂടാതെ ഡൽഹി, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 8 മുഖ്യമന്ത്രിമാർക്കും അദ്ദേഹം കത്തയച്ചിട്ടുണ്ട്. ഇതിൽ നീറ്റ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അതത് നിയമസഭകളില്‍ ഓരോരുത്തരും സമാനമായ പ്രമേയം പാസാക്കണമെന്നും എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു.
" പ്രശ്നത്തിൻ്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് നമ്മുടെ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുടെ താൽപര്യാർത്ഥം നീറ്റ് പരീക്ഷ നിർത്തലാക്കുന്നതിനായി നിങ്ങളുടെ സംസ്ഥാന നിയമസഭയിലും സമാനമായ പ്രമേയം പാസാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
June 29, 2024 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണം;പ്രധാനമന്ത്രിക്കും എട്ടു മുഖ്യമന്ത്രിമാര്‍ക്കും സ്റ്റാലിന്റെ കത്ത്