Telengana Election Result 2023: തെലങ്കാനയിൽ ബി ആർ എസിന് കോൺഗ്രസിന്റെ വി ആർ എസ്
- Published by:Anuraj GR
- news18-malayalam
Last Updated:
തെലങ്കാനയിൽ കടുത്ത ഭരണവിരുദ്ധ വികാരമാണ് അധികാരത്തിലേക്ക് മുന്നേറാൻ കോൺഗ്രസിനെ സഹായിച്ചത്
ഹൈദരാബാദ്: എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും വോട്ടെണ്ണുമ്പോൾ അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിആർഎസ്. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടംമറിച്ചുകൊണ്ട് കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുന്നത് നിരാശയോടെ കണ്ടുനിൽക്കുകയായിരുന്നു ബിആർഎസ് ക്യാംപുകൾ. തെലങ്കാനയിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോൺഗ്രസ് 63 സീറ്റുകളുമായി കേവലഭൂരിപക്ഷം ഉറപ്പിച്ചു. ബിആർഎസ് 41 സീറ്റുകളിൽ ഒതുങ്ങി. ഒമ്പത് സീറ്റുകൾ നേടി ബിജെപിയും വൻ മുന്നേറ്റം നടത്തി.
തെലങ്കാന സംസ്ഥാന രൂപീകരണത്തിൽ നിർണായക പങ്കുള്ള രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഇപ്പോൾ ബിആർഎസ് ആയി മാറിയ തെലങ്കാന രാഷ്ട്ര സമിതി. കെസിആർ എന്ന നേതാവിന്‍റെ വ്യക്തിപ്രഭാവത്തിൽ 2018ൽ 119ൽ 88 സീറ്റുകൾ നേടിയാണ് ടിആർഎസ് അധികാരം പിടിച്ചത്. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിആർഎസിന് കോൺഗ്രസ് വിആർഎസ് വിധിക്കുന്ന കാഴ്ചയാണ് കണ്ടത്.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ചുകൊണ്ട് വോട്ടെണ്ണൽ തുടങ്ങിയതുമുതൽ കോൺഗ്രസ് വളരെ വലിയ മുന്നേറ്റം നടത്തുന്നതാണ് തെലങ്കാനയിൽ കാണാനായത്. ഒരു ഘട്ടത്തിൽ കോൺഗ്രസ് ലീഡ് നില 70 സീറ്റുകൾക്കും മുകളിലേക്ക് പോയി. ആദ്യ മണിക്കൂറിൽ ബിആർഎസ് ലീഡ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. അതായത് അമ്പതിലേറെ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന നിലയിലേക്ക് അവർ ചുരുങ്ങി. വോട്ടെണ്ണൽ പകുതിയിലേറെ പിന്നിട്ടപ്പോഴാണ് ബിആർഎസിന് ലീഡ് നില ഉയർത്താനായത്. 40ൽ ഏറെ സീറ്റുകളിലേക്ക് അവർക്ക് തിരിച്ചുവരാൻ കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്ന വാർത്ത ബിആർഎസ് ക്യാംപുകളെ കൂടുതൽ നിരാശപ്പെടുത്തി.
advertisement
ബിജെപിയുടെ മുന്നേറ്റവും തെലങ്കാനയിൽ ശ്രദ്ധേയമാണ്. ഒമ്പതോളം സീറ്റുകളിൽ ബിജെപി മുന്നേറ്റമുണ്ടായപ്പോൾ, ഒവൈസിയുടെ എ ഐ എം എം പാർട്ടിയുടെ പ്രകടനം മോശമായി. കഴിഞ്ഞ തവണ ഏഴ് സീറ്റുകളിൽ വിജയിക്കാൻ ഒവൈസിയുടെ പാർട്ടിക്ക് സാധിച്ചു.
Also Read- Rajasthan Elections Result 2023: ഭരണമാറ്റമെന്ന ശീലം മാറ്റാതെ രാജസ്ഥാൻ; ബിജെപി അധികാരത്തിലേക്ക്
തെലങ്കാനയിൽ കടുത്ത ഭരണവിരുദ്ധ വികാരമാണ് അധികാരത്തിലേക്ക് മുന്നേറാൻ കോൺഗ്രസിനെ സഹായിച്ചത്. ഇതിനൊപ്പം സുനിൽ കനുഗൊലുവെന്ന രാഷ്ട്രീയ ചാണക്യന്‍റെ തന്ത്രങ്ങളും കോൺഗ്രസിന് വിജയമൊരുക്കുന്നതിൽ നിർണായകമായി. സ്ഥാനാർഥി നിർണയത്തിലും പ്രചരണ തന്ത്രങ്ങളിലും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലുമൊക്കെ കനുഗോലുവിന്‍റെ മാന്ത്രിക സ്പർശം ദൃശ്യമായിരുന്നു.
advertisement
വിജയം ഉറപ്പിക്കാനാകുമെന്ന സൂചന ഉണ്ടായിരുന്നപ്പോഴും എംഎൽഎമാരെ റാഞ്ചുമെന്ന അഭ്യൂഹത്തെയും കരുതലോടെയാണ് കോൺഗ്രസ് നേരിടുന്നത്. വോട്ടെണ്ണലിന് മുമ്പ് തന്നെ ഇതിനുള്ള ഒരുക്കങ്ങളും കോൺഗ്രസ് തയ്യാറാക്കിയിരുന്നു. ജയിച്ചുവരുന്ന എംഎൽഎമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കർണാകടയിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സംഘവും കഴിഞ്ഞ ദിവസം തന്നെ തെലങ്കാനയിൽ എത്തിയിരുന്നു. ഒരു കോൺഗ്രസ് നേതാവിനെയും വിലയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് ശിവകുമാർ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
December 03, 2023 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Telengana Election Result 2023: തെലങ്കാനയിൽ ബി ആർ എസിന് കോൺഗ്രസിന്റെ വി ആർ എസ്