ന്യൂഡൽഹി: വിവാഹവേദിയിലേക്ക് വരന്‍റെ ആദ്യ ഭാര്യ എത്തിയത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ സൈംദംഗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇതേത്തുടർന്ന് വധു, വരന്‍റെ ഇളയസഹോദരനെ വിവാഹം കഴിച്ചു. ആജ് തക് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ആദ്യ വിവാഹം മറച്ചുവെച്ചാണ് യുവാവ് രണ്ടാമത്തെ വിവാഹത്തിന് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
അഞ്ച് വർഷം മുമ്പ് സ്വന്തം ഗ്രാമത്തിൽനിന്നുള്ള പെൺകുട്ടിയെയാണ് യുവാവ് വിവാഹം കഴിച്ചത്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ദാമ്പത്യ കലഹത്തെ തുടർന്ന് കുറച്ചുകാലമായി ഇരുവരും വേർപിരിഞ്ഞു താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചത്. എന്നാൽ ആദ്യം വിവാഹം കഴിച്ച കാര്യം യുവാവ് പ്രതിശ്രുത വധുവിനോടും വീട്ടുകാരോടും മറച്ചുവെച്ചു.
മുൻനിശ്ചയിച്ച പ്രകാരം ഏറെ ആഘോഷങ്ങളോടെയാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലെത്തിയ വരനും സംഘത്തിനും വൻ സ്വീകരണം നൽകി. തുടർന്ന് നിക്കാഹ് ചടങ്ങുകൾ പൂർത്തിയാക്കി. എന്നാൽ അതിനിടെയ വരന്റെ ആദ്യഭാര്യ മക്കളുമായി അവിടെയെത്തി ബഹളമുണ്ടാക്കി. ഇതോടെ ഈ വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് വധു പിൻമാറുകയായിരുന്നു.
വരന്‍റെ വധുവിന്‍റെയും ആളുകൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെവെച്ച് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ നിക്കാഹ് റദ്ദാക്കാനും, വധു വരന്‍റെ ഇളയസഹോദരനെ വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു ഇതേത്തുടർന്ന് വൈകാതെ യുവതി വിവാഹം കഴിക്കേണ്ടിയിരുന്നയാളുടെ ഇളയ സഹോദരനുമായുള്ള നിക്കാഹ് ചടങ്ങുകൾ നടത്തി. അതിനുശേഷം വധുവിനെയും കൂട്ടി വരനും സംഘവും സ്വന്തം ഗ്രാമത്തിലേക്ക് പോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.