Wild Cheetah | നമീബിയയിൽനിന്ന് എട്ട് ചീറ്റകളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
നമീബിയയിൽനിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരുന്നത് ചരിത്ര സംഭവമാണെന്ന് അവിടുത്തെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രശാന്ത് അഗർവാൾ പറഞ്ഞു
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിൽ കൊണ്ടുവരുന്ന വിമാനം യാത്ര തിരിച്ചു. ശനിയാഴ്ചയോടെ അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഇന്ത്യയിലെത്തിക്കും. നമീബിയയിലെ ഹൊസിയോ കുടാകോ അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്നാണ് ചീറ്റകളെയും വഹിച്ചുകൊണ്ടുള്ള വിമാനം യാത്ര തിരിച്ചത്. ഇതിനായി യാത്രയ്ക്കുപയോഗിക്കുന്ന ബി747 ജംബോ ജെറ്റ്, ചീറ്റകളെ കൊണ്ടുവരാവുന്ന രീതിയിൽ മാറ്റി ക്രമീകരിക്കുകയായിരുന്നു. ജയ്പൂരിൽ വിമാനമിറങ്ങുന്ന ഇവയെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിടും.
നമീബിയയിൽനിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരുന്നത് ചരിത്ര സംഭവമാണെന്ന് അവിടുത്തെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രശാന്ത് അഗർവാൾ പറഞ്ഞു. ഇന്ത്യയും നമീബിയയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍റെ ഗുഡ്വിൽ അംബാസഡർമാരായി ഈ ചീറ്റകൾ മാറും. ചീറ്റകലുടെ ലോക തലസ്ഥാനമായാണ് നമീബിയ അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ചീറ്റകളെ വീട്ടുനൽകാനുള്ള തീരുമാനത്തിൽ നമീബിയ സർക്കാരിന് പ്രത്യേക നന്ദി അറിയിക്കുന്നതായും പ്രശാന്ത് അഗർവാൾ പറഞ്ഞു.
ചീറ്റകളെ കൂടുകളിലാക്കി വിമാനത്തിന്‍റെ പ്രധാന ക്യാബിനിലാണ് സൂക്ഷിച്ചിരിക്കുന്നത്. യാത്രയിലുടനീളം വെറ്റിനറി ഡോക്ടർമാർക്ക് ഇവയെ പരിചരിക്കാൻ കഴിയും. 16 മണിക്കൂറോളം തുടർച്ചയായി പറക്കാൻ കഴിയുന്ന ദീർഘദൂര വിമാനമാണ് ഈ ജംബോ ജെറ്റ്. ഇന്ധനം നിറയ്ക്കാൻ പോലും ഇടയ്ക്ക് എവിടെയും നിർത്തേണ്ട കാര്യമില്ല. അതിനാൽ ഇത് നമീബിയയിൽ നിന്ന് പുറപ്പെട്ട് നേരെ ജയ്പൂർ എയർപോർട്ടിൽ വന്നിറങ്ങും. ചീറ്റകളുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.
advertisement
ഇന്ത്യയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള എട്ട് ഉദ്യോഗസ്ഥരാണ് യാത്രയുടെ നേതൃത്വം വഹിക്കുന്നത്. സെപ്റ്റംബർ 17 ന് രാവിലെ വിമാനം ജയ്പൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്ന് മധ്യപ്രദേശിലേക്ക് ചീറ്റകളെ ഹെലികോപ്ടറിലാണ് കൊണ്ടുപോകുക. ഈ യാത്രയ്ക്ക് ഒരു മണിക്കൂറോളം സമയമെടുക്കും.
ചൂട് ഏറ്റവും കുറഞ്ഞ സമയത്താണ് ചീറ്റകൾ വിമാന യാത്ര ചെയ്യുന്നത് എന്നുറപ്പാക്കാനാണ് രാത്രിയിലുള്ള യാത്ര തിരഞ്ഞെടുത്തതെന്ന് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. ലോകത്ത് ആദ്യമായി ആഫ്രിക്കൻ ചീറ്റയെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്ന ആദ്യത്തെ സംഭവമാണിത്.
advertisement
പുതിയതായെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ കുനോയിൽ തകൃതിയായി നടന്നുവരികയാണ്. ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയായി. പരമാവധി മൃഗങ്ങളെ ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. ചീറ്റകൾ എത്തിക്കഴിഞ്ഞാൽ അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവയെ തുറന്നുവിടും.
ആദ്യത്തെ 30 ദിവസമെങ്കിലും ഇവയെ പരിമിതമായ ഭൂവിഭാഗത്തിലാണ് സ്വതന്ത്രമാക്കി വിടുക. ഇതിനായി 6 കിലോമീറ്റർ പരിധിയിൽ മറ്റു മാംസഭുക്കുകളില്ലാത്ത രണ്ട് മേഖലകൾ കുനോയിൽ തയ്യാറാക്കിയിട്ടുണ്ട്. ഒൻപത് പ്രത്യേക കമ്പാർട്ട്മെൻ്റുകളിൽ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
Also Read- Cheetah | വംശനാശവും ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവും: ഇന്ത്യൻ ചീറ്റയുടെ ചരിത്രം
പൂർണ്ണമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി ചീറ്റകൾക്ക് റേഡിയോ കോളർ ഘടിപ്പിക്കും. ഇവയെ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യും. പരിമിതമായ സൗകര്യത്തിൽ നിന്ന് പുറത്തുകടന്നാലും ഇവയ്ക്ക് വേട്ടയാടാൻ കഴിയും എന്നുറപ്പാക്കാൻ വേണ്ടിയാണിത്. ചീറ്റകൾക്ക് ഇതിനകം തന്നെ വാക്സിനേഷൻ നൽകിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് ഒന്നുകൂടി അവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പടർന്നുപിടിക്കുന്ന ചില കാട്ടുസസ്യങ്ങൾ ചീറ്റകളുടെ സംരക്ഷണത്തിനായി നീക്കം ചെയ്തിട്ടുണ്ട്. മറ്റു മൃഗങ്ങളുടെ ചലനവും ഇതോടൊപ്പം നിരീക്ഷിക്കും. ചീറ്റകളുടെ പൊതു ഇരകളായ സാംബാർ മാനുകൾ, നീൽഗായ്, ചിതാൽ, കാട്ടുപന്നി, ചൗസിംഘ തുടങ്ങിയവയെല്ലാം ഈ കാട്ടിൽ ധാരാളമുണ്ട്.
advertisement
അമേരിക്ക ആസ്ഥാനമായുള്ള എക്സ്പ്ലോറേഴ്സ് ക്ലബ് ‘ഫ്ലാഗ്ഡ് എക്സ്പെഡിഷൻ’ എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷൻ ഏവിയേഷൻ്റെ ചെയർമാനായ ക്യാപ്റ്റൻ ഹമീഷ് ഹാർഡിംഗ്, ചീറ്റ കൺസർവേഷൻ ഫണ്ടിൻ്റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോക്ടർ ലോറീ മാർക്കർ എന്നിവരാണ് ദൗത്യത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്. ദൗത്യത്തിൻ്റെ വിശദാംശങ്ങൾ ന്യൂയോർക്കിലെ ആസ്ഥാനത്ത് രേഖപ്പെടുത്തും.
2009-ൽ പദ്ധതിയിട്ട പ്രൊജക്ട് ചീറ്റയ്ക്ക് 2020-ലാണ് സുപ്രീം കോടതി അനുമതി നൽകിയത്. പൈലറ്റ് അടിസ്ഥാനത്തിൽ ചീറ്റകളെ ഇന്ത്യയിൽ കൊണ്ടുവന്ന് വളർത്താനായിരുന്നു പദ്ധതി. ഇതിനായി ഈ വർഷം ജൂലൈയിൽ ഇന്ത്യയും നമീബിയയും തമ്മിൽ ധാരണയായി. ചീറ്റകളെ പുതുതായി കൊണ്ടുവരുന്നത് കുനോയിലെ ടൂറിസത്തിനും ഗുണകരമാകുമെന്ന് അധികൃതർ കരുതുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2022 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Wild Cheetah | നമീബിയയിൽനിന്ന് എട്ട് ചീറ്റകളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചു


