• HOME
  • »
  • NEWS
  • »
  • india
  • »
  • കേന്ദ്ര ബജറ്റ് അച്ചടിക്കുന്നതിനു മുമ്പ് ഹൽവ ഉണ്ടാക്കുന്നത് എന്തിന് ?

കേന്ദ്ര ബജറ്റ് അച്ചടിക്കുന്നതിനു മുമ്പ് ഹൽവ ഉണ്ടാക്കുന്നത് എന്തിന് ?

  • Share this:
    ന്യൂഡൽഹി: പൂജയോ പ്രാർത്ഥനയോ ഒന്നുമല്ല, ഹൽവ മേക്കിംഗ് സെറിമണിയോടു കൂടിയാണ് ബജറ്റ് പ്രിന്‍റ് ചെയ്ത് തുടങ്ങുന്നത്. ബജറ്റിന്‍റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനാണ് ബജറ്റ് അച്ചടി തുടങ്ങുന്നതിനു മുമ്പ് ഹൽവ മേക്കിംഗ് സെറിമണി നടത്തുന്നത്. കാലങ്ങളായി പിന്തുടർന്നു പോരുന്ന ആചാരമാണിത്.

    കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെല്ലാം ഇതിൽ പങ്കെടുക്കും. ബജറ്റ് അച്ചടി ആരംഭിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പുറത്തുപോകാൻ അനുവാദമില്ല. പത്തു ദിവസത്തോളം ധനകാര്യ മന്ത്രാലയത്തിലെ രഹസ്യകേന്ദ്രത്തിലാണ് ഇവർ കഴിയുക.

    ബജറ്റ് രഹസ്യങ്ങൾ ചോരാതിരിക്കാനാണ് ഉദ്യോഗസ്ഥരെ രഹസ്യമായി പാർപ്പിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്‍റെ തന്നെ ബേസ്മെന്‍റിലാണ് ആ സമയത്ത് ഈ ഉദ്യോഗസ്ഥർ താമസിക്കുക. പുറംലോകവുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ ഈ സമയത്ത് അനുവാദമില്ല. സ്വന്തം വീട്ടുകാരുമായി പോലും സംസാരിക്കാൻ വിവരങ്ങൾ കൈമാറാനോ സാധിക്കില്ല.

    ഫോണും ഇ-മെയിലും ഉൾപ്പെടെ യാതൊരുവിധ ആധുനിക വാർത്താവിനിമയ സംവിധാനങ്ങളും ഉപയോഗിക്കാൻ പാടില്ല. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാൻ അനുവാദമുണ്ട്. അതേസമയം, ബാക്കിയുള്ള എല്ലാ ഉദ്യോഗസ്ഥരും ബജറ്റ് അവതരണം കഴിയുന്നതു വരെ ഇവിടെ തന്നെ കഴിയണം.

    ഹൽവ മേക്കിംഗ് സെറിമണിയിൽ ധനകാര്യമന്ത്രിയും പങ്കെടുക്കും. വലിയ ഉരുളിയിലാണ് ഹൽവ നിർമിക്കുക. ധനകാര്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരുമിച്ചാണ് ഹൽവ കഴിക്കുന്നതും. അതിനു ശേഷമാണ്, ഉദ്യോഗസ്ഥരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത്.

    1950 വരെ രാഷ്ട്രപതി ഭവനിൽ ആയിരുന്നു ബജറ്റ് പേപ്പറുകൾ പ്രിന്‍റ് ചെയ്തിരുന്നത്. എന്നാൽ, അതേവർഷം തന്നെ ബജറ്റ് ചോർന്നതിനെ തുടർന്ന് മിന്‍റോ റോഡിലെ സർക്കാർ പ്രസിലേക്ക് ആയി ബജറ്റ് പ്രിന്‍റ് ചെയ്യുന്നത്. എന്നാൽ, 1980 മുതൽ നോർത്ത് ബ്ലോക്കിലെ ബേസ്മെന്‍റിലാണ് ബജറ്റ് പ്രിന്‍റെ ചെയ്യുന്നത്.
    First published: