മണിപ്പൂരിലെ ഗോത്രനേതാക്കൾ ഖലിസ്ഥാൻ അനുകൂലികളുമായി കൂടിക്കാഴ്ച നടത്തി: വെളിപ്പെടുത്തലുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ
- Published by:Anuraj GR
- trending desk
Last Updated:
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യക്കെതിരെ പാക് ചാരസംഘടന ഐഎസ്‌ഐ ആസൂത്രണം ചെയ്തതാണെന്നും ചില അന്വേഷണ വൃത്തങ്ങൾ പറഞ്ഞു
ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായും കാനഡയുമായും മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ, ഈ വിഷയവും ചർച്ചയായേക്കും എന്നാണ് സൂചന. കാനഡയുടെ അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
അതിനിടെ, മണിപ്പൂരിലെ ഗോത്ര നേതാക്കൾ കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്നവരുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തി. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ (NAMTA ) കാനഡയിലെ പ്രസിഡന്റ് ലിയാൻ ഗാങ്‌ടെ, മണിപ്പൂരിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും അവർക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും സറേ ഗുരുദ്വാരയിൽ വെച്ച് (Surrey Gurudwara) കഴിഞ്ഞ മാസം ഒരു പ്രസംഗം നടത്തിയിരുന്നു. ഇത് ഹർദീപ് സിംഗ് നിജ്ജാർ നിയന്ത്രിച്ചിരുന്ന ഗുരുദ്വാര ആയിരുന്നു എന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. പ്രസംഗത്തിന് ശേഷം നിജ്ജാർ അനുകൂലികൾ നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നു.
advertisement
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യക്കെതിരെ പാക് ചാരസംഘടന ഐഎസ്‌ഐ ആസൂത്രണം ചെയ്തതാണെന്നും ചില അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് അഥവാ അർഷ് ദല്ലയുടെ വസതിയിൽ ബുധനാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ സഹായി ജോറ എന്ന ജോൺസിനെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചിരുന്നു. ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ നീക്കത്തിനു പിന്നാലെ ഒരു മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു. ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്.
advertisement
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്‌ഐഎസ്) നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പ് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നും ഇന്ത്യയിലെ അന്വേഷണ വൃത്തങ്ങൾ പറയുന്നു. യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന 19 ഖലിസ്ഥാൻ ഭീകരരുടെ പട്ടിക എൻഐഎ ഞായറാഴ്ച പുറത്തുവിട്ടിരുന്നു.
advertisement
രാജ്യത്ത് വിദേശ ഇടപെടലുകൾ വർദ്ധിച്ചു വരുന്നതിൽ കനേഡിയൻസ് ആശങ്കാകുലരാണെന്ന് ഐക്യരാഷ്ട്രസഭയിലെ കാനഡയുടെ പ്രതിനിധി ബോബ് റേ ചൊവ്വാഴ്ച പ്രതികരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2023 6:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരിലെ ഗോത്രനേതാക്കൾ ഖലിസ്ഥാൻ അനുകൂലികളുമായി കൂടിക്കാഴ്ച നടത്തി: വെളിപ്പെടുത്തലുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ