ചെന്നൈ: നിധി തേടി 50 അടിയോളം കുഴി കുത്തിയ രണ്ട് പേര്‍ വിഷ വായു ശ്വസിച്ച് മരിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. രഘുപതി(47), സാത്താങ്കുളം സ്വദേശി നിര്‍മ്മല്‍ ഗണപതി(19) എന്നിവരാണ് മരിച്ചത്. വിഷ വായു ശ്വസിച്ചു ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലയാളി മന്ത്രവാദിയുടെ നിർദേശം അനുസരിച്ചാണ് ഇവർ കുഴി കുത്തിയത്.
തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യ എന്നയാളോട് വീടിന് പിൻ വശത്തെ പറമ്പില്‍ നിധിയുണ്ട് എന്നാണ് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ കുഴി എടുത്തത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷ വായു ശ്വസിച്ച് മരണപ്പെട്ടത്.
അതേസമയം മുത്തയ്യയുടെ വീടിന് സമീപത്തുനിന്ന് തലയോട്ടികളും മന്ത്രവാദം നടത്താൻ ഉപയോഗിച്ച ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നരബലി ഉൾപ്പടെയുള്ള കാര്യങ്ങൾ ഇവിടെ നടന്നിരുന്നതായാണ് സൂചന. സാത്താങ്കുളം ഡി എസ് പി ഗോഡ്വിന്‍ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുത്തയ്യയെയും മക്കളെയും വിളിപ്പിച്ചു പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആവശ്യം വന്നാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ സാത്താങ്കുളത്ത് മലയാളിയായ മന്ത്രവാദി താമസിച്ചിരുന്ന വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ഇയാൾ നാടുവിട്ടതായാണ് പൊലീസിന് ലഭിച്ച സൂചന. മന്ത്രവാദിയെ കണ്ടെത്താനുള്ള തിരച്ചില്‍ നടക്കുകയാണ്. തെക്കൻ കേരളത്തിൽ നിന്നുള്ള ഈ മന്ത്രവാദി വർഷങ്ങളായി സാത്താങ്കുളത്തും സമീപപ്രദേശങ്ങളിലും മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി പൊലീസ് പറയുന്നു. നരബലി, ആഭിചാര കർമ്മങ്ങളും ഇയാൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രവാദത്തിനും പൂജകൾക്കുമായി ഇയാൾ വൻ തുകയാണ് ഈടാക്കിയിരുന്നതെന്നും നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ഭർത്താവിനും മക്കൾക്കും ഉൾപ്പെടെ വീട്ടിലെ എല്ലാവർക്കും വിഷം നൽകിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭർത്താവിനും ചെറിയ മക്കൾക്കും അടക്കം കുടുംബത്തിലെ ഏഴ് പേർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ഒളിച്ചോടിയത്. ബറസോം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
യുവതിയുടെ മക്കളുടെയും ഭർത്താവിന്‍റെയും ഭർതൃസഹോദരന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് പറയുന്നതനുസരിച്ച് യുവതിയുടെ ആദ്യഭർത്താവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചു. ഇതിനെ തുടർന്ന് ഇവർ ഭർത്താവിന്‍റെ ഇളയ സഹോദരനായ ചോട്ടു ഖാൻ എന്നയാളുമായി ബന്ധുക്കൾ ഇവരുടെ വിവാഹം നടത്തി.
Also Read-
വിമാനത്തിൽ സീറ്റ് ഉറപ്പാകാത്തതിനെ തുടർന്ന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽഎന്നാൽ യുവതി ചോട്ടു ഖാന്‍റെ സഹോദരി ഭർത്താവ് ലോഖൻ ഖാൻ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്ന് യുവതി കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടു. ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവർ കുടുംബത്തിന് വിഷം ചേർത്ത ഭക്ഷണം നൽകിയ ശേഷം ഒളിച്ചോടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.