മുംബൈ: വിമാനത്തിൽ സീറ്റ് ലഭിക്കാത്ത ദേഷ്യത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് കക്കിനഡയ സ്വദേശി പബ്ബിനേഡി വിരേഷ് വെങ്കട്ട് നാരായൺ മൂർത്തി (33) എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട അലയൻസ് എയര്‍ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. ടേക്ക് ഓഫിന് അൽപം സമയം മുമ്പാണ് ബോംബുണ്ടെന്ന് ഫോൺ സന്ദേശം എത്തുന്നത്.
രാത്രി 08.25നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ടേക്ക് ഓഫിന് ഇരുപത് മിനിറ്റ് മുമ്പാണ് വിമാനത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം നാസിക് റൂറൽ പൊലീസ് കൺട്രോള്‍ റൂമിൽ ലഭിക്കുന്നത് എന്നാണ് ഡിണ്ടോറി പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചത്.
ഇതിന് പിന്നാലെ തന്നെ പൊലീസെത്തി വിമാനത്തിലെ യാത്രക്കാരെ മുഴുവൻ ഒഴിപ്പിച്ചു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS)സ്ഥലത്തെത്തി. പരിശോധനയിൽ ബോംബോ സംശയാസ്പദമായ മറ്റേതെങ്കിലും തരത്തിലുള്ള വസ്തുക്കളോ കണ്ടെത്താനായില്ല. ഇതേ തുടർന്ന് വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനകൾ കഴിഞ്ഞ ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് വിമാനം യാത്ര പുറപ്പെട്ടത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അധികം വൈകാതെ തന്നെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഗർഭിണിയായ ഭാര്യക്കരികിലെത്താൻ നാട്ടിലേക്ക് പോകുന്നതിനായി വിരേഷ്, വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പിഎൻആർ സ്റ്റാറ്റസ് അപ്ഡേറ്റ് ആകാത്തതിനാൽ എയർപോർട്ടിലെത്തിയപ്പോൾ വേറെ ടിക്കറ്റെടുക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. തുടർന്ന് യുവാവും ജീവനക്കാരും തമ്മിൽ വാക്കു തർക്കമുണ്ടായതായും അധികൃതർ പറയുന്നു.
ഇതിനു ശേഷം എയർപോർട്ടിൽ നിന്നും അസ്വസ്ഥനായി മടങ്ങിയ വിരേഷ്,നാസിക് റൂറൽ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. എയർലൈൻ ജീവനക്കാരുമായി ഇയാൾ സംസാരിച്ച് നിൽക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിനു ശേഷം മൊബൈൽ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിൽ നാസിക്ക് സിറ്റിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.വിവിധ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
Also Read-ബാങ്ക് ലയനം; ഏഴോളം ബാങ്കുകളിലെ ചെക്ക്, പാസ്ബുക്കുകൾ അസാധുവാകും; വിശദാംശങ്ങൾ അറിയാം
മറ്റൊരു സംഭവത്തിൽ വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്നു പുറത്തേക്കു ചാടാൻ ശ്രമിച്ച യാത്രക്കാരനെ ജീവനക്കാർ തടഞ്ഞു വെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഒരാൾ എമർജൻസി വാതിൽ തുറന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചത്. ഒടുവിൽ വിമാനം ലാൻഡ് ചെയ്യുന്നതുവരെ ഇയാളെ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Airlines, Bomb Hoax, Hyderabad, India, Maharashtra, Mumbai