വിധവകളുമായി (widows) ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന ആചാരങ്ങൾ വേണ്ടന്ന് വയ്ക്കുകയും അവർക്ക് പുതു ജീവിതം നൽകുന്ന തീരുമാനങ്ങളുമെടുത്ത് കർണാടകയിലെ (Karnataka) ഒരു ഗ്രാമം. കോവിഡിൽ ഭർത്താക്കൻമാരെ നഷ്ടപ്പെട്ട 12 വിധവകളുടെ ദുരിതം കണ്ടാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. വിധവകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആചാരങ്ങളെല്ലാം ഇല്ലാതാക്കാനുള്ള പ്രമേയം കോലാപൂരിലെ ഹെർവാഡ് (Herwad) ഗ്രാമപഞ്ചായത്ത് ഐകകണ്‌ഠേനയാണ് പാസാക്കിയത്.
വർണ്ണാഭമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നത്, നിർഭാഗ്യവതികളെന്ന് സമൂഹം കാണുന്നത്, കുടുംബ ചടങ്ങുകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും വിലക്കുന്നത് തുടങ്ങി വിധവകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളാണ് ഹെർവാഡ് ഗ്രാമപഞ്ചായത്ത് ഇനി മുതൽ വേണ്ടെന്നു വെച്ചത്. ഇതിൽ കുട്ടികൾ ഉള്ളതും ഇല്ലാത്തതുമായ വിധവകൾ ഉൾപ്പെടുന്നു. സ്ത്രീകൾ ഉൾപ്പെടുന്ന പഞ്ചായത്ത് അംഗങ്ങൾക്കു മുന്നിലാണ് പ്രമേയം അവതരിപ്പിച്ചത്.
'സതി' നിർത്തലാക്കിയതും വിധവകൾക്ക് പുനർവിവാഹത്തിനുള്ള അവകാശം നൽകിയതുമൊക്കെ പോലെ, ഒരു വിപ്ലവകരമായ ചുവടുവെയ്പായാണ് സാമൂഹിക വിദഗ്ധർ ഹെർവാഡ് ഗ്രാമത്തിലെ വിധവാ ആചാരങ്ങൾ നിരോധിച്ച ഈ നീക്കത്തെ വിലയിരുത്തുന്നത്.
Also Read- ഇനി ഫുഡ് ട്രക്ക്; ചായക്കട നടത്തി വൈറലായ പ്രിയങ്കയുടെ അടുത്ത സംരംഭം
''കോവിഡ് ബാധിച്ച് ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി ഞങ്ങൾ വിവിധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 5000 രൂപ ധനസഹായവും നൽകിയിട്ടുണ്ട്. വിധവകൾക്കുള്ള ബഹിഷ്‌കരണം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞങ്ങൾക്ക് തോന്നി. യുവതികളെ തടവിലാക്കി ജീവിക്കാൻ നിർബന്ധിക്കുന്നത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നിയില്ല'', ഹെർവാഡിലെ ഗ്രാമമുഖ്യൻ സുർഗൊണ്ട പാട്ടീൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മിക്കവാറും എല്ലാ മതങ്ങളിലും വിധവകളായ സ്ത്രീകൾ പിന്തുടരേണ്ട ചില ആചാരങ്ങളുണ്ട്. ശോഭയുള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും കുടുംബ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അത്തരം ആചാരങ്ങളിൽ ഉൾപ്പെടുന്നു. അത്തരം വിധവാ ആചാരങ്ങൾ നിരോധിക്കാനും അവ കുറ്റകരമാക്കാനും നിയമത്തിൽ ഭേദഗതി കൊണ്ടുവരിക എന്ന ആവശ്യമുന്നയിച്ച് പ്രവർത്തിക്കുന്നയാളാണ് സോലാപൂരിലെ കർമ്മല ടൗണിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകനായ പ്രമോദ് സിൻജാഡെ.
നിയമസഭാ സമ്മേളനത്തിൽ 'വിധവാ ആചാരങ്ങൾ' എന്ന വിഷയം ഉന്നയിക്കുന്നതിനായി തങ്ങൾ എംഎൽഎമാരെ സമീപിക്കുകയാണെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അത്തരം ആചാരങ്ങൾക്ക് വിധേയരായ സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മരിക്കുകയാണെങ്കിൽ ഭാര്യയെ വിധവാ ആചാരങ്ങൾ പിന്തുടരാൻ നിർബന്ധിക്കരുതെന്ന് വ്യക്തമാക്കി സിൻജാഡെ ഒരു വിൽപത്രം എഴുതി താലൂക്ക് മജിസ്‌ട്രേറ്റിന് സമർപ്പിച്ചിട്ടുമുണ്ട്.
രാജാറാം മോഹന്‍ റോയിയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ 1829 ല്‍ സതി നിരോധിച്ചത്. വിധവ അവളുടെ ഭര്‍ത്താവിന്‍റെ ചിതയില്‍ ആത്മഹത്യ ചെയ്യുന്ന ആചാരമായിരുന്നു അത്. 1987 ല്‍ കേന്ദ്രസർക്കാർ സതി നിരോധന നിയമം അവതരിപ്പിച്ചിരുന്നു. സതി അനുഷ്ഠിക്കാൻ ശ്രമിക്കുന്നത്, ഒരു വര്‍ഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതില്‍ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവര്‍ക്ക് ആജീവനാന്ത ജയില്‍ വാസമോ, പിഴയോ ലഭിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.