വഖഫ് ഭൂമി വിഷയം: കർഷകർക്ക് അയച്ച നോട്ടീസ് അടിയന്തരമായി പിൻവലിക്കാൻ കർണാടക മുഖ്യമന്ത്രിയുടെ നിർദേശം
- Published by:Rajesh V
- news18-malayalam
Last Updated:
ഭൂരേഖകളിൽ വഖഫ് ബോർഡ് സ്വത്താണെന്ന് കാണിച്ച് കർഷകർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു.
ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വിവിധ ജില്ലകളിലെ ഭൂരേഖകളിൽ കൃഷിഭൂമി വഖഫ് ബോർഡിന്റേതായി തരംതിരിക്കുന്നതിനെതിരെ പ്രതിപക്ഷമായ ബിജെപിയും കർഷകരും നവംബർ 4 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നിശ്ചയിച്ചിരിക്കെയാണ് നോട്ടീസ് ഉടൻ പിൻവലിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. വർഷങ്ങളായി കൃഷി ചെയ്യുന്ന കർഷകരെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഭൂരേഖകളിൽ വഖഫ് ബോർഡ് സ്വത്താണെന്ന് കാണിച്ച് കർഷകർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു.
advertisement
എന്നാൽ, വരും ദിവസങ്ങളിൽ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നവംബർ രണ്ടിന്, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, നിയമ പാർലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീൽ, മറ്റ് മുതിർന്ന ന്യൂനപക്ഷ വകുപ്പ്, വഖഫ് ബോർഡ് ഉദ്യോഗസ്ഥർ എന്നിവരുമായി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയിൽ സമീപ കാലത്തെ സംഭവവികാസങ്ങളിൽ നിരാശ പ്രകടിപ്പിച്ചു. കർഷകർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനമെടുത്ത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി.
പതിറ്റാണ്ടുകളായി കർഷകർ കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. വിജയപുര, ധാർവാഡ്, ഹാവേരി, ചിത്രദുർഗ, ദാവൻഗെരെ, ശിവമോഗ, ഗഡഗ് തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ സമാധാനം തകർക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
advertisement
ഭൂരേഖകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകിയ നോട്ടീസ് പിൻവലിക്കാനും കർഷകരെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനും മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾ വിഷയം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞു.
നവംബർ നാലിന് സന്ദൂർ, ചന്നപട്ടണ, ഷിഗ്ഗാവ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണം മുഖ്യമന്ത്രി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
November 02, 2024 8:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് ഭൂമി വിഷയം: കർഷകർക്ക് അയച്ച നോട്ടീസ് അടിയന്തരമായി പിൻവലിക്കാൻ കർണാടക മുഖ്യമന്ത്രിയുടെ നിർദേശം


