• HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തർപ്രദേശ്: പൊലീസുകാർക്കേറ്റ ആ വെടിയുണ്ടകൾ ആരുടേത് ?

ഉത്തർപ്രദേശ്: പൊലീസുകാർക്കേറ്റ ആ വെടിയുണ്ടകൾ ആരുടേത് ?

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലുമായി 57 പൊലീസുകാർക്ക് വെടിയേറ്റെന്നാണ് യുപി പൊലീസ് അവകാശപ്പെടുന്നത്. ആരാണ് ഇവരെ വെടിവച്ചത്? ചോദ്യത്തിന്റെയും സംശയത്തിന്റേയുമൊന്നും ആവശ്യമേയില്ല. ഉത്തരം റെഡി.

UP-police

UP-police

  • Share this:
    പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മുന്നൂറിലധികം പൊലീസുകാർക്കാണ് പരിക്കേറ്റത്. 21 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഇത് രണ്ടും ഔദ്യോഗിക കണക്കാണ്. ഈ കണക്ക് പറയാനോ ഇതിൽ ഏതാണ് ശരിയെന്നു പറയാനോ അല്ല, ശ്രമിക്കുന്നത്. കൊല്ലപ്പെട്ട ഇരുപത്തിയൊന്നു പേരിൽ ഭൂരിഭാഗവും പൊലീസിന്റെ വെടിയേറ്റാണ് മരിച്ചത്. ആ കണക്ക് ഇനിയും കൃത്യതയോടെ പുറത്ത് വിട്ടിട്ടില്ല. ഒരു അവകാശവാദം ഉത്തർപ്രദേശ് പൊലീസിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്.

    പ്രതിഷേധക്കാർക്കെതിരെ ആകെ ഒരു സ്ഥലത്ത് മാത്രമേ പൊലീസ് വെടിവെച്ചിട്ടിള്ളൂ. പടിഞ്ഞാറൻ യുപിയിലെ ബിജ്നോറിൽ. അവിടെ കൊല്ലപ്പെട്ടത് രണ്ട് പേർ. ഇരുപത്തിയൊന്ന് വയസുള്ള അനസും ഇരുപത് വയസുള്ള സുലൈമാനും. ഒരാൾ ആശുപത്രിയിൽ എത്തിക്കും മുമ്പും രണ്ടാമത്തെയാൾ ശസ്ത്രക്രിയക്കിടയിലും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ തിടുക്കത്തിൽ സംസ്കരിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട മറ്റുള്ളവരുടെ കാര്യമോ അല്ല പറയാൻ പോകുന്നത്. പരിക്കേറ്റ മുന്നൂറിലധികം പൊലീസുകാരുടെ കാര്യമാണ്.

    ആ അൻപത്തിയേഴു പേർ

    അതിരുവിട്ട പ്രതിഷേധങ്ങൾ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുന്നൂറിലധികം പൊലീസുകാർക്ക് പരിക്കേറ്റത്. അതാണ് ഔദ്യോഗിക വിശദീകരണം. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിലാണ് ഭൂരിപക്ഷം പൊലീസുകാർക്കും പരിക്കേറ്റത്. പക്ഷെ 57 പൊലീസുകാർക്ക് പരിക്കേറ്റത് അങ്ങനെയല്ല. അവരുടെ പരിക്കിന് കാരണം വെടിയുണ്ടയാണ്. ഇവർക്ക് വെടിയേറ്റു! നേരത്തെ പറഞ്ഞത് പോലെ ഇത് ഔദ്ദ്യോഗിക വിശദീകരണമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലുമായി 57 പൊലീസുകാർക്ക് വെടിയേറ്റെന്നാണ് യുപി പൊലീസ് അവകാശപ്പെടുന്നത്. ആരാണ് ഇവരെ വെടിവച്ചത്? ചോദ്യത്തിന്റെയും സംശയത്തിന്റേയുമൊന്നും ആവശ്യമേയില്ല. ഉത്തരം റെഡി. പ്രതിഷേധക്കാർ തന്നെ!

    പൊലീസുകാരെ വെടിവച്ച പ്രതിഷേധക്കാർ

    ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങളെ പൊലീസ് കടുത്ത ബലപ്രയോഗത്തിലൂടെയാണ് അടിച്ചമർത്തിയതെന്ന ആരോപണം ശക്തമാണ്. ഇതാണ് 21 പേരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നത്. ആ ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള ഉത്തർപ്രദേശ് പൊലീസിന്റെ മറുപടിയാണ് പ്രതിഷേധക്കാരുടെ വെടിയേറ്റ അൻപത്തിയേഴ് പൊലീസുകാർ. ഇങ്ങനെ പ്രതിഷേധക്കാർ വെടിയുതിർത്ത കഥയും ആ വെടിവയ്പുകളിൽ പരുക്കേറ്റവരുടെ കണക്കുകളും പറയുന്നതല്ലാതെ മറ്റ് വിശദാംശങ്ങളൊന്നും ഉത്തർപ്രദേശ് പൊലീസോ സർക്കാരോ പുറത്തുവിടുന്നില്ല.

    സർക്കാരിന്റെയും പൊലീസിന്റെയും കഥകൾ വിശ്വസിക്കാത്തെ ചില മാധ്യമ പ്രവർത്തകർ ഈ അൻപത്തിയേഴു പേരെയും കണ്ടത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റെയും പേര് വിവരങ്ങൾ പൊലീസ് പങ്കുവയ്ക്കുന്നില്ല എന്നത് തന്നെ പ്രധാന കാരണം. മുസഫർനഗറിലെ എസ്‌പി സത്യപാൽ ആന്റിലിന് പോലും പ്രതിഷേധക്കാരുടെ വെടിയേറ്റെന്നാണ് പൊലീസിന്റെ അവകാശവാദം. ബാന്റേജ് കെട്ടിയ കാൽ നീട്ടികാണിച്ച് സത്യപാലും ഈ അവകാശവാദം ആവർത്തിക്കുന്നു. ഡിസംബർ ഇരുപതിനാണ് വെടിയേറ്റത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. രക്തം വാർന്നൊഴുകിയത് മാത്രമാണ് ഓർമ്മയുള്ളത്. ഇങ്ങനെയാണ് സത്യപാൽ ആ സംഭവം ഓർമ്മിക്കുന്നത്. സത്യപാലിനേയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരേയും ആക്രമിച്ചതിന് മുസാഫർനഗറിൽ 200 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതിഷേധക്കാരുടെ കൂട്ടത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പക്ഷെ ഇക്കാര്യത്തിൽ ഇതുവരേയും അന്വേഷണമോ പരിശോധനയോ ഉണ്ടായിട്ടില്ല.

    എന്തുകൊണ്ട് എണ്ണം മാത്രം

    പ്രതിഷേധക്കാരുടെ കല്ലേറിൽ പരിക്കേറ്റ പൊലീസുകാർക്ക് പേരുണ്ട്, നാടുണ്ട്, വീടുണ്ട്. പക്ഷെ പ്രതിഷേധക്കാര്‍ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ പൊലീസുകാർക്ക് ഇതൊന്നുമില്ല! അവരുടെ ഏകദേശ എണ്ണം മാത്രം. പൊലീസ് പുറത്ത് വിട്ട ആ ഏകദേശ കണക്ക് ഇപ്രകാരം. മീററ്റിൽ എട്ടു പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേര്‍ക്ക് പരുക്കുപറ്റിയത് വെടിയേറ്റാണ്. ബിജ്‌നോറിൽ ഇരുപത്തിയൊന്ന് പൊലീസുകാർക്ക് പരിക്കേറ്റതിൽ എട്ടുപേർക്ക് വെടിയേറ്റു. സാമ്പലിൽ പരിക്കേറ്റ പതിനഞ്ച് പൊലീസുകാരിൽ ഒൻപത് പേർക്കാണ് വെടിയേറ്റത്. ഇങ്ങനെ വിരലിലെണ്ണാവുന്ന ചില കണക്കുകളാണ് ഉത്തർപ്രദേശ് പൊലീസ് പുറത്ത് വിടുന്നത്. അപ്പോൾ പോലും ഇവരുടെ മറ്റ് വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറല്ല. അത് എന്ത് കൊണ്ടാണ്? ഉത്തർപ്രദേശിൽ പ്രതിഷേധക്കാർ തോക്ക് ഉപയോഗിച്ച് പൊലീസിനെ നേരിട്ടെങ്കിൽ കേന്ദ്രസർക്കാർ ഇതുവരെ ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണത്.

    പ്രക്ഷോഭങ്ങൾക്ക് അതിർത്തിക്കപ്പുറത്ത് നിന്നുള്ള സഹായം ലഭിക്കുന്നുണ്ടെന്ന് വരെ തെളിയിക്കാൻ ഒരുപക്ഷെ ഇത് സംബന്ധിച്ച അന്വേഷണം സഹായിക്കുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഉത്തർപ്രദേശ് സർക്കാർ ഇതുവരെ ഇക്കാര്യം വിശദമായി അന്വേഷിക്കാത്തത്? കുറഞ്ഞപക്ഷം പൊലീസുകാരുടെ ശരീരത്തിൽ തുളഞ്ഞുകയറിയ വെടിയുണ്ടയെങ്കിലും ഈ വാദത്തിന് തെളിവായി നിരത്താത്തത് എന്തുകൊണ്ടാണ്? പൊലീസുകാരുടെ ശരീരത്തിൽ തുളഞ്ഞു കയറിയ വെടിയുണ്ടകൾ നിരത്താനായില്ലെങ്കിലും അഞ്ഞൂറിലധികം ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകൾ ഉത്തർപ്രദേശ് സർക്കാർ നിരത്തി. അതും നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതാണെന്ന് അവകാശപ്പെട്ട്. ഉപമുഖ്യമന്ത്രി തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഉണ്ടയില്ലാതെ വെടിവയ്ക്കാനും ആളെ കൊല്ലാനും വേണം പ്രത്യേക കഴിവ്. ​

    Also Read- 'ഞങ്ങൾ 80 ശതമാനമുണ്ട്, നിങ്ങൾ വെറും 17%വും; CAA പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി MLA

     
    Published by:Rajesh V
    First published: