ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് ഐ പി എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെക്കുന്ന വാര്‍ത്ത ബി സി സി ഐ പുറത്തുവിട്ടത്. ബി സി സി ഐയുടെ തീരുമാനിത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. രാജ്യം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരമൊരു വിനോദം ഇവിടെ നടത്തുന്നത് ശരിയല്ലെന്ന് ഒരു കൂട്ടര് വാദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് അല്പനേരത്തേക്ക് മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ഉള്ള ഒരു ഉപാധിയായിരുന്നു ഐ പി എല്‍.
തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കെ കെ ആര്- ആര്‍സിബി മല്‍സരം കെകെആര്‍ ടീമിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് മാറ്റിവച്ചിരുന്നു. ഇതോടെ മുഴുവന്‍ മല്‍സരങ്ങളും മുംബൈയിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ബി സി സി ഐ. ഇതിനിടെയാണ് എസ് ആര് എച്ച്, ഡി സി ടീമുകളിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ടൂര്‍ണമെന്റ് നിര്‍ത്തുന്നതായി ബി സി സി ഐ പ്രഖ്യാപിക്കുകയായിരുന്നു. ഐ പി എല്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ കുത്തൊഴുക്കാണ്. വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ ടീമിനെയാണ് ട്രോളന്മാര് പ്രധാനമായും ആക്രമിക്കുന്നത്.
ഐ പി എല്ലിലെ ലിവര്‍പൂളാണ് ബാംഗ്ലൂര്‍ ടീം എന്നാണ് ട്രോളന്മാരുടെ പുതിയ കണ്ടെത്തല്‍. കാരണം മറ്റൊന്നുമല്ല, നേരത്തെ 30 കൊല്ലത്തിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ ലിവര്‍പൂള്‍ എത്തിയപ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കുന്നത്. വമ്പന്‍ താരനിര ഉണ്ടായിട്ടും ഒരു തവണ പോലും ഐ പി എല്‍ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ബാംഗ്ലൂര്‍. വെടിക്കെട്ട് ബാറ്റ്സ്മാന്മാരും അതിനൊത്ത ബൗളിങ് നിരയും ടീമിലുണ്ടെങ്കിലും ഭാഗ്യം ചില സമയങ്ങളില്‍ ബാംഗ്ലൂരിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ് പതിവ്.
എന്നാല്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് കോഹ്ലിയും കൂട്ടരും ടൂര്‍ണമെന്റില്‍ ജൈത്രയാത്ര തുടര്‍ന്നിരുന്നത്. ഗംഭീര തുടക്കമായിരുന്നു ഇത്തവണ ടീമിന് ലഭിച്ചത്. ഒന്നോ രണ്ടോ ബാറ്റ്സ്മാന്മാര് മാത്രം തിളങ്ങിയാല്‍ വമ്പന്‍ സ്കോറിലേക്കെത്തുന്ന ടീം. കൂടാതെ തകര്‍പ്പനടിക്കാരന്‍ മാക്സ്വെലും. ഇത്തവണത്തെ ലേലത്തില്‍ ബാംഗ്ലൂര്‍ സ്വന്തമാക്കിയ മാക്സ്വെല് ഉഗ്രന്‍ ഫോമിലായിരുന്നു. കോഹ്ലി, ഡി വില്ലിയേഴ്സ്, മാക്സ്വെല് എന്ന ബാറ്റിങ് ത്രയത്തിനൊപ്പം സ്റ്റാര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും.
ബൗളിങ്ങിലാകട്ടെ ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ ആര്‍ക്കും എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്രയും ദൂരത്തില്‍ ഒന്നാമനായി ഹര്‍ഷല്‍ പട്ടേല്‍. മികച്ച പിന്തുണയുമായി മുഹമ്മദ് സിറാജ്. എന്നിങ്ങനെ നീളുന്ന താരനിരയുമായി ഏഴ് കളികളില്‍ നിന്നും അഞ്ചു ജയവുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് വിധി ബാംഗ്ലൂരിന് എതിരാകുന്നത്. ഇതുകൊണ്ടെല്ലാം തന്നെ ടൂര്‍ണമെന്റ് സസ്പെന്‍ഡ് ചെയ്തതില്‍ ഏറ്റവും അധികം നിരാശരാകുക ആര് സി ബി ആരാധകര്‍ തന്നെയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.