IPL 2021 | ഇനിയും നൂറ് തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കില്ലെന്ന് സഞ്ജു; ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് മോറിസ്; വിവാദത്തില്‍ പ്രതികരിച്ച് താരങ്ങള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാജസ്ഥാന്‍ റോയല്‍സ്- പഞ്ചാബ് കിങ്ങ്‌സ് മത്സരത്തിലെ അവസാന പന്തുകളിലെ നാടകീയ സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു
ഇന്നലെ നടന്ന ത്രില്ലര്‍ മത്സരത്തില്‍ രാജസ്ഥാന്‍ പൊന്നും വിലക്ക് സ്വന്തമാക്കിയ ക്രിസ് മോറിസിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ ടീം ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ടൂര്‍ണമെന്റിലെ രാജസ്ഥാന്‍ റോയല്‍സ്- പഞ്ചാബ് കിങ്ങ്‌സ് മത്സരത്തിലെ അവസാന പന്തുകളിലെ നാടകീയ സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സിംഗിള്‍ ഓടാന്‍ വിസമ്മതിച്ചിരുന്നു. ഇതില്‍ രണ്ട് വാദങ്ങളാണ് പ്രധാനമായും ചൂടുപിടിച്ചത്. സ്ട്രൈക്ക് മാറിയിരുന്നെങ്കില്‍ രാജസ്ഥാന്‍ കളി ജയിക്കുമായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ മുന്‍ ക്രിക്കറ്റര്‍മാരില്‍ മിക്കവരും സഞ്ജുവിന്റെ തീരുമാനത്തെ പിന്തുണക്കയുകയാണ് ചെയ്തത്.
പഞ്ചാബിനെതിരെ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിനോട് ചോദ്യമുയര്‍ന്നപ്പോള്‍ മോറിസ് തന്റെ ഫിനിഷിങ്ങ് മികവ് ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചെങ്കിലും അന്ന് സിംഗിളെടുക്കാന്‍ വിസമ്മതിച്ച അതേ തീരുമാനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സജ്ഞു വ്യക്തമാക്കി. ഇനിയും 100 തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കില്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
ഇപ്പോള്‍ വിമര്‍ശകര്‍ക്ക് ഇനിയൊരു സംസാരത്തിന് ഇടം നല്‍കാതെ ക്രിസ് മോറിസ് മറുപടി നല്‍കിയിരിക്കുകയാണ്. ''പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ സഞ്ജു അസാമാന്യ ഫോമിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഡബിള്‍ ഓടാനാണ് കരുതിയിരുന്നത്. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. പുറത്താവുകയാണെങ്കിലും എന്റെ വിക്കറ്റ് നഷ്ടമാവട്ടെയെന്ന് കരുതി. കാരണം സഞ്ജു ഒരു സ്വപ്നത്തിലെന്ന പോലെയാണ് കളിച്ചിരുന്നത്. അവസാന പന്ത് അവന്‍ സിക്സ് നേടാതിരുന്നതില്‍ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല. കാരണം വാംഖഡെയില്‍ ഈര്‍പ്പം വലിയ ഘടകമായിരുന്നു.'' മോറിസ് പറഞ്ഞു.
advertisement
''222 വലിയ ലക്ഷ്യമായിരുന്നു. ഞങ്ങള്‍ വിജയത്തിന് അടുത്തെത്തി. ആ മത്സരത്തിന് ശേഷം താരങ്ങളെല്ലാം ആത്മവിശ്വാസത്തിലായിരുന്നു. ഡല്‍ഹി നന്നായി പന്തെറിഞ്ഞു. എന്നാല്‍ ടി20 ക്രിക്കറ്റില്‍ എന്തും സംഭവിക്കും. ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നു.''- മോറിസ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 42 റണ്‍സെന്ന നിലയില്‍ തകര്‍ന്ന് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും ഒത്തുചേര്‍ന്ന് വിജയവഴിയിലെത്തിച്ചത്. 18 പന്തില്‍ നിന്ന് നാലു സിക്സറടക്കം പുറത്താകാതെ 36 റണ്‍സെടുത്ത മോറിസ് രാജസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു. ഈ വര്‍ഷം നടന്ന താരലേലത്തിലാണ് ക്രിസ് മോറിസ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ എത്തുന്നത്. ഐ പി എല്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയായ 16.25 കോടി രൂപക്കാണ് രാജസ്ഥാന്‍ ടീം മോറിസിനെ സ്വന്തമാക്കിയത്.
Location :
First Published :
April 16, 2021 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഇനിയും നൂറ് തവണ കളിച്ചാലും ആ സിംഗിള്‍ എടുക്കില്ലെന്ന് സഞ്ജു; ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് മോറിസ്; വിവാദത്തില്‍ പ്രതികരിച്ച് താരങ്ങള്‍


