IPL 2021 | കൊല്‍ക്കത്തയ്ക്കെതിരെ ഡല്‍ഹിക്ക് 155 റണ്‍സ് വിജയലക്ഷ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഒരു സന്ദര്‍ഭത്തില്‍ ഡല്‍ഹിയുടെ ബൗളിങ്ങിന് മുന്നില്‍ കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും, ആന്‍ഡ്രേ റസലിന്റെയും സംഭാവനകളുടെ മികവിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട നിലയില്‍ എത്തിയത്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 155 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ഇത്രയും സ്‌കോര്‍ നേടിയത്. ഒരു സന്ദര്‍ഭത്തില്‍ ഡല്‍ഹിയുടെ ബൗളിങ്ങിന് മുന്നില്‍ കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും, ആന്‍ഡ്രേ റസലിന്റെയും സംഭാവനകളുടെ മികവിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട നിലയില്‍ എത്തിയത്. അമിത് മിശ്രയുടെ പകരക്കാരനായെത്തിയ ലളിത് യാദവ് ഗംഭീര പ്രകടനം കാഴ്ച വെച്ചു. മൂന്നോവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അക്‌സര്‍ പട്ടേലും ഡല്‍ഹിക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനായില്ല. സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ നിതിഷ് റാണയെ കൂടാരം കയറ്റി. പകരമെത്തിയ രാഹുല്‍ ത്രിപാടി ഗില്ലിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 19 റണ്‍സുമായി ത്രിപാടിയും വീണു. ശേഷമെത്തിയ നായകന്‍ മോര്‍ഗനും, നരേയ്നും കടുത്ത നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഡക്കായാണ് ഇരുവരും പുറത്തായത്. രണ്ട്‌പേര്‍ക്കും ഇത് മോശം സീസണാണ്.
പിന്നീട് സ്‌കോര്‍ 82ല്‍ എത്തിയപ്പോള്‍ ആവേശ് ഖാന്‍ ശുഭ്മാന്‍ ഗില്ലിനെ സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു. 38 പന്തില്‍ 43 റണ്‍സാണ് ഗില്‍ നേടിയത്. ഇതോടെ കെ കെ ആര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയില്‍ വീണു. ദിനേഷ് കാര്‍ത്തിക്കിനും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. റസലിനു തുടക്കത്തില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അവസാന നിമിഷങ്ങളില്‍ ആളിപ്പടരുകയായിരുന്നു. 27 പന്തില്‍ നിന്നും നാല് സിക്‌സറും 2 ബൗണ്ടറികളും സഹിതം 45 റണ്‍സാണ് താരം നേടിയത്.
advertisement
അവസാന മത്സരത്തില്‍ ആര്‍ സി ബിയോട് ഒരു റണ്ണിന്റെ തോല്‍വി വഴങ്ങി നിരാശരായി മടങ്ങിയ പന്തും കൂട്ടരും എതിരാളികളെ ഏത് രീതിയിലും തകര്‍ക്കാന്‍ കച്ചകെട്ടിയാകും ഇന്ന് ഇറങ്ങുക. തകര്‍പ്പന്‍ ബാറ്റിങ് നിര തന്നെയാണ് ഡല്‍ഹിയുടെ പ്രധാന ശക്തി. ഓപ്പണര്‍മാരായ ധവാനും, പൃഥ്വി ഷായും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്. നായകന്‍ പന്തും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. അവസാന മത്സരത്തിലൂടെ വമ്പനടിക്കാരന്‍ ഷിംറോണ്‍ ഹെട്‌മെയറും ഫോമിലെത്തിയിട്ടുണ്ട്.
മറുഭാഗത്ത് തുടര്‍ തോല്‍വികള്‍ മറികടന്ന് അവസാന മത്സരത്തില്‍ പഞ്ചാബിനെ തരിപ്പണമാക്കി കളഞ്ഞ ബൗളിങ് കരുത്തിന്റെ ആത്മവിശ്വാസവും പേറിയാണ് മോര്‍ഗനും കൂട്ടരും ഇന്നിറങ്ങുക. ഇരു ടീമുകളും 27 മത്സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ 12 മത്സരങ്ങളില്‍ ഡല്‍ഹിയും 14 എണ്ണത്തില്‍ കൊല്‍ക്കത്തയും ജയിച്ചിട്ടുണ്ട്. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. കൊല്‍ക്കത്തയ്ക്കെതിരേ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ജയം ഡല്‍ഹിക്കായിരുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോഴും ജയസാധ്യത കൂടുതല്‍ ഡല്‍ഹിക്കാണ്.
Location :
First Published :
April 29, 2021 9:39 PM IST



